'റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്' പരമ്പരയ്ക്കായി കൊച്ചിയിലെത്തിയിരിക്കുകയാണ് റൊണാൾഡീന്യോ അടക്കമുള്ള ആറംഗസംഘം. ഇക്കൂട്ടത്തിൽ രണ്ടുപേരെ യെല്ലോഫീവറിന് പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. പിന്നീട് പ്രതിരോധ കുത്തിവെപ്പ് എടുത്തതിൻ്റെ പ്രതിരോധ സർട്ടിഫിക്കറ്റ് (ഡിജിറ്റർ കാർഡ് ) ഓൺലൈൻ മുഖേന ഡൗൺലോഡ് ചെയ്ത് വിമാനത്താവളത്തിലെ ഹെൽത്ത് വിഭാഗത്തിൽ സമർപ്പിച്ചതിനുശേഷമാണ് പുറത്തിറങ്ങാനായത്. യെല്ലോ ഫീവർ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന ചട്ടപ്രകാരമായിരുന്നു നടപടി.

To advertise here,

തെക്കെ അമേരിക്കൻ രാജ്യങ്ങളായ ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനസ്വേല തുടങ്ങിയ രാജ്യങ്ങളെ യെല്ലോ ഫീവർ സാരമായി ബാധിച്ചിരുന്നു. കൊളംബിയയിൽ ഇപ്പോഴും രോഗികളുടെ നിരക്ക് കൂടുതലാണ്. ദശകങ്ങളായി യെല്ലോഫീവർ നിയന്ത്രിച്ചു നിർത്തിയ ബ്രസീലിൽ എൺപതു വർഷത്തിനുശേഷമാണ് രോഗവ്യാപനമുണ്ടായത്. 2017-ൽ വീണ്ടും വ്യാപനമുണ്ടാവുകയും രണ്ടുവർഷത്തിനുള്ളിൽ 2,000-ത്തിലധികം ആളുകളെ രോഗം ബാധിക്കുകയും 700-ലധികം പേർ മരിക്കുകയും ചെയ്തിരുന്നു. വൈറസിന്റെ പെട്ടെന്നുള്ള വ്യാപനത്തിനു പിന്നിൽ 2017-ൽ ബ്രസീലിനെ ബാധിച്ച കടുത്ത വരൾച്ചയാണ് കാരണമായതെന്ന് 'സയൻസ് അഡ്വാൻസസ്' (Science Advances) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പൊതുവേ വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നതെങ്കിലും കാലാവസ്ഥവ്യതിയാനം മൂലം ഇടയ്ക്കിടെ ഉണ്ടാകുന്ന ഈർപ്പമുള്ള കാലാവസ്ഥ രോഗവ്യാപനത്തിനു കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. അന്തരീക്ഷം ചൂടുപിടിക്കുന്നത് കൊതുകുകൾ പെറ്റുപെരുകുന്നതിന് അനുകൂലമായ സാഹചര്യമൊരുക്കും.

ഇതിനിടെ കൊളംബിയയിലെ യെല്ലോ ഫീവറിന്റെ പശ്ചാത്തലത്തിൽ സെന്റർസ് ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ലെവൽ 2 - ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ടോളിമയിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗബാധിതമായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വാക്സിനേഷൻ എടുക്കാനും ശുപാർശ ചെയ്യുന്നുണ്ട്.

എന്താണ് യെല്ലോഫീവർ?

പകരുന്നതും വാക്സിനിലൂടെ പ്രതിരോധിക്കാൻ കഴിയാവുന്നതുമായ രോഗമാണ് യെല്ലോഫീവർ. വൈറസ് വാഹകരായ ഈഡിസ് (Aedes s.p.), ഹീമഗോഗസ് (Haemagogus s.p.), സാബെത്തസ് (Sabethes s.p.) കൊതുകുകളാണ് രോഗം പരത്തുന്നത്. വീടുകൾക്ക് ചുറ്റും വനപ്രദേശങ്ങളിലുമാണ് കൊതുകുകൾ വളരുന്നത്. ഉയർന്ന വ്യാപനശേഷിയുള്ളതിനാൽ ആഗോള ആരോഗ്യ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്ന രോഗമായാണ് ലോകാരോഗ്യസംഘടന യെല്ലോഫീവറിനെ കണക്കാക്കുന്നത്.

രോഗലക്ഷണങ്ങൾ

  • പനി
  • തലവേദന
  • ശരീരവേദന
  • ഓക്കാനം
  • ഛർദ്ദി

ബലക്ഷയം എന്നിവയാണ് യെല്ലോഫീവറിന്റെ പ്രാരംഭ ലക്ഷണങ്ങൾ. യെല്ലോഫീവർ ബാധിച്ചവരിൽ ഏകദേശം 15% ആളുകൾക്ക് ഗുരുതരമായ അണുബാധ ഉണ്ടാകാം. തീവ്രമായ പനി, മഞ്ഞപ്പിത്തം, ഛർദ്ദി, രക്തസ്രാവം (വായിൽ, മൂക്കിൽ, കണ്ണുകളിൽ, വയറ്റിൽ), അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയവയിലേക്കു നയിക്കാം. ഈ ഘട്ടത്തിലെത്തുന്ന രോഗികളിൽ ഏകദേശം 50% പേരും 7-10 ദിവസത്തിനുള്ളിൽ മരണപ്പെടും.

ചികിത്സ

യെല്ലോ ഫീവറിനായുള്ള പ്രത്യേക ആന്റിവൈറൽ ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് നൽകുക. വിശ്രമം, ശരീരത്തിൽ ജലാംശം നിലനിർത്തൽ, കരൾ, വൃക്ക എന്നിവയുടെ ആരോഗ്യപരിപാലനം, സെക്കന്ററി ബാക്ടീരിയൽ അണുബാധകൾക്കുള്ള ആൻറിബയോട്ടിക്കുകൾ എന്നിവയാണ് നൽകുക.

പ്രതിരോധം

വാക്സിനേഷനാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ നടപടി. ഒരൊറ്റ ഡോസ് ആയുസ്സ് മുഴുവൻ പ്രതിരോധശേഷി നൽകുന്നു, ബൂസ്റ്റർ ഡോസ് ആവശ്യമില്ല. 80-100% ആളുകളിൽ 10 ദിവസത്തിനുള്ളിലും, 99% ൽ അധികം ആളുകളിൽ 30 ദിവസത്തിനുള്ളിലും പ്രതിരോധശേഷി വികസിക്കും. കൊതുകുകൾ വളരാനുള്ള സാഹചര്യം ഇല്ലാതാക്കലും പ്രധാനമാണ്.

വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രാജ്യങ്ങൾ

യെല്ലോ ഫീവർ ബാധിത പ്രദേശങ്ങളിൽ നിന്നുവരുന്നവർക്കും അതുവഴി യാത്രചെയ്യുന്നവർക്കും മാത്രമാണ് ചില രാജ്യങ്ങൾ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതെങ്കിൽ മറ്റുചില രാജ്യങ്ങൾ എല്ലാ യാത്രക്കാർക്കും ആവശ്യപ്പെടുന്നുണ്ട്. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും വാക്സിൻ എടുത്തിരിക്കണം. എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റിന് സാധുതയുണ്ടാവുകയുള്ളൂ

സാധാരണയായി 9 മാസമോ 1 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ യാത്രക്കാർക്കും യെല്ലോഫീവർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ചില രാജ്യങ്ങൾ ഇവയാണ്:

അംഗോള, ബെനിൻ, ബുർകിന ഫാസോ, കാമറൂൺ, ബുറുണ്ടി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ഗാബോൺ,ഗിനിയ, ഘാന, മാലി, ലൈബീരി, നൈജീരിയ, റുവാണ്ട, സിയേറ ലിയോൺ, സൗത് സുഡാൻ, ഉഗാണ്ട, സാംബിയ.

യെല്ലോഫീവർ ബാധയില്ലാത്ത പ്രദേശത്ത് നിന്ന് നേരിട്ടാണ് വിമാനത്തിൽ എത്തുന്നതെങ്കിൽ പല രാജ്യങ്ങളും വാക്സിൻ ആവശ്യപ്പെടില്ല, എന്നാൽ സജീവമായി യെല്ലോഫീവർ പകരുന്ന ഒരു രാജ്യത്തു നിന്നാണ് വരുന്നതെങ്കിലോ, അതിലൂടെ യാത്ര ചെയ്തുവെങ്കിലോ വാക്സിൻ സർട്ടിഫിക്കറ്റ് ചോദിക്കും. തായ്ലാന്റ്, സൗത് ആഫ്രിക്ക, കെനിയ, ടാൻസാനിയ, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയവയാണ് ഈ യാത്രാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യങ്ങൾ.