ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. വാർത്താക്കുറിപ്പിലൂടെയാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തിട്ടുണ്ടെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ മാർപാപ്പയുടെ വലതു ശ്വാസകോശത്തിലെ അർബുദ മുഴ നീക്കം ചെയ്തതെന്ന് വത്തിക്കാൻ അറിയിച്ചു. അർബുദം പടർന്നിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
ഞായറാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് മെഡിക്കൽ പരിശോധനയ്ക്കിടെ ഡോക്ടർമാർ ശ്വാസകോശത്തിൽ ഒരു മുഴ കണ്ടെത്തിയിട്ടുണ്ടെന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ജനക്കൂട്ടത്തോട് മാർപ്പാപ്പ അപ്രതീക്ഷിതമായി പറഞ്ഞത്. പതിവ് ആരോഗ്യ പരിശോധനകൾക്കിടയിലാണ് മുഴ കണ്ടെത്തിയതെന്നും മറ്റ് ലക്ഷണങ്ങൾ ഒന്നും പ്രകടമായിരുന്നില്ലെന്നും വത്തിക്കാൻ വക്താവ് എഎഫ്പിയോട് പറഞ്ഞു.
ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ
ശ്വാസകോശത്തിൽ രൂപപ്പെടുന്ന കാൻസറാണ് ശ്വാസകോശാർബുദം. ഇത് രണ്ട് വിധത്തിലാണ് ഉള്ളത്. ഒന്ന് നോൺ സ്മോൾ സെൽ ലംഗ് കാൻസർ (NSCLC) രണ്ടാമത്തേത്, സ്മോൾ സെൽ ലംഗ് കാൻസർ(SCLC). ഇതിൽ NSCLC വളരെ സാവധാനത്തിൽ മാത്രമാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരുക. ഇന്ന് മിക്കവരിലും കണ്ട് വരുന്ന കാൻസറാണ് ഇത്. എന്നാൽ, SCLC വേഗത്തിൽ പടരുന്ന കാൻസറാണ്. മിക്കപ്പോഴും ഈ കാൻസർ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയതിന് ശേഷം മാത്രമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. പുകവലി, റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ അർബുദത്തിന്റെ പ്രധാന കാരണങ്ങളാണ്.
പുകവലി കൂടാതെ വായുമലിനീകരണം, പുകവലിക്കാരുമായുള്ള സാമീപ്യം, കുടുംബത്തിൽ ശ്വാസകോശ അർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശ അർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.
കാരണങ്ങൾ / അപകട ഘടകങ്ങൾ
- പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
- റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ്, ആസ്ബറ്റോസ് തുടങ്ങിയവ
- പാരമ്പര്യം
- പൊണ്ണത്തടി
- മദ്യപാനം
- വൈറൽ അണുബാധ (എച്ച്.പി.വി.)
ലക്ഷണങ്ങൾ
- ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
- കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
- ശ്വാസംമുട്ടൽ
- നെഞ്ചുവേദന
- ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
- തൊണ്ടയടപ്പ്
- വിശപ്പില്ലായ്മ
- അകാരണമായ ഭാരക്കുറവ്
- അസ്വാഭാവികമായിട്ടുള്ള ക്ഷീണം
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
പരിശോധനകളും ചികിത്സയും
കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.
ശ്വാസകോശ അർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാവിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.
Content Highlights: Pope Leo XIV had a 90-minute surgery in Rome to remove a tumor from his lung, Vatican confirms. Further tests are ongoing.
Published: 14 Oct 2026, 01:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented