വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരിൽ ആന്റിവൈറൽ മരുന്നുകൾക്കു പകരം ഉപയോഗിക്കാവുന്ന ചികിത്സാരീതിക്ക് അനുമതി നൽകി അമേരിക്ക. സിറോസിസ് ഇല്ലാത്ത വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി രോഗികളിൽ ജി.എസ്.കെ (GSK) വികസിപ്പിച്ചെടുത്ത 'ഹിബ്സാഗോ' (ബെപിറോവിർസെൻ) എന്ന കുത്തിവെപ്പ് മരുന്നിന് അംഗീകാരം നൽകിയെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അറിയിച്ചു.

To advertise here,

വൈറസ് പെറ്റുപെരുകുന്നതിനും വൈറൽ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നതിനും കാരണമാകുന്ന ജനിതക ഘടകങ്ങളെ തടസ്സപ്പെടുത്താൻ രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യയാണ് ഈ ചികിത്സാരീതിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ വൈറസിനെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചെന്ന് ഗവേഷകർ പറയുന്നു.

ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ജീവിക്കുന്ന നിരവധി ആളുകളെ സംബന്ധിച്ചിടത്തോളം വൈറസിനെ അടിച്ചമർത്താൻ വർഷങ്ങളോളം ആന്റിവൈറൽ മരുന്നുകൾ കഴിക്കേണ്ടി വരും. വൈറസിനെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന പുതിയൊരു ചികിത്സാ സമീപനമാണ് ഹിബ്സാഗോ നൽകുന്നത്. കുറഞ്ഞത് ആറുമാസമെങ്കിലും ആന്റിവൈറൽ ചികിത്സ സ്വീകരിക്കുകയും സിറോസിസ് ഇല്ലാത്തതുമായ രോഗികളിലാണ് ചികിത്സ നൽകുക.

നിലവിലുള്ള ആന്റിവൈറൽ മരുന്നുകൾ തുടരുന്നതോടൊപ്പം രോഗികൾക്ക് 24 ആഴ്ച വരെ ചർമത്തിനടിയിൽ ഹിബ്സാഗോ കുത്തിവെക്കുകയാണ് ചെയ്തത്. അവസാന ഹിബ്സാഗോ കുത്തിവെപ്പിന് ശേഷം കുറഞ്ഞത് 24 ആഴ്ചകൂടി അവർ തങ്ങളുടെ പതിവ് ആന്റിവൈറൽ ചികിത്സ തുടരുകയും ചെയ്തു. തുടർച്ചയായ ചികിത്സയില്ലാതെ തന്നെ ഹിബ്സാഗോ കുത്തിവെപ്പിലൂ‌ടെ രോഗികൾക്ക് വൈറസിനെ സ്ഥിരമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

അതേസമയം ചില പാർശ്വഫലങ്ങളും ഈ മരുന്നിനുണ്ട്. കരളിൽ പ്രതിപ്രവർത്തനങ്ങൾക്കും പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നതിനുമുള്ള സാധ്യത കൂട്ടാനിടയുണ്ട് എന്നതാണത്. ചികിത്സയ്ക്ക് മുമ്പും ചികിത്സാസമയത്തും മരുന്ന് സ്വീകരിക്കുന്ന രോഗികൾ പതിവായി രക്തപരിശോധനയും വൈദ്യപരിശോധനയും നടത്തേണ്ടതുണ്ട്.

കരളിനെ ബാധിക്കുന്ന ദീർഘകാല വൈറൽ അണുബാധയാണ് ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി. വൈറസിനെ അടിച്ചമർത്താനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ സങ്കീർണ്ണതകളുടെ സാധ്യത കുറയ്ക്കാനും നിരവധി രോഗികൾക്ക് ദീർഘകാല ആന്റിവൈറൽ ചികിത്സ ആവശ്യമാണ്.

ഹെപ്പറ്റൈറ്റിസ്

കരളിനെ ബാധിക്കുന്ന പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. എ,ബി,സി,ഡി,ഇ എന്നിങ്ങനെ പ്രധാന വകഭേദങ്ങളുണ്ട്. ക്ഷയം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായ അസുഖം. 2019-ൽ 11 ലക്ഷമായിരുന്നു ലോകത്ത് മരണം. ഇതിൽ 83 ശതമാനവും മരിച്ചത് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചാണ്.

രോഗബാധിതന്റെ രക്തം, ശാരീരികസ്രവം എന്നിവയിലൂടെ രോഗം പകരാം. ഹെപ്പറ്റൈറ്റിസ് ബി ദീർഘകാലത്തിൽ ലിവർസിറോസിസ് പോലുള്ള അവസ്ഥയിലേക്കും നയിക്കും.

രോഗലക്ഷണങ്ങളും ചികിത്സയും

മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ ടെസ്റ്റുകൾക്ക് വിധേയനാകേണ്ടതുമാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങൾക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും.

ബി, സി വിഭാഗം ഹെപ്പറ്റൈറ്റിസ് തടയാൻ

  • രക്തം സ്വീകരിക്കുമ്പോഴും രക്തംദാനം ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക.
  • ഡിസ്പോസിബിൾ സിറിഞ്ച് ഉപയോഗിക്കുക.
  • ഷേവിങ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് തുടങ്ങിയവ പങ്കുവെക്കാതിരിക്കുക. ലൈംഗികാര്യങ്ങിൽ സുരക്ഷിതത്വം പാലിക്കുക.
  • ഒരേ സൂചികൊണ്ട് മയക്കുമരുന്ന് കുത്തിവെക്കുന്നവർ, ടാറ്റുചെയ്യുന്നവർ എന്നിവർക്ക് രോഗം പകർന്നുകിട്ടാനുള്ള സാധ്യതകൂടുതലാണ്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
  • എല്ലാ ഗർഭിണികൾകൾക്കും HBSAgസ്ക്രീനിങ് ചെയ്യുക.