ഇക്കഴിഞ്ഞ ആഴ്ചയാണ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്. വലതു ശ്വാസകോശത്തിലെ അർബുദ മുഴ നീക്കം ചെയ്തതെന്ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. ഇപ്പോഴിതാ മാർപ്പാപ്പയ്ക്ക് തുടർചികിത്സ ആവശ്യമില്ലെന്നു സ്ഥിരീകരിച്ചിരിക്കുകയാണ് ഡോക്ടർമാർ. അദ്ദേഹത്തിന് സ്ഥിരീകരിച്ച ശ്വാസകോശ അർബുദം വ്യാപിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർചികിത്സ വേണ്ടെന്ന് വ്യക്തമാക്കിയത്.
പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദമോ? അറിയാം പുതിയ ചികിത്സാരീതികളും ലക്ഷണങ്ങളും
ശ്വാസകോശാർബുദ കേസുകളിൽ സാധാരണയായി സ്ഥിരീകരിക്കപ്പെടാറുള്ള അഡിനോകാർസിനോമയാണ് മാർപ്പാപ്പയ്ക്ക് സ്ഥിരീകരിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലുദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഉപ്പോൾ മാർപ്പാപ്പയുടെ പേഴ്സണൽ ഫിസിഷ്യനായ ഡോ. ലുയിജി കാർബോണും സർജനായ ഡോ. സ്റ്റെഫാനോ മാർഗരിറ്റോറയും ആരോഗ്യവിവരം പുറത്തുവിട്ടത്.
ശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത ടിഷ്യുവിൽ നടത്തിയ പരിശോധനകളിൽ രോഗനിർണ്ണയം സ്ഥിരീകരിച്ചുവെന്നും അർബുദം പടർന്നിട്ടില്ലെന്ന് വ്യക്തമായെന്നും പ്രസ്താവനയിൽ പറയുന്നു. തുടർന്നുള്ള ഓങ്കോളജി വിലയിരുത്തലിലാണ് കൂടുതൽ ചികിത്സ ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്.
ഉദര പരിശോധനകൾക്കിടയിലാണ് നോഡ്യൂൾ യാദൃശ്ചികമായി കണ്ടെത്തിയതെന്നും മാർപ്പാപ്പയ്ക്ക് യാതൊരു ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും മാർഗരിറ്റോറ പറഞ്ഞു.
കാൻസർ പൂർണ്ണമായി നീക്കം ചെയ്തു എന്ന് ഉറപ്പാക്കാൻ മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ വലതുഭാഗത്തെ താഴത്തെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ലിംഫ് നോഡുകളിലേക്കും മറ്റും രോഗം വ്യാപിച്ച രോഗികളിലാണ് തുടർചികിത്സയുടെ ആവശ്യം വരാറുള്ളത്. നേരത്തേ ട്യൂമർ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ സർജറി മാത്രം മതിയാവും.
ഞായറാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് മെഡിക്കൽ പരിശോധനയ്ക്കിടെ ഡോക്ടർമാർ ശ്വാസകോശത്തിൽ ഒരു മുഴ കണ്ടെത്തിയിട്ടുണ്ടെന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ജനക്കൂട്ടത്തോട് മാർപ്പാപ്പ അപ്രതീക്ഷിതമായി പറഞ്ഞത്. പതിവ് ആരോഗ്യ പരിശോധനകൾക്കിടയിലാണ് മുഴ കണ്ടെത്തിയതെന്നും മറ്റ് ലക്ഷണങ്ങൾ ഒന്നും പ്രകടമായിരുന്നില്ലെന്നും വത്തിക്കാൻ വക്താവ് പറഞ്ഞിരുന്നു.
എന്തുകൊണ്ട് പുകവലിക്കാത്ത സ്ത്രീകളിൽ ശ്വാസകോശ അർബുദം? ശ്രദ്ധിക്കേണ്ട പ്രാരംഭ ലക്ഷണങ്ങൾ എന്തെല്ലാം?
ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ
ശ്വാസകോശത്തിൽ രൂപപ്പെടുന്ന കാൻസറാണ് ശ്വാസകോശാർബുദം. ഇത് രണ്ട് വിധത്തിലാണ് ഉള്ളത്. ഒന്ന് നോൺ സ്മോൾ സെൽ ലംഗ് കാൻസർ (NSCLC) രണ്ടാമത്തേത്, സ്മോൾ സെൽ ലംഗ് കാൻസർ(SCLC). ഇതിൽ NSCLC വളരെ സാവധാനത്തിൽ മാത്രമാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരുക. ഇന്ന് മിക്കവരിലും കണ്ട് വരുന്ന കാൻസറാണ് ഇത്. എന്നാൽ, SCLC വേഗത്തിൽ പടരുന്ന കാൻസറാണ്. മിക്കപ്പോഴും ഈ കാൻസർ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയതിന് ശേഷം മാത്രമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. പുകവലി, റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ അർബുദത്തിന്റെ പ്രധാന കാരണങ്ങളാണ്.
പുകവലി കൂടാതെ വായുമലിനീകരണം, പുകവലിക്കാരുമായുള്ള സാമീപ്യം, കുടുംബത്തിൽ ശ്വാസകോശ അർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശ അർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.
കാരണങ്ങൾ / അപകട ഘടകങ്ങൾ
- പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
- റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ്, ആസ്ബറ്റോസ് തുടങ്ങിയവ
- പാരമ്പര്യം
- പൊണ്ണത്തടി
- മദ്യപാനം
- വൈറൽ അണുബാധ (എച്ച്.പി.വി.)
ലക്ഷണങ്ങൾ
- ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
- കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
- ശ്വാസംമുട്ടൽ
- നെഞ്ചുവേദന
- ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
- തൊണ്ടയടപ്പ്
- വിശപ്പില്ലായ്മ
- അകാരണമായ ഭാരക്കുറവ്
- അസ്വാഭാവികമായിട്ടുള്ള ക്ഷീണം
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
പരിശോധനകളും ചികിത്സയും
കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.
ശ്വാസകോശ അർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാവിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.
എന്താണ് ശ്വാസകോശ അഡിനോകാർസിനോമ ?
നോൺ-സ്മോൾ സെൽ ലങ് കാൻസർ (NSCLC) എന്ന വിഭാഗത്തിൽ പെടുന്ന ഒന്നാണ് ശ്വാസകോശ അഡിനോകാർസിനോമ. ശ്വാസകോശ കാൻസറുകളിൽ ഏറ്റവും സാധാരണമായ വിഭാഗമാണിത്. അസാധാരണമായ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ട്യൂമർ രൂപപ്പെടുകയും ചെയ്യുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഒരിക്കലും പുകവലിക്കാത്ത ആളുകളിലും അഡിനോകാർസിനോമ ഉണ്ടാകാം. സെക്കൻഡ്ഹാൻഡ് സ്മോക്കിങ്, വായു മലിനീകരണം, ജോലിസ്ഥലത്തെ രാസവസ്തുക്കൾ തുടങ്ങിയവയും അപകടസാധ്യത വർധിപ്പിക്കും.
Content Highlights: Pope Leo XIV underwent successful lung cancer surgery, with doctors confirming no further treatment is needed as the cancer hasn't spread.
Published: 22 Oct 2026, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented