ചെന്നൈ: പേശികളെ തളർത്തുന്ന മാരക ജനിതകരോഗമായ ഡുഷേൻ മസ്‌കുലർ ഡിസ്‌ട്രോഫി (ഡി.എം.ഡി.)യെ സവിശേഷ ഭക്ഷ്യവസ്തുക്കൾ വഴി ചെറുക്കുന്നതിനുള്ള വിദ്യയുമായി തമിഴ്‌നാട്ടിലെയും ജപ്പാനിലെയും ഗവേഷകർ രംഗത്ത്.

To advertise here,

ഒരിനം യീസ്റ്റിൽനിന്ന് വിഘടിപ്പിച്ചെടുക്കുന്ന ന്യൂ റെഫിക്‌സ് എന്ന പദാർഥം ഭക്ഷണത്തിനൊപ്പം കഴിക്കുന്നതുവഴി അസുഖം മൂർച്ഛിക്കുന്നത് തടയാനാവുമെന്നാണ് കണ്ടെത്തൽ. ഡി.എം.ഡി.ക്ക്‌ നിലവിലുള്ള ചികിത്സയെക്കാൾ വളരെ ചെലവുകുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ് ഇതെന്ന് ഗവേഷകർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.

കഴിഞ്ഞദിവസം മലപ്പുറം മുണ്ടുപറമ്പിൽ അച്ഛനും അമ്മയും രണ്ടുമക്കളും ഉൾപ്പെടെ നാലുപേർ ജീവനൊടുക്കിയത് ഈ രോഗത്തെക്കുറിച്ചുള്ള ആശങ്ക കാരണമാണെന്നാണ് കരുതുന്നത്.

പേശികളെ ഗുരുതരമായി ബാധിച്ച് ആൺകുട്ടികളെ വൈകല്യത്തിലേക്കും അകാലമരണത്തിലേക്കും നയിക്കുന്ന രോഗമാണ് ഡി.എം.ഡി. പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന ഡിസ്‌ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതാണ് രോഗകാരണം.

പേശികളുടെ ബലക്ഷയത്തിൽ തുടങ്ങി രോഗം മൂർച്ഛിക്കുന്നതോടെ പൂർണമായും തളരുന്ന അവസ്ഥയിലേക്കും മരണത്തിലേക്കും നീങ്ങും.

ന്യൂ റെഫിക്‌സ് കഴിക്കുന്ന രോഗികളിൽ ഡിസ്‌ട്രോഫിന്റെ അളവുവർധിക്കുകയും അതുവഴി പേശികൾ ബലപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ.

മധുര ജയ്‌കെയർ ആശുപത്രിയിലെ ഡോ. കെ. രാഘവൻ, ജപ്പാനിലെ മിയാസാക്കിയിൽനിന്നുള്ള ഖ്യുംഷു ആരോഗ്യ സർവകലാശാലയിലെ പ്രൊഫ. നോബുവാനോ ഇക്കെവാക്കി, ജപ്പാനിലെ യാമനാഷി സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ. സാമുവൽ ജെ.കെ. അബ്രഹാം, ചെന്നൈ എം.ജി.ആർ ആരോഗ്യ സർവകലാശാലയിലെ പ്രൊഫ. പുഷ്‌കല സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

ഇതിന്റെ ഫലം ഇന്റർനാഷണൽ ബ്രെയിൻ റിസർച്ച് ഓർഗനൈസേഷന്റെ ന്യൂറോ സയൻസ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീൻ തെറാപ്പിയും എക്സോൺ സ്കിപ്പിങ് തെറാപ്പിയുമാണ് നിലവിൽ ഡി.എം.ഡി ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. രണ്ടും കോടികൾ ചെലവുവരുന്ന രീതികളാണ്.

എന്നാൽ, ന്യൂ റെഫിക്‌സ് ചികിത്സയ്ക്ക് ചെറിയ ചെലവേ വരൂവെന്ന് ഡോ. സാമുവൽ അബ്രഹാം പറഞ്ഞു.

പ്രധാനമായും ആൺകുട്ടികളെയാണ് ഡി.എം.ഡി. ബാധിക്കുന്നത്. ഇന്ത്യയിൽ അഞ്ചുലക്ഷത്തിലേറെപ്പേർ രോഗബാധിതരാണെന്നാണ് കണക്ക്.