അലസമായ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെ കാരണം പലരും അമിതവണ്ണത്താൽ വലയുന്നുണ്ട്. ഭക്ഷണം കുറച്ചും വർക്കൗട്ട് ചെയ്തുമൊക്കെ തങ്ങളാൽ കഴിയുംവിധം പരിശ്രമിക്കുന്നവരുമുണ്ട്. ചിലർക്കാകട്ടെ വയറിന്റെ വണ്ണം കുറയ്ക്കുന്നതാണ് ബാലികേറാമലയായി തുടരുക. എന്നാൽ ശീലങ്ങളിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.
ഒരു ഗ്ലാസ് വെള്ളത്തിൽ നിന്ന് തുടങ്ങാം
എഴുന്നേറ്റയുടൻ ഒരുഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. അതിൽ അൽപം നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.
ചെറുവ്യായാമങ്ങൾ
രാവിലെകൾ ചെറുവ്യായാമങ്ങളോടെ തുടങ്ങുന്നതും ഗുണം ചെയ്യും. ചെറിയൊരു നടത്തം, സ്ട്രെച്ചിങ്, യോഗ, മിതമായ വർക്കൗട്ട് മുതലായവ ചെയ്യാം. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തെയും മെറ്റബോളിസത്തെയും മെച്ചപ്പെടുത്തും. ഒപ്പം കൊഴുപ്പ് അടിഞ്ഞതിനെ ഉരുക്കാനും ഗുണം ചെയ്യും.
പ്രോട്ടീനിൽ തുടങ്ങാം
പ്രഭാതഭക്ഷണം പ്രോട്ടീൻ സമൃദ്ധമാക്കാനും ശ്രദ്ധിക്കാം. മുട്ട, യോഗർട്ട്, ആൽമണ്ട്, പ്രോട്ടീൻ സ്മൂത്തീ തുടങ്ങിയ പ്രോട്ടീൻസമ്പന്നമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാൻ സഹായിക്കുന്നതിനൊപ്പം വിശപ്പിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ഫൈബറിന്റെ അളവ് കൂട്ടാം
നാരുകൾ നന്നായി അടങ്ങിയ ഭക്ഷണരീതി ഉൾപ്പെടുത്തുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. നാരുകൾ ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കാൻ ശ്രമിക്കാം. ഇത് വയറ് സ്തംഭിച്ച അവസ്ഥ ഇല്ലാതാക്കുന്നതിനൊപ്പം ദഹനപ്രക്രിയ സുഗമമാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.
ശ്വസനവ്യായാമങ്ങൾ
വണ്ണം കുറയ്ക്കുന്ന പ്രക്രിയയിൽ ശാരീരിക അധ്വാനങ്ങൾക്കൊപ്പം മാനസികനിലയ്ക്കും പ്രാധാന്യമുണ്ട്. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ തന്നെ സമ്മർദം കുറയ്ക്കാനുള്ള വഴികളും തേടിയിരിക്കണം. രാവിലെകളിൽ ശ്വസന വ്യായാമങ്ങൾ ശീലമാക്കുന്നത് സമ്മർദം കുറയ്ക്കാനും അതിനൊപ്പം വണ്ണം കുറയാനും സഹായിക്കും.
പ്രാതലിന് മധുരം വേണ്ട
പ്രാതലിന് മധുരം നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്ന ശീലം ഒഴിവാക്കുന്നതും ഗുണം ചെയ്യും. പ്രഭാതഭക്ഷണത്തിൽ മധുരവിഭവങ്ങൾ നിറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില വർധിപ്പിക്കുകയും ദിവസം മുഴുവൻ വിശപ്പ് തോന്നിപ്പിക്കുകയും ചെയ്യും.
ഭക്ഷണം പ്ലാൻ ചെയ്യാം
ദിവസവും രാവിലെ അന്നന്നത്തെ ഭക്ഷണം എന്തൊക്കെ വേണമെന്ന് തീരുമാനിക്കാനും ശ്രദ്ധിക്കാം. പ്രാതലിൽ തുടങ്ങി പ്രധാന ഭക്ഷണങ്ങളും സ്നാക്സുമൊക്കെ ഏതെല്ലാം ആക്കണമെന്ന് തീരുമാനിച്ചിരിക്കുന്നത് ചിട്ടയായ ഭക്ഷണരീതി പിന്തുടരാനും അമിതമായി കഴിക്കുന്നത് തടയാനും സഹായിക്കും.
ഉറക്കവും പ്രധാനം
വ്യായാമവും ഭക്ഷണരീതിയും മാത്രമല്ല മതിയായ ഉറക്കവും വണ്ണംകുറയ്ക്കൽ പ്രക്രിയയിൽ പ്രധാനമാണ്. ഉറക്കം കുറയുന്നതിലൂടെ വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണുകളും വർധിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനും വയറിൽ കൊഴുപ്പ് അടിയാനും കാരണമാകും.
ഭക്ഷണം മിതമാക്കാം
ഭക്ഷണം പ്ലാൻ ചെയ്യുന്നതിനൊപ്പം തന്നെ കഴിക്കുന്ന അളവിലും ശ്രദ്ധ വേണം. പ്രാതലിൽ തുടങ്ങി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ മിതത്വം തുടരണം. ഇതുവഴി കലോറിയുടെ അളവ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും കഴിയും.
Content Highlights: Ways to Lose Belly Fat
Published: 10 Jul 2023, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented