ഡോക്ടർമാരും ആശുപത്രികളും മറ്റ് വൈദ്യശാസ്ത്ര സ്ഥാപനങ്ങളും തങ്ങളുടെ സേവനങ്ങൾ പരസ്യപ്പെടുത്തുന്നതും പ്രൊമോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി). ഇതുപ്രകാരം ഓൺലൈനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും സേവനങ്ങൾ പരസ്യപ്പെടുത്തുന്നതിൽ നിബന്ധനകളുണ്ട്. രോഗികൾ, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, തൊഴിലാളികൾ, തേർഡ് പാർട്ടികൾ എന്നിവ ഉപയോഗിച്ച് വൈദ്യസേവനങ്ങൾ പ്രൊമോട്ട് ചെയ്യുന്നത് ഇനി സാധ്യമല്ല.

To advertise here,

പ്രശംസകളോ, റിവ്യൂകളോ സെലിബ്രിറ്റികളോട് ആവശ്യപ്പെടാനോ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കാനോ പാടില്ല. തെറ്റിദ്ധരിപ്പിക്കുന്നതരത്തിലുള്ള അവകാശവാദങ്ങൾക്കും വിലക്കുണ്ട്. വസ്തുനിഷ്ഠമാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തപക്ഷം നമ്പർ 1 ഡോക്ടർ, ഏറ്റവും മികച്ച സ്പെഷ്യലിസ്റ്റ്, പ്രമുഖ ഡോക്ടർ, 100% വിജയം, രോഗശാന്തി ഉറപ്പ്, അത്ഭുതചികിത്സ, തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

പരസ്യങ്ങൾ പങ്കുവെക്കുന്നതിനും വിലക്കുണ്ട്. തങ്ങളുടെ വ്യക്തിഗത നേട്ടങ്ങളേക്കുറിച്ചോ, ചികിത്സിച്ച രോഗികളുടെ എണ്ണമോ പരസ്യാവശ്യങ്ങൾക്കായി ഉപയോഗിക്കരുത്. ഡോക്ടർമാരും ആശുപത്രികളും പ്രൊഫഷണൽ നിലവാരത്തെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുന്ന രീതിയിൽ വ്യാജമായി ഫോളോവേഴ്സ്, ലൈക്കുകൾ, വ്യൂസ്, കമന്റുകൾ, റിവ്യൂകൾ, റേറ്റിങ്ങുകൾ തുടങ്ങിയവയിൽ കൃത്രിമത്വം കാണിക്കരുത്.

പ്രൊമോഷണൽ ആവശ്യങ്ങൾക്കായി ഡോക്ടർമാരും ആശുപത്രികളും ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ശാസ്ത്രീയാടിത്തറ ഇല്ലാത്ത, സുരക്ഷയോ ഫലപ്രാപ്തിയോ സ്ഥിരീകരിക്കപ്പെടാത്ത ചികിത്സകളുടെ പ്രൊമോഷൻ, രോഗികളെ ആകർഷിക്കുന്നതിനോ അനാവശ്യ ചികിത്സകളെ പ്രോത്സാഹിപ്പിക്കുന്നതിനോ ഇടയാക്കുന്ന തരത്തിലുള്ള കിഴിവുകൾ (discounts), കൂപ്പണുകൾ, ക്യാഷ്ബാക്കുകൾ, സമ്മാനങ്ങൾ, റഫറൽ ആനുകൂല്യങ്ങൾ തുടങ്ങിയ പ്രൊമോഷണൽ ഓഫറുകൾ എന്നിവയ്ക്കും വിലക്കുണ്ട്, ഇതിനൊപ്പം മെഡിക്കൽ സേവനങ്ങളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കമ്മീഷനുകൾ, റിബേറ്റുകൾ, റഫറൽ ഫീസുകൾ, ബോണസുകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഡോക്ടർമാർ വാഗ്ദാനം ചെയ്യുന്നതോ സ്വീകരിക്കുന്നതോ നിരോധിച്ചിട്ടുണ്ട്.

ആരോഗ്യ അവബോധ വിവരങ്ങൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങൾ, അക്കാദമിക് ചർച്ചകൾ, സർക്കാർ ആരോഗ്യ കാമ്പെയ്‌നുകൾ എന്നിവ ഡോക്ടർമാർക്ക് പങ്കുവെക്കാം. എന്നാൽ അവയുടെ ഉള്ളടക്കം വസ്തുനിഷ്ഠവും കൃത്യവും സുതാര്യവുമായിരിക്കണം. പുതിയ സ്ഥലത്ത് പ്രാക്ടീസ് ആരംഭിക്കുക, ക്ലിനിക്കിന്റെ വിലാസം മാറ്റുക, പ്രാക്ടീസിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുക, പ്രാക്ടീസ് പുനരാരംഭിക്കുക തുടങ്ങിയ ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ പങ്കുവെക്കുന്നതിനും വിലക്കില്ല. ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള വസ്തുപരമായ വിവരങ്ങൾ നൽകുന്നതിനും തെറ്റില്ല.

ഡോക്ടർമാരും ആശുപത്രികളും മേൽപ്പറഞ്ഞ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിന്റെ സ്വഭാവമനുസരിച്ചാണ് ശിക്ഷയുണ്ടാവുക. അതിനനുസരിച്ച് ശകാരം, തിരുത്തൽ നടപടി, രജിസ്ട്രേഷൻ നിയന്ത്രിക്കുക, സസ്പെൻഡ് ചെയ്യുക തുടങ്ങിയവ നേരിട്ടേക്കാം.