സ്തനാർബുദത്തോടുള്ള പോരാട്ടത്തേക്കുറിച്ച് നിരന്തരം പങ്കുവെക്കുന്നയാളാണ് ബോളിവുഡ് നടി രാജശ്രീ ദേശ്പാണ്ഡെ. ഇപ്പോഴിതാ സർജറിക്കുശേഷം പാടുകൾ അവശേഷിച്ച ചിത്രങ്ങൾ പങ്കുവെച്ച് അവയെല്ലാം തന്റെ കാൻസർ പോരാട്ടത്തിന്റെ ഓർമപ്പെടുത്തലുകളാണെന്ന് കുറിക്കുകയാണ് രാജശ്രീ.
സാമൂഹികമാധ്യമത്തിലൂടെയാണ് രാജശ്രീ രോഗത്തെ അതിജീവിക്കുന്നതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. എന്റെ മുറിപ്പാടുകൾ എന്റെ അതിജീവനകഥ പറയുന്നു എന്ന ആമുഖത്തോടെയാണ് രാജശ്രീ കുറിപ്പ് ആരംഭിക്കുന്നത്. ഓരോ മുറിപ്പാടുകളും തന്റെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കീഴടക്കലിന്റെയും ഓർമപ്പെടുത്തലുകളാണ്.
സ്തനാർബുദം പാടുകൾ അവശേഷിപ്പിക്കും, പക്ഷേ, അതിന് എന്റെ ആത്മാവിനെ തൊടാനാവില്ല. ഓരോ സ്ത്രീകളും സുന്ദരികളാണെന്നും ഇത്തരം പാടുകൾ അവരുടെ ധീരതയുടെ അടയാളമാണെന്നും രാജശ്രീ കുറിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ മാസമാണ് രാജശ്രീ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. ഗ്രേഡ് 1 സ്തനാർബുദത്തിന് ശസ്ത്രക്രിയ ചെയ്തതിനേക്കുറിച്ച് നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഒടുവിൽ തനിക്ക് ഇൻഫിൽട്രേറ്റിങ് ഡക്റ്റൽ കാർസിനോമ എന്ന സ്തനാർബുദം സ്ഥിരീകരിച്ചുവെന്ന് മാതാപിതാക്കളോട് പറയാൻ ധൈര്യം ലഭിച്ചുവെന്നാണ് രോഗവിവരം പങ്കുവെച്ച് രാജശ്രീ കുറിച്ചത്.
ചികിത്സയെ പലപ്പോഴും ഷൂട്ടിങ് സെറ്റുകളുമായി ബന്ധപ്പെടുത്തിയുള്ള രാജശ്രീയുടെ കുറിപ്പും ശ്രദ്ധനേടിയിരുന്നു. ഉയർന്ന തീവ്രതയുള്ള റേഡിയേഷൻ സെഷനുകൾക്കിടെ റേഡിയേഷൻ ലൈറ്റ് കാണുമ്പോൾ താൻ സ്വയം അതിനെ ഷൂട്ടിങ്ങുമായി ബന്ധപ്പെടുത്തുമെന്നും മികച്ചൊരു സ്ക്രിപ്റ്റിനുവേണ്ടി എന്റെ മികച്ച സംവിധായകനും ക്രൂവിനുമൊപ്പം ഏറ്റവുമിഷ്ടപ്പെട്ട വേഷം ചെയ്യുകയാണെന്ന് കരുതുമെന്നുമാണ് രാജശ്രീ പറഞ്ഞത്.
സ്തനാർബുദത്തിൽ ഏറ്റവും സാധാരണമായ കണ്ടുവരുന്നതാണ് ഇൻഫിൽട്രേറ്റിംഗ് (അല്ലെങ്കിൽ ഇൻവേസീവ്) ഡക്റ്റൽ കാർസിനോമ (IDC) . രോഗനിർണ്ണയങ്ങളിൽ 80% വരെ ഐഡിസിയാണ് സ്ഥിരീകരിക്കാറുള്ളത്. ഇത് മുലപ്പാൽ നാളികളിൽ (milk ducts) ആരംഭിച്ച് ചുറ്റുപാടുമുള്ള ടിഷ്യൂകളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുക. സ്തനത്തിൽ മുഴ, നിപ്പിളിലെ മാറ്റങ്ങൾ, വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളായാണ് പൊതുവേ പ്രത്യക്ഷപ്പെടാറുള്ളത്.
സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽനിന്നു വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
മുഴയിൽ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.
ചികിത്സ
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: Rajshree Deshpande’s Inspiring Fight Against Breast Cancer
Published: 02 May 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented