ശരീരഭാരം കുറയ്ക്കുക എന്നത് മിക്കവർക്കും വലിയ വെല്ലുവിളിയാണ്. പെട്ടെന്നുള്ള ഫലത്തിനായി പലരും കഠിനമായ ഭക്ഷണക്രമങ്ങളും അമിതമായ വ്യായാമമുറകളും തിരഞ്ഞെടുക്കാറുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഗുണകരമാകണമെന്നില്ല.
എന്നാൽ പട്ടിണി കിടക്കാതെ തന്നെ ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ നിന്ന് പരിശീലനം നേടിയ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി, തന്റെ ഭക്ഷണത്തിൽ ഫൈബർ ഉൾപ്പെടുത്തിയതിലൂടെ മാത്രം 13.6 കിലോ ഭാരം കുറച്ചതെങ്ങനെയെന്ന് അടുത്തിടെ പോസ്റ്റ് പങ്കുവെച്ചിരുന്നു.. വിശപ്പുകൊണ്ടല്ല, മറിച്ച് വയർ നിറഞ്ഞു എന്ന തോന്നൽ നൽകാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് താൻ അമിതമായി ആഹാരം കഴിച്ചിരുന്നതെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ദഹന പ്രക്രിയ മന്ദഗതിയില വയർ നിറഞ്ഞ അനുഭവം ദീർഘനേരം നിലനിർത്താൻ ഫൈബറിന് സാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ഊർജ്ജനില സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നതിലൂടെ മധുരത്തോടുള്ള കൊതി കുറയ്ക്കാനും ഇതിലൂടെ കഴിയും. പച്ചക്കറികളും പയറുവർഗ്ഗങ്ങളും പോലെ ഫൈബർ കൂടുതലുള്ള ഭക്ഷണങ്ങളിൽ കലോറി കുറവായതുകൊണ്ട് തന്നെ, കലോറി നിയന്ത്രണത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ ആവശ്യത്തിന് ആഹാരം കഴിക്കാൻ നമുക്ക് സാധിക്കുന്നു.
കൂടാതെ, ഫൈബർ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. ഈ ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്ന ചില സംയുക്തങ്ങൾ കലോറി എരിച്ചുകളയുന്ന പ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറയ്ക്കുന്നുവെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
ഫൈബർ കഴിക്കുന്നത് എങ്ങനെ വർധിപ്പിക്കാമെന്നതിനെക്കുറിച്ചും ഡോ. സേഥി ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പയറുവർഗ്ഗങ്ങൾ, വിത്തുകൾ, ബെറികൾ, പച്ചക്കറികൾ എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സ്ത്രീകൾ പ്രതിദിനം 25 ഗ്രാമും പുരുഷന്മാർ 30 മുതൽ 38 ഗ്രാമും ഫൈബർ കഴിക്കാൻ ശ്രദ്ധിക്കണം. എന്നാൽ പെട്ടെന്ന് വലിയ അളവിൽ ഫൈബർ കഴിക്കുന്നത് ഗ്യാസ്, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമായേക്കാം. അതിനാൽ ഓരോ ആഴ്ചയും അഞ്ച് ഗ്രാം വീതം അളവ് വർദ്ധിപ്പിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ ഇവയാണ്: ഫൈബർ ശരീരത്തിൽ ശരിയായി പ്രവർത്തിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ആപ്പിൾ, പേരിക്ക തുടങ്ങിയ പഴങ്ങൾ തൊലിയോടെ കഴിക്കുന്നതും ജ്യൂസിന് പകരം മുഴുവൻ പഴമായി കഴിക്കുന്നതും കൂടുതൽ ഫൈബർ ലഭിക്കാൻ സഹായിക്കും. വൈറ്റ് ബ്രെഡ്, വെള്ള അരി എന്നിവയ്ക്ക് പകരം ഓട്‌സ്, ബാർലി, തവിടുള്ള അരി എന്നിവ ഉപയോഗിക്കുക. സൂപ്പുകളിലും സലാഡുകളിലും പയറുവർഗ്ഗങ്ങൾ ചേർക്കുന്നതും സ്നാക്സായി നട്സ്, പോപ്‌കോൺ തുടങ്ങിയവ ഉപയോഗിക്കുന്നതും ഗുണകരമാണ്.
Content Highlights: Harvard Doc's Secret to Losing 30 Lbs: Fiber
Published: 05 Mar 2026, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented