ഹൃദയാഘാതത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് തലമുടി നരച്ച ഒരു അൻപതുകാരന്റെയോ അറുപതുകാരന്റെയോ ചിത്രമാകാം. എന്നാൽ ഇന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളിലേക്ക് ഹൃദയാഘാതവുമായി എത്തുന്നവരിൽ ഏറിയപങ്കും ചെറുപ്പക്കാരാണ് എന്നതാണ് സത്യം. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ജീവിതം തുടങ്ങുന്ന പ്രായത്തിൽ ഹൃദയം പെട്ടെന്നൊരു നിമിഷം നിശ്ചലമാകുന്ന ദാരുണമായ കാഴ്ചകൾ ഇന്ന് നിത്യേന കാണുന്ന കഠിനമായ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു.

To advertise here,

ഇന്ത്യൻ കൊറോണറി ആർട്ടറി ഡിസീസ് രജിസ്ട്രിയുടെ സമീപകാല പഠനറിപ്പോർട്ടുകൾ പരിശോധിച്ചാൽ ഒരുകാലത്ത് വാർദ്ധക്യസഹജമായ രോഗമായി കണക്കാക്കിയിരുന്ന ഹൃദയാഘാതത്തിന്റെ ശരാശരി പ്രായപരിധി ആശങ്കാജനകമായ രീതിയിൽ താഴ്ന്നിട്ടുണ്ടെന്ന് വ്യക്തമാകും. ഇന്ന് ഹൃദ്രോഗം നേരിടുന്നവരിൽ ഗണ്യമായൊരു ഭാഗവും 28-നും 38-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. ലളിതമായി പറഞ്ഞാൽ മുപ്പതുകൾ എന്നത് പുതിയ അൻപതുകളായി മാറിയിരിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണരീതികൾ, ഉയർന്ന പ്രമേഹനിരക്ക്, വില്ലനാകുന്ന മാനസികസമ്മർദ്ദം എന്നിവ സമന്വയിക്കുമ്പോൾ ഈ അപകടസാധ്യത നമ്മിൽ ഓരോരുത്തരുടെയും വാതിൽപ്പടിയിൽ എത്തിനിൽക്കുന്നു. എന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ ഹൃദയാഘാത നിരക്ക് ഇത്രത്തോളം ഉയരുന്നത്? ഈ നിശ്ശബ്ദ വില്ലനെ തിരിച്ചറിയാനും പ്രതിരോധിക്കാനും നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്?

അവഗണിക്കരുത് ഈ മുന്നറിയിപ്പുകൾ: അസിഡിറ്റിയോ അതോ ഹൃദയാഘാതമോ?

ചെറുപ്പക്കാരിൽ ഹൃദയാഘാത ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തങ്ങൾക്ക് ഹൃദ്രോഗം വരാൻ സാധ്യതയില്ലെന്ന തെറ്റിദ്ധാരണയിൽ പലരും അത് വെറും അസിഡിറ്റിയോ, ഗ്യാസിന്റെ അസ്വസ്ഥതയോ അല്ലെങ്കിൽ പേശീവേദനയോ ആണെന്ന് കരുതി അവഗണിക്കാറാണ് പതിവ്. ഈ ആത്മവിശ്വാസം കാരണം രോഗലക്ഷണങ്ങൾ ആരംഭിച്ച് ആശുപത്രിയിലെത്തിക്കാൻ ശരാശരി 6 മുതൽ 10 മണിക്കൂർ വരെ വൈകുന്നത് ജീവനുതന്നെ ഭീഷണിയാകുന്നു. 'ഗോൾഡൻ അവർ' എന്ന് വിളിക്കുന്ന ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നത് ഹൃദയപേശികളുടെ നാശം തടയുന്നതിൽ നിർണായകമാണ്. അടിയന്തര വൈദ്യസഹായം തേടേണ്ട പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

>> നെഞ്ചിന്റെ നടുവിലായി കനത്ത ഭാരം കയറ്റിവെച്ചതുപോലെയുള്ള അനുഭവമോ, വിങ്ങലോ, കടുത്ത സമ്മർദ്ദമോ അനുഭവപ്പെടുക.

>> നെഞ്ചിൽ നിന്ന് തുടങ്ങുന്ന വേദന ഇടതുകൈ, കഴുത്ത്, താടി, തോൾ അല്ലെങ്കിൽ മുതുക് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുക.

>> കഠിനമായ തളർച്ചയും വിയർപ്പും. എസി മുറിയിലോ തണുപ്പുള്ള അന്തരീക്ഷത്തിലോ ഇരിക്കുമ്പോൾ പോലും അമിതമായി തണുത്ത വിയർപ്പ് പൊടിയുന്നതും പെട്ടെന്നുണ്ടാകുന്ന ശാരീരിക തളർച്ചയും.

>> ചെറിയ രീതിയിൽ നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ സാധാരണയിൽ കവിഞ്ഞ ശ്വാസംമുട്ടൽ അനുഭവപ്പെടുക.

>> സാധാരണ അസിഡിറ്റി മരുന്നുകൾ കഴിച്ചിട്ടും മാറാത്ത കഠിനമായ നെഞ്ചെരിച്ചിൽ, ഛർദ്ദിൽ അല്ലെങ്കിൽ തലകറക്കം.

ചെറുപ്പക്കാരിൽ ഹൃദ്രോഗം വർദ്ധിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ

ഇന്നത്തെ ചെറുപ്പക്കാരിൽ ഹൃദയധമനികൾ കട്ടിപിടിക്കുന്നതിനും (അതിറോസ്‌ക്‌ളിറോസിസ്) ഹൃദയാഘാത സാദ്ധ്യത ഇരട്ടിയാക്കുന്നതിനും പിന്നിൽ സങ്കീർണ്ണമായ പല കാരണങ്ങളുമുണ്ട്. മാറിയ ജീവിതശൈലിയും ആഹാരക്രമത്തിലെ ഗുരുതരമായ പാകപ്പിഴകളും ശാരീരിക-മാനസിക ഘടകങ്ങളും ഇതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇവിടെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

ഭക്ഷണരീതിയിലെ വില്ലന്മാർ: ശുദ്ധീകരിച്ച മൈദ ഉൽപ്പന്നങ്ങൾ (ഉദാഹരണത്തിന് പറോട്ട), അമിതമായ അളവിലുള്ള വെള്ളച്ചോറും കുത്തരിയും, റെഡ് മീറ്റ് (ആട്ടിറച്ചി, പോത്തിറച്ചി മുതലായവ), വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ എന്നിവയുടെ അമിതോപയോഗം ചെറുപ്പക്കാരിൽ സർവ്വസാധാരണമാണ്. വെളിച്ചെണ്ണയുടെയും നെയ്യുടെയും അനിയന്ത്രിതമായ ഉപയോഗവും ഭാരമേറിയ ട്രാൻസ് ഫാറ്റുകളും (Trans fats) രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയാൻ കാരണമാകുന്നു. അതേസമയം പഴങ്ങളും പച്ചക്കറികളും അടങ്ങിയ നാരുകളുള്ള ഭക്ഷണത്തിന്റെ അളവ് വളരെ കുറവുമാണ്.

ഉയർന്ന പ്രമേഹവും അതെറോജെനിക് ഡിസ്ലിപിഡീമിയയും: കേരളത്തിലെ മുതിർന്ന ജനസംഖ്യയിൽ 15 മുതൽ 20 ശതമാനം വരെ ആളുകൾ പ്രമേഹബാധിതരാണ്. ഇതോടൊപ്പം രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കൂടുകയും, നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ ഗണ്യമായി കുറയുകയും ചെയ്യുന്ന അവസ്ഥയായ 'അതെറോജെനിക് ഡിസ്ലിപിഡീമിയ' ചെറുപ്പക്കാരിൽ രക്തധമനികളുടെ ഭിത്തികളെ ദ്രുതഗതിയിൽ കട്ടിപിടിപ്പിക്കുന്നു.

>> മറ്റ് ജീവിതശൈലീ കാരണങ്ങൾ: പുകവലി, ഇ-സിഗരറ്റ് ഉപയോഗം, ശാരീരിക അധ്വാനമില്ലായ്മ, അമിതമായ ജോലിഭാരം തുടങ്ങിയുള്ള മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ എന്നിവ രക്തസമ്മർദ്ദം ഉയർത്തുകയും ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു.

നാൽപ്പതുകൾ വരെ കാത്തിരിക്കരുത്: ജീവൻ രക്ഷിക്കാൻ നേരത്തെയുള്ള പരിശോധനകൾ അനിവാര്യം

ഹൃദ്രോഗവുമായി ബന്ധപ്പെട്ട പരിശോധനകൾ 40 വയസ്സ് കഴിഞ്ഞവർ മാത്രം ചെയ്യേണ്ട ഒന്നാണെന്ന പരമ്പരാഗത ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുറമെ പൂർണ്ണ ആരോഗ്യവാനായി കാണപ്പെടുന്ന സ്ഥിരമായി വ്യായാമം ചെയ്യുന്ന ഒരു യുവാവിന് പോലും രക്തധമനികളിൽ നിശ്ശബ്ദമായി കൊഴുപ്പടിയുന്നുണ്ടാകാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ കാത്തിരിക്കാതെ, 20-25 വയസ്സ് മുതൽ തന്നെ കൃത്യമായ ഇടവേളകളിൽ അടിസ്ഥാന ആരോഗ്യ പരിശോധനകൾ ആരംഭിക്കേണ്ടത് ഇന്നത്തെ മാറിയ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

മുതിർന്നവരിൽ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ പതുക്കെ ദീർഘകാലം കൊണ്ടാണ് രൂപപ്പെടുന്നതെങ്കിൽ ചെറുപ്പക്കാരിൽ പലപ്പോഴും ഇത് സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. രക്തധമനികളുടെ ഭിത്തിയിലുള്ള ചെറിയ കൊഴുപ്പ് പാളികൾ പെട്ടെന്ന് തകരുകയും അവിടെ അതിവേഗം രക്തം കട്ടപിടിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൂർണ്ണമായും തടസ്സപ്പെടുകയുമാണ് ചെയ്യുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നുണ്ടാകുന്ന ഇത്തരം അപകടങ്ങളെ മുൻകൂട്ടി കാണാനും പ്രതിരോധിക്കാനും ചിട്ടയായ മെഡിക്കൽ സ്ക്രീനിംങ്ങിലൂടെ മാത്രമേ സാധിക്കു.

പതിവായുള്ള ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, മൂന്നു മാസത്തെ ശരാശരി പ്രമേഹം കാണിക്കുന്ന എച്ച്.ബി.എ.വൺ.സി (HbA1c) എന്നിവ അടിസ്ഥാനപരമായി ചെയ്യേണ്ടവയാണ്. ഇതിനുപുറമെ ജനിതകമായി ഹൃദ്രോഗ സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാനുള്ള നൂതന പരിശോധനകളും ഇന്ന് ലഭ്യമാണ്. നിങ്ങളുടെ കൊളസ്ട്രോൾ നില സാധാരണമാണെങ്കിൽപ്പോലും രക്തത്തിൽ ലിപ്പോപ്രോട്ടീൻ-എ, അപ്പോ-ബി എന്നിവയുടെ അളവ് കൂടുതലാണെങ്കിൽ അത് ചെറുപ്രായത്തിലുള്ള ഹൃദയാഘാത സാധ്യതയിലേക്ക് വിരൽചൂണ്ടുന്നു. ശ്രദ്ധിക്കുക കുടുംബത്തിൽ ആർക്കെങ്കിലും ചെറിയ പ്രായത്തിൽ ഹൃദയാഘാതം വന്നിട്ടുണ്ടെങ്കിൽ ഈ പരിശോധനകൾ നിർബന്ധമായും ചെയ്തിരിക്കണം.

ഹൃദയാരോഗ്യം വീണ്ടെടുക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

നമ്മുടെ ദൈനംദിന ശീലങ്ങളിൽ വരുത്തുന്ന ചിട്ടയായ മാറ്റങ്ങൾക്ക് ഹൃദയത്തിന്റെ ആയുസ്സ് നിർണ്ണയിക്കുന്നതിൽ വലിയ പങ്കുണ്ട്. അനിയന്ത്രിതമായ തിരക്കുകൾക്കിടയിലും സ്വന്തം ശരീരത്തിനായി അല്പനേരം മാറ്റിവെക്കാൻ നാം തയ്യാറായാൽ, ചെറുപ്പത്തിലെ ഹൃദയാഘാത സാധ്യതകളെ വലിയൊരു അളവുവരെ നമുക്ക് തടയാൻ സാധിക്കും. ഇതിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം:

>> ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക: നമ്മുടെ നാവിനിഷ്ടമുള്ള പല ഭക്ഷണങ്ങളും ഹൃദയത്തിന് അപകടകരമാണ്. നിത്യേനയുള്ള പറോട്ട, അമിതമായ അളവിലുള്ള വെള്ളച്ചോറ് തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക. ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ മാംസാഹാരങ്ങൾ, ട്രാൻസ് ഫാറ്റ് (Trans fat) അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. പകരം, ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, ഫൈബർ (നാരുകൾ) ധാരാളമടങ്ങിയ തവിടുള്ള ധാന്യങ്ങൾ, ഓട്സ് എന്നിവ ഉൾപ്പെടുത്തുക.

>> വ്യായാമം ദിനചര്യയിൽ ഉൾപെടുത്തുക: ശരീരത്തിന് അനക്കമില്ലാത്ത അവസ്ഥ (Sedentary lifestyle) ഹൃദ്രോഗത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ നിരക്കിലുള്ള വ്യായാമം ചെയ്യുക എന്നത് നിർബന്ധമാക്കുക (ദിവസവും 30 മിനിറ്റ് വീതം ആഴ്ചയിൽ അഞ്ചു ദിവസം). വേഗത്തിലുള്ള നടത്തം (Brisk walking), നീന്തൽ, സൈക്ലിങ്, ജോഗിങ് എന്നിവ മികച്ച വ്യായാമങ്ങളാണ്. എന്നാൽ ജിമ്മിൽ പോയി പെട്ടെന്ന് കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് ഒരു ഡോക്ടറെ കണ്ട് ഹൃദയത്തിന്റെ ക്ഷമത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

>> ലഹരി ഉപയോഗം ഉപേക്ഷിക്കുക: പുകവലിയും ഇന്നത്തെ തലമുറയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന ഇ-സിഗരറ്റ് (Vaping) ഉപയോഗവും രക്തക്കുഴലുകളെ പെട്ടെന്ന് ചുരുക്കുകയും അവയുടെ ഉൾപ്പാളിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കും. അതിനാൽ എല്ലാവിധത്തിലുമുള്ള പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക.

>> ഉറക്കവും മാനസികാരോഗ്യവും: ജോലിസ്ഥലത്തെ അമിത സമ്മർദ്ദവും ഉറക്കമില്ലായ്മയും ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ (Cortisol) അളവ് കൂട്ടുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും രാത്രി 7 മുതൽ 8 മണിക്കൂർ വരെ തടസ്സങ്ങളില്ലാത്ത സുഖകരമായ ഉറക്കം ഉറപ്പാക്കുക. യോഗ, ധ്യാനം (Meditation), സംഗീതം കേൾക്കൽ എന്നിവയിലൂടെ മാനസികസമ്മർദ്ദം ഫലപ്രദമായി കുറയ്ക്കാൻ ശ്രമിക്കുക.

>> രോഗലക്ഷണങ്ങൾ അവഗണിക്കരുത്: നെഞ്ചിലോ പുറത്തോ തോന്നുന്ന അസാധാരണമായ വേദന, അമിതമായ വിയർപ്പ്, കിതപ്പ് തുടങ്ങിയ ലക്ഷണങ്ങളെ വെറും 'ഗ്യാസ്' ആണെന്ന് കരുതി തള്ളിക്കളയരുത്. ശരീരത്തിന്റെ ഇത്തരം ആദ്യത്തെ ആപൽസൂചനകളിൽ തന്നെ, ഒട്ടും വൈകാതെ വിദഗ്ദ്ധ ചികിത്സ തേടുക. ആദ്യത്തെ ഒരു മണിക്കൂർ (Golden Hour) ജീവൻ രക്ഷിക്കുന്നതിൽ അത്യന്തം നിർണ്ണായകമാണ്.

 

(കോട്ടയ്ക്കൽ ആസ്റ്റർ മിംസ് കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റാണ് ലേഖകൻ)