ലോകത്ത് അർബുദ മരണങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് ശ്വാസകോശ അർബുദം. ആഗോളതലത്തിൽ പ്രതിവർഷം 25 ലക്ഷത്തോളം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും അതിൽ 18 ലക്ഷത്തോളം പേർ മരണപ്പെടുകയും ചെയ്യുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്യു.എച്ച്.ഒ.) കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, നമ്മെ കൂടുതൽ ചിന്തിപ്പിക്കേണ്ടത് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളാണ്. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, ശ്വാസകോശ അർബുദത്തിന്റെ ചികിത്സാരീതികളിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അടക്കം കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ പുരുഷന്മാരിലെ അർബുദ മരണങ്ങളിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ശ്വാസകോശ അർബുദമാണ്. അതിലും ആശങ്കാജനകമായ വസ്തുത എന്തെന്നാൽ, യാതൊരു ലഹരി ശീലങ്ങളുമില്ലാത്ത സ്ത്രീകളിലും യുവാക്കളിലും ഈ രോഗം വലിയ തോതിൽ വർദ്ധിച്ചുവരുന്നു എന്നതാണ്. മലിനീകരണവും, ജനിതക ഘടകങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്.
കണക്കുകൾ കണ്ട് ഭയപ്പെടുകയല്ല വേണ്ടത്. കാരണം, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ന് ഈ രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ചരിത്രപരമായ മാറ്റങ്ങൾക്കാണ് വൈദ്യശാസ്ത്രം സാക്ഷ്യം വഹിക്കുന്നത്.
വ്യക്തിഗത അർബുദ പരിചരണം അഥവാ 'പ്രിസിഷൻ മെഡിസിൻ'
മുൻപ് ശ്വാസകോശ അർബുദം ബാധിച്ച എല്ലാ രോഗികൾക്കും ഒരേ രീതിയിലുള്ള പൊതുവായ കീമോ തെറാപ്പിയാണ് നൽകിയിരുന്നത്. ഇന്ന് കാലം മാറി. എന്റെ ഒ.പിയിൽ വരുന്ന ഒരു രോഗിക്ക് അർബുദം സ്ഥിരീകരിച്ചാൽ ആ അർബുദ കോശങ്ങളുടെ ജനിതക ഘടന കൃത്യമായി മനസ്സിലാക്കി ചികിത്സ നിശ്ചയിക്കുന്ന പ്രിസിഷൻ മെഡിസിൻ അഥവാ ടാർഗെറ്റഡ് തെറാപ്പിയാണ് നൽകുന്നത്.
ബയോ മാർക്കർ പരിശോധനകളിലൂടെയും മോളിക്യുലാർ പ്രൊഫൈലിംഗിലൂടെയും ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന പ്രത്യേക ജനിതക മാറ്റങ്ങൾ (ഇ.ജി.എഫ്.ആര്ർ, എ.എൽ.കെ, ROS1 തുടങ്ങിയവ) മുൻകൂട്ടി തിരിച്ചറിയാൻ ഇന്ന് സാധിക്കും. ഈ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ അർബുദ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന മരുന്നുകൾ നൽകാൻ കഴിയുന്നത് ഈ രംഗത്തെ ഏറ്റവും വലിയ വിപ്ലവമാണ്.
നൂതന ക്ലിനിക്കൽ ഓങ്കോളജി മുന്നോട്ട് വെക്കുന്ന പുതിയ പ്രതീക്ഷകൾ
അടുത്തിടെ നടന്ന ലോകോത്തര മെഡിക്കൽ ഉച്ചകോടികളിൽ അവതരിപ്പിക്കപ്പെട്ട പുതിയ ചികിത്സാരീതികൾ കേരളത്തിലെ ആശുപത്രികളിലും ഇന്ന് ലഭ്യമാണ്:
- മോളെക്യുലർ പ്രൊഫൈലിങ്: രോഗിയുടെ അർബുദ കോശങ്ങളിലെ ജനിതകഘടന കൃത്യമായി വിശകലനം ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് ഉപയോഗിച്ച് അർബുദത്തിന് കാരണമാകുന്ന ജനിതക വ്യതിയാനങ്ങൾ തിരിച്ചറിയുന്നു. ഇതിലൂടെ ഓരോ രോഗിക്കും ഏറ്റവും മികച്ച ഫലം നൽകുന്ന മരുന്നുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നു.
- ടാർഗെറ്റഡ് തെറാപ്പി: പുകവലിക്കാത്ത സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ഇ.എഫ്.ജി.ആർ, എ.എൽ.കെ തുടങ്ങിയ ജനിതക വ്യതിയാനങ്ങളെ ലക്ഷ്യമിട്ടാണ് ചികിത്സ നൽകുന്നത്. സാധാരണ കോശങ്ങളെ ബാധിക്കാതെ അർബുദ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന ഗുളികകൾ വഴിയാണ് ഇവ സാധ്യമാക്കുന്നത്. പരമ്പരാഗത കീമോതെറാപ്പിയെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രധാന മേന്മ.
- ഇമ്മ്യൂണോ തെറാപ്പി: ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ വ്യവസ്ഥയെ അർബുദ കോശങ്ങൾക്കെതിരെ പോരാടാൻ പ്രാപ്തമാക്കുന്ന രീതിയാണിത്. അർബുദ കോശങ്ങൾ പ്രതിരോധ സംവിധാനത്തിൽനിന്ന് ഒളിച്ചിരിക്കുന്ന അവസ്ഥയെ ഈ മരുന്നുകൾ തടയുന്നു. രോഗം മുന്നോട്ടുപോയ ഘട്ടങ്ങളിൽപോലും രോഗിയുടെ ആയുസ്സും ആരോഗ്യനിലയും മെച്ചപ്പെടുത്താൻ ഇമ്മ്യൂണോ തെറാപ്പിക്ക് കഴിയും.
- റോബോട്ടിക്/ മിനിമലി ഇൻവേസീവ് സർജറി: രോഗം ആദ്യഘട്ടങ്ങളിൽ തിരിച്ചറിഞ്ഞാൽ ശസ്ത്രക്രിയയിലൂടെ അർബുദബാധിത ഭാഗം മാറ്റി പൂർണ്ണസൗഖ്യം നേടാം. വലിയ മുറിവുകൾ ഒഴിവാക്കി 'കീഹോൾ' അല്ലെങ്കിൽ റോബോട്ടിക് സാങ്കേതികവിദ്യ വഴി ചെറിയ ദ്വാരങ്ങളിലൂടെ ശസ്ത്രക്രിയ പൂർത്തിയാക്കാം. രക്തസ്രാവവും വേദനയും കുറവായതിനാൽ രോഗിക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കും.
- സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയേഷൻ തെറാപ്പി: വാർദ്ധക്യസഹജമായ അസുഖങ്ങൾ കൊണ്ടോ മറ്റോ ശസ്ത്രക്രിയ സാധ്യമല്ലാത്ത രോഗികളിൽ, അർബുദ കോശങ്ങളിലേക്ക് മാത്രം കൃത്യതയോടെ ഹൈ-ഡോസ് റേഡിയേഷൻ നൽകുന്ന രീതിയാണിത്.
ഒരിക്കലും അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
പുകവലി പ്രധാന കാരണമാണെങ്കിലും അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലെ രാസമാലിന്യങ്ങൾ, ആസ്ബസ്റ്റോസ് മുതലായവ എന്നിവയും ശ്വാസകോശ അർബുദത്തിന് കാരണമാകാം. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധോപദേശം തേടാൻ മടിക്കരുത്:
- മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ.
- വിട്ടുമാറാത്ത ശ്വാസതടസ്സവും കിതപ്പും.
- ചുമയ്ക്കുമ്പോൾ രക്തം വരിക, അല്ലെങ്കിൽ നെഞ്ചുവേദന.
- ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം (ശബ്ദമടപ്പ്).
- അടിക്കടിയുണ്ടാകുന്ന ശ്വാസകോശ അണുബാധകൾ (ന്യുമോണിയ).
- കാരണം കൂടാതെ ശരീരഭാരം കുറയുക, അമിത ക്ഷീണം.
ഇന്ന് അർബുദ ചികിത്സ എന്നത് ഒരു ഡോക്ടറുടെ മാത്രം തീരുമാനമല്ല. പൾമണോളജിസ്റ്റ്, തൊറാസിക് സർജൻ, മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ് എന്നിവരടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി സംഘത്തിന്റെ കൂട്ടായ പ്രവർത്തനമാണ് ഓരോ രോഗിക്കും മികച്ച ഫലം നൽകുന്നത്.
ഒരുകാലത്ത് ശ്വാസകോശ അർബുദം എന്ന് കേൾക്കുമ്പോൾതന്നെ മരണഭയം നമ്മെ കീഴടക്കിയിരുന്നു. എന്നാൽ, ഇന്ന് ഭയം മാറ്റിവെച്ച് മുൻകൂട്ടിയുള്ള സ്ക്രീനിംഗുകളിലൂടെയും പുതിയ പ്രിസിഷൻ ചികിത്സകളിലൂടെയും ഈ രോഗത്തെ അതിജീവിക്കാൻ സാധിക്കും. കൃത്യമായ ബോധവൽക്കരണവും സമയബന്ധിതമായ ചികിത്സയുമാണ് ഈ പോരാട്ടത്തിലെ ഏറ്റവും വലിയ ആയുധം.
(കാസർകോട് ആസ്റ്റർ മിംസ് പൾമൊണോളജി സ്‌പെഷ്യലിസ്റ്റാണ് ലേഖകൻ)
Content Highlights: Medical science has witnessed a revolutionary shift in treating lung cancer—which is increasingly affecting non-smokers and women in Kerala—moving from traditional chemotherapy to precision medicine, targeted therapies, and immunotherapy.
Published: 01 Aug 2026, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented