തൈറോയ്ഡ് പ്രശ്നങ്ങൾ എങ്ങനെയാണ് രക്തപരിശോധനയിലൂടെ കണ്ടെത്തുന്നത് എന്നും എന്തൊക്കെ ഘടകങ്ങളാണ് വിലയിരുത്തുന്നതെന്നും മനസ്സിലാക്കാം

To advertise here,

റോയ്ഡ് സംബന്ധിയായ രോഗാവസ്ഥകൾ ഇന്ന് ധാരാളം ആളുകളിൽ കണ്ടുവരുന്നുണ്ട്. കടുത്ത ക്ഷീണമോ അമിതവണ്ണമോ മുടികൊഴിച്ചിലോ ഒക്കെ ഉണ്ടായി ഡോക്ടറെ കാണുമ്പോഴാണ് തൈറോയ്ഡ് പരിശോധന നടത്തുന്നതും അതിൽ ഏറ്റക്കുറച്ചിലുണ്ടെന്ന് മിക്കപ്പോഴും തിരിച്ചറിയുന്നതും. തൈറോയ്ഡ് പ്രശ്നങ്ങൾ എങ്ങനെയാണ് രക്തപരിശോധനയിലൂടെ കണ്ടെത്തുന്നത് എന്ന് മനസ്സിലാക്കാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം

തൈറോയ്ഡ് ഗ്രന്ഥിക്ക് ചിത്രശലഭത്തിന്റെ ആകൃതിയാണ്. കഴുത്തിന്റെ മുൻഭാഗത്ത്, ശ്വാസനാളിക്ക് മുന്നിലും സ്വനപേടകത്തിന് (Larynx) താഴേയുമാണ് ഇതിന്റെ സ്ഥാനം. ശരീരത്തിലെ പല പ്രധാനപ്പെട്ട പ്രവർത്തനങ്ങളും നിർവഹിക്കുന്ന ഹോർമോണുകളെ സ്രവിപ്പിക്കുന്ന എൻഡോക്രൈൻ ഗ്രന്ഥിയാണിത്.

തൈറോയ്ഡ് ഗ്രന്ഥി പുറത്തുവിടുന്ന പ്രധാനപ്പെട്ട രണ്ട് ഹോർമോണുകളാണ് ടി 3 (T3), ടി 4 (T4). ഇവ രണ്ടും പ്രോട്ടീൻ ബന്ധിത (Protein bound) രൂപത്തിലും (Total T3, Total T4) പ്രോട്ടീൻ ഇല്ലാത്ത ഫ്രീ രൂപത്തിലും (f T3, f T4) കാണപ്പെടുന്നു. ഈ രണ്ട് ഹോർമോണുകൾക്കും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിൽ നിർണായകമായ പങ്കുണ്ട്.

ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന ഊർജം നിലനിർത്തുക (Basal Metabolic Rate-BMR), ശരീരത്തിന് ആവശ്യമായ അടിസ്ഥാന താപ ഉത്പാദനം (Thermogenesis), പ്രോട്ടീൻ, ഗ്ലൂക്കോസ്, കൊഴുപ്പ് തുടങ്ങിയ പ്രധാന ജൈവതന്മാത്രകളുടെ ഉപാപചയം എന്നിവ തൈറോയ്ഡ് ഹോർമോണുകളുടെ പ്രധാന പ്രവർത്തനങ്ങളിൽ ചിലതാണ്. അതിനാൽ, തൈറോയ്ഡിന്റെ പ്രവർത്തനക്കുറവും പ്രവർത്തനക്കൂടുതലും മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കാം.

തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്

തൈറോയ്ഡുമായി ബന്ധപ്പെട്ട തകരാറുകൾ തിരിച്ചറിയാനുള്ള രക്തപരിശോധനകളിലൊന്നാണ് തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് (TFT). ഇതിൽ പരിശോധിക്കുന്നത് ഇവയാണ്.

ഫ്രീ ടി 3 (fT3)

ഫ്രീ ടി 4 (fT4)

തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH). T3, T4 ഉത്പാദിപ്പിക്കാൻ തൈറോയ്ഡിനെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ആണ് ഇത്.

തൈറോഗ്ലോബുലിൻ (Thyroglobulin),

TRAb ((Thyrotropin Receptor Antibody)

ആന്റി ടി.ജി. (Anti-Thyroglobulin)

ആന്റി ടി.പി.ഒ. (Anti-Thyroid Peroxidase)

രക്തത്തിലെ ടി.എസ്.എച്ച്. (TSH), ഫ്രീ ടി 4 (f T4) എന്നിവയുടെ അളവ് പരിശോധിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലെ അസാധാരണമായ വ്യതിയാനങ്ങൾ തിരിച്ചറിയാൻ സഹായിക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നവയാണ് ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർതൈറോയ്ഡിസവും. രക്തത്തിലെ ഹോർമോൺ അളവുകളിൽ ഇവ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ടി.എസ്.എച്ച്. (TSH) കൂടുതലും ഫ്രീ ടി4 (fT4) കുറവുമാണെങ്കിൽ അത് ഹൈപ്പോതൈറോയ്ഡിസത്തെയും, ടി.എസ്.എച്ച്. (TSH) കുറവും ഫ്രീ ടി4 (fT4) കൂടുതലുമാണെങ്കിൽ അത് ഹൈപ്പർതൈറോയ്ഡിസത്തെയും സൂചിപ്പിക്കുന്നു.

ഹൈപ്പോതൈറോയ്ഡിസത്തിനോ ഹൈപ്പർതൈറോയ്ഡിസത്തിനോ ഏതെങ്കിലും ഓട്ടോഇമ്മ്യൂൺ കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താൻ തൈറോയ്ഡ് ആന്റിബോഡികളുടെ അളവ് നിർണയിക്കും. ചില സന്ദർഭങ്ങളിൽ, ടോട്ടൽ ടി4, ടി3 (Total T4, T3) എന്നിവയുടെ അളവും പരിശോധിക്കാറുണ്ട്.

പരിശോധനാ രീതികൾ

തൈറോയ്ഡ് ഹോർമോണിന്റെ അളവ് നിർണയിക്കാൻ വിവിധ രീതികളും അനലൈസറുകളുമുണ്ടെങ്കിലും ലഭ്യത, ചെലവ് എന്നിവ അനുസരിച്ചാണ് ലാബുകൾ ഇവ തിരഞ്ഞെടുക്കുന്നത്. നിലവിൽ മിക്ക തൈറോയ്ഡ് പരിശോധനകളും രണ്ടുതരം സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇലക്ട്രോകെമിലൂമിനസെൻസ് (ECLIA), കെമിലൂമിനസെൻസ് (CLIA) എന്നിവയാണവ.

രക്തത്തിലെ ഹോർമോണുകൾ വളരെ കൃത്യതയോടെ കണ്ടെത്താനുള്ള ആധുനിക പരിശോധനവിദ്യയാണ് ഇവ രണ്ടും. കൂടാതെ ഈ രണ്ട് സാങ്കേതികവിദ്യകളും പ്രകാശത്തെ (Luminescence) അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഈ പ്രകാശം ഉപയോഗിച്ചുകൊണ്ടാണ് രക്തത്തിലെ ഘടകങ്ങളെ മനസ്സിലാക്കുന്നത്.

ഇലക്ട്രോകെമിലൂമിനസെൻസിൽ (ECLIA) പ്രകാശം ഉത്പാദിപ്പിക്കാൻ രാസ ഊർജത്തിനോടൊപ്പം ഇലക്ട്രിക്കൽ സിഗ്നലുകൾകൂടി ഉപയോഗിക്കുന്നു. എന്നാൽ കെമിലൂമിനസെൻസിൽ (CLIA) രാസോർജം മാത്രമാണ് ഉപയോഗിക്കുന്നത്.

മുൻകാലങ്ങളിൽ റേഡിയോ ഇമ്മ്യൂണോ അസ്സേ (RIA), എലിസ (ELISA) തുടങ്ങിയ രീതികളായിരുന്നു പരിശോധനയ്ക്കായി ഉപയോഗിച്ചിരുന്നത്.

പരിശോധന ഇങ്ങനെ

തൈറോയ്ഡ് പരിശോധനകൾക്കായി ഏകദേശം നാല് മില്ലി രക്തമാണ് ആവശ്യമായി വരുന്നത്. സാധാരണയായി കൈത്തണ്ടയിൽനിന്നാണ് ഇത് ശേഖരിക്കുന്നത്. സാംപിൾ ശേഖരിച്ചശേഷം അത് ലാബിലേക്ക് അയക്കുകയും അവിടെ സെൻട്രിഫ്യൂഗേഷൻ വഴി സെറം അല്ലെങ്കിൽ പ്ലാസ്മ വേർതിരിക്കുകയും ചെയ്യുന്നു. പിന്നീട് ഈ സെറം അല്ലെങ്കിൽ പ്ലാസ്മ ഒരു അനലൈസറിൽ ലോഡ് ചെയ്യുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ മെഷീൻ ഫലം നൽകും. ഈ ഫലം ലാബിന്റെ ചുമതലയുള്ള ഡോക്ടർമാർ പരിശോധിച്ച് ഉറപ്പുവരുത്തും. അനലൈസറിന്റെയും ലാബിന്റെയും പ്രവർത്തനക്ഷമതയും വേഗവും അനുസരിച്ച് രോഗികൾക്ക് ഏകദേശം 1.5 മുതൽ 2 മണിക്കൂറിനുള്ളിൽ രക്തപരിശോധനാ റിപ്പോർട്ട് ലഭിക്കും.

ഇലക്ട്രോകെമിലൂമിനസെൻസ് (ECLIA), കെമിലൂമിനസെൻസ് (CLIA) എന്നീ രണ്ട് രീതികളും പരിശോധനയ്ക്ക് സ്വീകാര്യമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും, ഈ രണ്ട് സാങ്കേതികവിദ്യകളും നൽകുന്ന ഫലങ്ങളിൽ ചിലപ്പോൾ വ്യത്യാസങ്ങൾ ഉണ്ടാകാം. ഈ വ്യത്യാസം തൈറോയ്ഡ് രോഗങ്ങളുടെ വ്യാഖ്യാനത്തെയും ചികിത്സയെയും സ്വാധീനിച്ചേക്കാം, പ്രത്യേകിച്ച് ഹോർമോൺ നിലകൾ യഥാർഥ പരിധിയുടെ വളരെ അടുത്ത് നിൽക്കുന്ന അവസ്ഥകളിൽ (Borderline) ഇത് വളരെ നിർണായകമാണ്. അതിനാൽ, ചികിത്സിക്കുന്ന ഡോക്ടർമാർ രോഗികളോട് അവരുടെ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് ഒരേ ലാബിലോ ഒരേ രീതികൾ ഉപയോഗിച്ചോ തന്നെ ചെയ്യാൻ നിർദേശിക്കുന്നത് വളരെ പ്രധാനമാണ്.

പരിശോധനാരീതിയിലുണ്ടാകുന്ന ഏത് മാറ്റവും ലാബുകൾ ഉടൻതന്നെ ചികിത്സിക്കുന്ന ഡോക്ടറെയോ രോഗിയെയോ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

പരിശോധനാ ഫലത്തെ ബാധിക്കുന്നത്

തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റിന്റെ ഫലങ്ങളെ ബാധിക്കുന്ന മറ്റുചില ഘടകങ്ങളുമുണ്ട്. ഹെപ്പാരിൻ (Heparin), ഫ്യൂറോസെമൈഡ് (Flurosemide), കാർബമാസെപൈൻ (Carbamazepine), ഫെനിറ്റോയിൻ (Phenytoin), സാലിസൈലേറ്റുകൾ (Salicylates) തുടങ്ങിയ മരുന്നുകൾ തൈറോയ്ഡ് ഹോർമോണുകളുടെ പരിശോധനയെ തടസ്സപ്പെടുത്താം. മുടിവളർച്ചയ്ക്കായി സാധാരണയായി കഴിക്കുന്ന ബയോട്ടിൻ എന്ന സപ്ലിമെന്റ് തൈറോയ്ഡ് ഹോർമോണുകളുടെ അളവുകളിൽ മാറ്റംവരുത്തുമെന്ന്് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലിഥിയം, അയഡിൻ എന്നിവയുടെ ഉപയോഗം തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിക്കാം. അതിനാൽ, രോഗി കഴിക്കുന്ന മരുന്നുകളെയും സപ്ലിമെന്റുകളെയും കുറിച്ച് ഡോക്ടറെ അറിയിക്കേണ്ടതുണ്ട്.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് സെന്ററിൽ ബയോകെമിസ്ട്രി വിഭാഗം അഡീഷണൽ പ്രൊഫസർ ആണ് ലേഖിക.