ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് എന്ന രോഗാവസ്ഥയുമായി ജീവിക്കുന്ന നിരവധിപേരുണ്ട്. ദഹനനാളത്തിൽ വീക്കം ഉണ്ടാക്കുന്ന വിട്ടുമാറാത്ത അവസ്ഥയാണിത്. ക്രോൺസ് രോഗം,അൾസറേറ്റീവ് കൊളൈറ്റിസ് തുടങ്ങിയ ഇൻഫ്ലമേറ്ററി ബവൽ ഡിസീസിന്റെ വിഭാഗങ്ങളാണ്. നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ആരോഗ്യപ്രശ്നമായതുകൊണ്ടുതന്നെ ഇതുമൂലം ദുരിതം അനുഭവിക്കുന്ന നിരവധിപേരുണ്ട്. പലപ്പോഴും രോഗസ്ഥിരീകരണം വൈകുന്നതാണ് ആരോഗ്യം വഷളാക്കുന്നത്. എന്നാൽ രോഗസ്ഥിരീകരണത്തിന് വർഷങ്ങൾക്കുമുമ്പേ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് സ്ഥിരീകരിക്കാമെന്നു വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
ആളുകളുടെ രക്തത്തിലെ ആന്റിബോഡികളുടെ പാറ്റേണുകളിലൂടെ പത്തുവർഷം മുമ്പേ ഇൻഫ്ലമേറ്ററി ബൗവൽ ഡിസീസ് (ഐ.ബി.ഡി) വരാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കാനാവുമെന്ന് ഗവേഷകർ കണ്ടെത്തിയത്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയും കുടലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ശേഷമാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസിന് പലരും ചികിത്സിക്കാറുള്ളത്. എന്നാൽ രോഗനിർണ്ണയത്തിന് ഒരു ദശാബ്ദം മുമ്പ് തന്നെ രോഗപ്രതിരോധ സംവിധാനം മുന്നറിയിപ്പായി ചില ലക്ഷണങ്ങൾ നൽകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതിലൂടെ രോഗം നേരത്തേ കണ്ടെത്തി പ്രതിരോധിക്കാനാവുമെന്നാണ് വിലയിരുത്തൽ.
നെതർലാൻഡിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗ്രോണിംഗനിലെയും ന്യൂയോർക്കിലെ മൗണ്ട് സിനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ രോഗം ആരംഭിക്കുന്നുണ്ട്. രോഗം നിർണ്ണയിക്കുന്നതിന് വളരെ മുമ്പ് തന്നെ രോഗപ്രതിരോധ സംവിധാനം മുന്നറിയിപ്പ് സൂചകങ്ങൾ നൽകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
500 പേരിൽ നിന്നുള്ള 2,000 സാമ്പിളുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇതിൽ 200 പേർക്ക് പിന്നീട് ക്രോൺസ് രോഗവും 200 പേർക്ക് അൾസറേറ്റീവ് കൊളൈറ്റിസും ബാധിച്ചു. 100 പേർക്ക് ഈ രണ്ട് രോഗങ്ങളും ഉണ്ടായില്ല. രോഗപ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. രോഗനിർണ്ണയത്തിന് ഒരു ദശാബ്ദം മുമ്പ് തന്നെ വ്യത്യാസങ്ങൾ പ്രകടമായിരുന്നു.
ലോകമെമ്പാടും കുറഞ്ഞത് 38 ലക്ഷം ആളുകൾ ഐ.ബി.ഡി ബാധിച്ച് ജീവിക്കുന്നുണ്ട്. ദഹനനാളത്തിൽ വിട്ടുമാറാത്ത വീക്കത്തിന് കാരണമാകുന്ന ഈ രോഗം കടുത്ത വേദന, വയറിളക്കം, ക്ഷീണം എന്നിവയ്ക്ക് ഇടയാക്കുന്നു. ഇതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, തകരാറിലായ രോഗപ്രതിരോധ സംവിധാനം, ജനിതക ഘടകങ്ങൾ, കുടലിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കൾ എന്നിവയെല്ലാം കാരണമാകാമെന്നാണ് കരുതുന്നത്.
വീക്കം തടയുന്ന മരുന്നുകളാണ് ചികിത്സയ്ക്കായി നൽകാറുള്ളത്. എന്നാൽ പല രോഗികളിലും ഈ മരുന്നുകൾ ഫലപ്രദമാകാറില്ല. ചിലരിൽ കുടലിന്റെ കേടായ ഭാഗങ്ങൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമായും വരും. കാലങ്ങളായുള്ള വീക്കം കുടലിൽ കാൻസർ വരാനുള്ള സാധ്യതയും വർധിപ്പിക്കും. കേടുപാടുകൾ സംഭവിക്കുന്നതിന് മുൻപ് തന്നെ രോഗസാധ്യതയുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നേരത്തെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തണമെന്നാണ് ഗവേഷകർ പറയുന്നത്.
എന്താണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്?
ദഹനനാളത്തിൽ വീക്കം ഉണ്ടാക്കുന്ന ദീർഘകാല രോഗാവസ്ഥകളാണ് ഇൻഫ്ലമേറ്ററി ബൗവൽ ഡിസീസ് (IBD). വൻകുടലിന്റെയും മലാശയത്തിന്റെയും ഭിത്തികളിൽ വീക്കവും അൾസർ എന്ന് വിളിക്കുന്ന വ്രണങ്ങളും ഉണ്ടാക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ്, ദഹനനാളത്തിൽ വീക്കം ഉണ്ടാക്കുന്ന ക്രോൺസ് ഡിസീസ് എന്നിവയാണ് പ്രധാന ഐ.ബി.ഡി. വിഭാഗങ്ങൾ. ചിലരിൽ ഐ.ബി.ഡി. ലക്ഷണങ്ങൾ കുറഞ്ഞതോതിലും മറ്റുചിലരിൽ ഇത് കൂടുതൽ ഗുരുതരമാവുന്ന അവസ്ഥയിലുമാവും.
ലക്ഷണങ്ങൾ
വീക്കം എവിടെയാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് ലക്ഷണങ്ങളും പ്രകടമാവുക.
- വയറിളക്കം
- വയറുവേദന
- മലത്തിൽ രക്തം
- വിശപ്പില്ലായ്മ
- അകാരണമായി ഭാരം കുറയുക
- അമിത ക്ഷീണം
- വിശപ്പില്ലായ്മ തുടങ്ങിയവ കാണാം.
കാരണങ്ങൾ
ഇൻഫ്ലമേറ്ററി ബൗവൽ ഡിസീസിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ഭക്ഷണക്രമവും മാനസിക സമ്മർദ്ദവും ചിലരിൽ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. രോഗപ്രതിരോധ സംവിധാനത്തിലെ തകരാറുകൾ, ജനിതക ഘടകങ്ങൾ തുടങ്ങിയവ കാരണങ്ങളാണ്.
Content Highlights: New research reveals potential to predict inflammatory bowel disease, including Crohn's disease and ulcerative colitis, a decade before symptoms appear.
Published: 19 Oct 2026, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented