മണിക്കൂറുകളോളമുള്ള ഇരിപ്പ് പുകവലിക്ക് സമാനമാണെന്ന് പറയാറുണ്ട്. പല ജീവിതശൈലി രോഗങ്ങൾക്കും പിന്നിൽ ദീർഘസമയം ഇരിക്കുന്നതുൾപ്പെടെയുള്ള ഉദാസീനമായ ജീവിതരീതിക്ക് വലിയ പങ്കാണുള്ളത്. ഇടവേളകളില്ലാതെ ദീർഘസമയം ഒരേ ഇരിപ്പിരിക്കുന്നത് കാലുകൾക്കും ഹൃദയത്തിനും രക്തക്കുഴലുകൾക്കുമൊക്കെ തകരാറുണ്ടാക്കും. ഇതിനെ മറികടക്കാനുള്ള ഒരു വഴി പങ്കുവെക്കുകയാണ് ഡോ. സുമിത് കപാഡിയ എന്ന വാസ്കുലാർ സർജൻ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുമിത് ഇതേക്കുറിച്ച് പങ്കുവെക്കുന്നത്. ഒരേ ഇരിപ്പിരിക്കുകയും ഓരോ മണിക്കൂറിലും എഴുന്നേൽക്കാനോ നടക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്നവർക്കു വേണ്ടി ചെറിയൊരു വ്യായാമമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ദീർഘസമയം ഇരിക്കുന്നത് കാലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തും, അതോടെ അനുബന്ധ ആരോഗ്യപ്രശ്നങ്ങളും തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു.
വീക്കം, വെരിക്കോസ് വെയ്ൻ, രക്തപ്രവാഹം തടസ്സപ്പെടുക, രക്തം കട്ടപിടിക്കുക പോലുള്ള സാഹചര്യങ്ങൾക്ക് ഒരേ ഇരിപ്പ് കാരണമാകാമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി ഓരോ മണിക്കൂർ കൂടുമ്പോഴും കണങ്കാൽ മുകളിലേക്കും താഴേക്കും എന്നനിലയിൽ ഇരുപത്- മുപ്പതു തവണ ചലിപ്പിക്കുക. ഇതിലൂടെ കണങ്കാൽ പേശികൾ കരുത്താർജിക്കുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം കാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. വെറും മുപ്പതു സെക്കന്റ് മാത്രമേ ഈ വ്യായാമത്തിനായി വേണ്ടിവരികയുള്ളൂ എന്നും ഫലം വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദിവസവും ഇത്തരത്തിൽ കണങ്കാൽ വ്യായാമം ചെയ്യുന്നതിലൂടെ രക്തപ്രവാഹം കൂട്ടാനും വീക്കം കുറയ്ക്കാനും രക്തം കട്ടപിടിക്കാനുള്ള സാഹചര്യം കുറയ്ക്കാനുമൊക്കെ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മണിക്കൂറുകളോളം ഇരിക്കുന്നവർ നടക്കുന്നതാണ് ഏറ്റവും മാതൃകാപരമെന്നും എന്നാൽ അതിന് സമയമില്ലാത്തവർ ഈ വ്യായാമമെങ്കിലും ചെയ്തിരിക്കണമെന്നും ഡോ. സുമിത് കൂട്ടിച്ചേർക്കുന്നു.
ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ കാലുകൾ ദുർബലമാവുക, അമിതവണ്ണം, പുറംവേദന, ഉത്കണ്ഠ, വിഷാദരോഗം, അർബുദം
ഹൃദ്രോഗം, പ്രമേഹം, വെരിക്കോസ് വെയിൻ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇരുന്നു ജോലി ചെയ്യുന്നവർ ചിലകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്:
- ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
- കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
- കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം.
- കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
- പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചെരിക്കുക.
- കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.
Content Highlights: Prolonged sitting mimics the health risks of smoking., Lack of movement causes poor circulation, swelling, and blood clots., A 30-second ankle movement exercise can significantly boost blood flow.
Published: 28 Apr 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented