കോഴിക്കോട്: സംസ്ഥാനത്ത് ഏകദേശം അപ്രത്യക്ഷമായെന്നു കരുതിയിരുന്ന അഞ്ചാംപനിയിൽ കേരളം പൊള്ളുന്നു. കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നത്. ഈ വർഷം രോഗലക്ഷണങ്ങളോടെ ചികിത്സതേടിയ 1099 പേരിൽ ഇതുവരെ 538 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുകുട്ടികൾ മലപ്പുറത്തും ഒരുകുട്ടി കോഴിക്കോട്ടും മരിച്ചു.

To advertise here,

ഈമാസം എട്ടുവരെ ലക്ഷണങ്ങളോടെ ചികിത്സതേടിയ 263 പേരിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇനിയും ഫലം വരാനുണ്ട്. ഒക്ടോബർ എട്ടിനുമാത്രം ലക്ഷണങ്ങളോടെ എത്തിയ 29 എട്ടുപേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇത്തവണ മലപ്പുറത്താണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് 152 പേർക്കും കോഴിക്കോട്ട് 137 പേർക്കും ഈവർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചു.

മറ്റ് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികൾക്കുപുറമേ മുതിർന്നവരെയും പ്രായംചെന്നവരെയും ബാധിക്കുന്നുണ്ട്. മീസിൽസ് വൈറസുമൂലം ഉണ്ടാകുന്ന ഈ രോഗം വായുവിലൂടെ അതിവേഗം പകരും. നാലുദിവസം കഠിനമായ പനിയും അഞ്ചാംദിവസം ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും കണ്ടുതുടങ്ങുന്നതാണ് അഞ്ചാംപനിയെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് പീഡിയാട്രിക് വിഭാഗം മുൻമേധാവി ഡോ. സുധാ കൃഷ്ണനുണ്ണി പറഞ്ഞു. മുഖത്തും ചെവിക്ക് പിന്നിലും വരുന്ന ചുവന്നപാടുകൾ ശരീരം മുഴുവൻ വ്യാപിക്കും. വായിലും വയറിലും പുണ്ണുവരാനും സാധ്യതയുണ്ട്. സങ്കീർണമായി ന്യൂമോണിയ, എൻസഫലൈറ്റിസ് എന്നിവയിലേക്കെത്താനുള്ള സാധ്യതയുമുണ്ട്.

പ്രത്യേക ആന്റിവൈറൽ ചികിത്സയില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്നുകളും സങ്കീർണതകൾ തടയാൻ വിറ്റാമിൻ എ സപ്ലിമെന്റുകൾ നൽകുകയുമാണ് പതിവ്.

മലപ്പുറത്ത് രോഗം റിപ്പോർട്ട് ചെയ്തതെല്ലാം വാക്സിൻ എടുക്കാത്ത ബ്ലോക്കുകളിലാണെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും സംസ്ഥാന സർവയലൻസ് ഓഫീസറുമായ ഡോ. കെ.പി. റീത്ത പറഞ്ഞു. കോഴിക്കോട്ടും രോഗം വന്നവരിൽ പലരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്.

2011 മുതലുള്ള കണക്കുപ്രകാരം 2021-ലും 2023-ലും മാത്രമാണ് മുൻപ്‌ അഞ്ചാംപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കുത്തിവെപ്പിലൂടെ അകറ്റാം

മീസൽസ് ആൻഡ് റുബെല്ല പ്രതിരോധകുത്തിവെപ്പ് (എം.ആർ. വാക്സിൻ) രണ്ട് ഡോസ് എടുക്കുന്നതിലൂടെ രോഗം പൂർണമായും തടയാമെന്ന് വിദഗ്‌ധർ പറയുന്നു. ഒൻപതാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസും 16-ാം മാസം കഴിഞ്ഞാൽ രണ്ടാം ഡോസും എടുക്കണം. ഏതെങ്കിലും ഡോസ് എടുക്കാത്തവർക്ക് അഞ്ചു വയസ്സുവരെ വാക്സിനെടുക്കാം.