ശരീരത്തിന്റെ പല ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നുവെന്നു നിരന്തരം പരാതിപ്പെടുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? എങ്കിൽ അതിനെ നിസ്സാരമായി തള്ളിക്കളയരുതെന്നും അതിനുപിന്നിൽ ഒരു ശാസ്ത്രീയമായ കാരണമുണ്ടെന്നും പങ്കുവെക്കുകയാണ് പുതിയൊരു പഠനം.

To advertise here,

നേച്ചർ മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ വേദന പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും പഠനം പറയുന്നു.

118 രാജ്യങ്ങളിലായി അറുപതുലക്ഷത്തിലധികം ആളുകളിൽ നിന്ന് ശേഖരിച്ച ഡേറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. തല, മുഖം, കഴുത്ത്, പുറം, വയർ, ഇടുപ്പ്, കാൽമുട്ട് എന്നിവയുൾപ്പെടെയുള്ള 11 ശരീരഭാഗങ്ങളിലും പുരുഷന്മാരേക്കാൾ ഉയർന്ന അളവിലുള്ള വേദന സ്ത്രീകൾ റിപ്പോർട്ട് ചെയ്തതായി പഠനം പറയുന്നു. തലവേദന, മുഖത്തെ വേദന, ഉദരവേദന എന്നിവയും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലായിരുന്നു. മുഖത്തെ വേദന 83 ശതമാനം കൂടുതലും തലവേദന 74 ശതമാനത്തിൽ കൂടുതലും വയറുവേദന 60 ശതമാനത്തിലേറെയും പുരുഷന്മാരേക്കാൾ സ്ത്രീകൾ അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തു.

വാർധക്യത്തേക്കാൾ മധ്യവയസ്സിലാണ് വേദന ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നതെന്നും പഠനത്തിലുണ്ട്. മിക്ക ശരീരഭാഗങ്ങളിലും 55 വയസ്സിന് മുമ്പ് വേദന അതിവേഗം വർധിക്കുകയും മധ്യവയസ്സിൽ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുകയും ചെയ്യുന്നതായി പഠനം കണ്ടെത്തി. ആഗോളതലത്തിൽ ഏറ്റവും കുറവ് കാണപ്പെട്ടത് മുഖത്തെ വേദനയാണ്, ഏറ്റവും സാധാരണമായി കണ്ടത് നടുവേദനയും. അമിതവണ്ണം സന്ധിവേദന വർധിപ്പിക്കും എന്നത് നേരത്തേ പല പഠനങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ അമിതവണ്ണം പാദങ്ങളിലെയും കണങ്കാലിലെയും കാൽമുട്ടുകളിലെയും വേദനയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്നും ഗവേഷകർ പറയുന്നു.

ഹോർമോൺ വ്യത്യാസങ്ങളും ശാരീരിക പ്രകൃതിയുമൊക്കെ സ്ത്രീകളിൽ വേദന കൂടാനുള്ള കാരണമായി ഗവേഷകർ കരുതുന്നു. സ്ത്രീകളിൽ

ഈസ്ട്രജന്റെ അളവ് ഉയർന്നുനിൽക്കുമ്പോൾ വേദനയ്‌ക്കെതിരെ ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കും. എന്നാൽ ആർത്തവത്തിന് തൊട്ടുമുമ്പോ, അണ്ഡോത്പാദന സമയത്തോ ആർത്തവവിരാമത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിലോ അതിന്റെ അളവ് പെട്ടെന്ന് കുറയുമ്പോൾ കടുത്ത നീർക്കെട്ടിന് കാരണമാവുകയും ഇത് വേദന കൂടാനിട വരുത്തുകയും ചെയ്യും. എൻഡോമെട്രിയോസിസ്, അഡിനോമിയോസിസ്, കടുത്ത ആർത്തവ വേദന തുടങ്ങിയ അവസ്ഥകളും സ്ത്രീകൾ നേരിടുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐ.ബി.എസ്, ഫൈബ്രോമയാൾജിയ (ശരീരത്തിലാകമാനമുള്ള പേശി-അസ്ഥി വേദന), റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. സ്വാഭാവികമായി വേദന ശമിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്മാരിൽ എപ്പോഴും ഉയർന്നതായിരിക്കുന്നതിനാൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ വേദന കുറവായിരിക്കുമെന്നും ഗവേഷകർ വിലയിരുത്തുന്നു.