പ്രമേഹത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനുമായി അവതരിപ്പിക്കപ്പെട്ട ഒസെമ്പിക് എന്ന മരുന്ന് ഉറക്കപ്രശ്നങ്ങൾ, അൽഷൈമേഴ്സ്, വിഷാദരോ​ഗം, കരളിന്റെ പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്ന് ​പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ കാൻസർ പ്രതിരോധത്തിലും ഒസെമ്പിക് ഉൾപ്പെടെയുള്ള ഒരുകൂട്ടം വണ്ണംകുറയ്ക്കാനുള്ള മരുന്നുകൾ സംരക്ഷണം നൽകുന്നുവെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. 

To advertise here,

ലാൻസെറ്റ് ജേർണലിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒസെമ്പിക്, റിബെൽസുസ്, വി​ഗോവി, മൗൻജാരോ, സെപ്ബൗണ്ട് തുടങ്ങിയ ഒരുകൂട്ടം മരുന്നുകൾക്ക് കാൻസർ പ്രതിരോധത്തിനുള്ള കഴിവുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഇസ്രായേലിൽ അമിതവണ്ണവും ടൈപ് 2 ഡയബറ്റിസും അനുഭവിക്കുന്ന 6,300 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏകദേശം 7.5 വർഷത്തോളം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് ഇത്തരം മരുന്നുകൾ ഉപയോ​ഗിച്ചവരിൽ കാൻസർ സാധ്യതയിൽ നിന്ന് 41 ശതമാനം സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. 

ഈ മരുന്നുകളും കാൻസറും തമ്മിലുള്ള ബന്ധത്തേക്കുറിച്ചും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശരീരവീക്കമാണ് ഇതിലെ പ്രധാനകാരണമായി ​ഗവേഷകർ പറയുന്നത്.  ശരീരവീക്കം കാൻസർ സാധ്യത കൂട്ടുന്ന ഘടകമാണ്. മേൽപ്പറഞ്ഞ മരുന്നുകൾ ശരീരവീക്കം കുറയ്ക്കുകയും പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയും ഹോർമോൺ നില സന്തുലിതമാക്കുകയും ചെയ്യും. ഇവ മൂന്നും കാൻസർ സാധ്യത തടയുന്ന ഘടകങ്ങളാണെന്ന് ​ഗവേഷകർ പറയുന്നു. 

വിശപ്പ് കുറയ്ക്കുക എന്നതാണ് ഇത്തരം മരുന്നുകളുടെ അടിസ്ഥാന ധർമം. അമിതവണ്ണത്തിനും പ്രമേഹത്തിനുമല്ലാതെ മറ്റ് അസുഖങ്ങൾക്കും ഈ മരുന്നുകൾ ഫലപ്രദമാണെന്നതിന്‌ തെളിവുകൾ ധാരാളം ലഭിക്കുന്നുണ്ട്. ഹൃദ്രോഗങ്ങൾക്ക് ഉചിത ചികിത്സാവിധിയാണെന്നതിന്‌ തെളിവുകൾ ശക്തമാണ്. മസ്തിഷ്കാഘാതവും ഹൃദയസ്തംഭനവും ഗണ്യമായി കുറയ്ക്കുന്നുണ്ട് ഇവ. അമേരിക്കയിലെ FDA-യുടെ (Food and Drug Administration) അംഗീകാരവും ഈ മരുന്ന് നേടിക്കഴിഞ്ഞു. ഉറക്കത്തിൽ ശ്വാസംനിലയ്ക്കുന്ന അസുഖത്തിനും ഈ മരുന്നുകൾ ഉപയോഗിക്കാമെന്നാണ് ക്ലിനിക്കൽപരീക്ഷണങ്ങൾ തെളിയിക്കുന്നത്.