ലോകത്താകെ കാൻസർ കേസുകൾ കുത്തനെ ഉയരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജീവിതശൈലി ഉൾപ്പെടെയുള്ള ഘടകങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. കാൻസർ രോഗികൾക്ക് കരുതലേകാൻ ഒരു ദിവസമുണ്ട്, അതാണ് വേൾഡ് റോസ് ഡേ. കാൻസറിനോട് പോരാടുന്നവർക്ക് പ്രതീക്ഷയും സന്തോഷവും പകരുകയും മാനസിക പിന്തുണയേകുകയുമാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. കാൻസർ യാത്രയിൽ അവർ ഒറ്റയ്ക്കല്ലെന്ന് ഓർമിപ്പിക്കാനായി രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഈ ദിനത്തിൽ റോസാപ്പൂക്കളും കാർഡുകളും പങ്കിടാറുണ്ട്. ലോകമെമ്പാടുമുള്ള കാൻസർബാധിതരെ ആദരിക്കുന്നതിനായാണ് കാൻസർ പേഷ്യന്റ് കെയർ ഡേ അഥവാ ലോക റോസ് ദിനം ആചരിക്കുന്നത്. കാൻസറിനെതിരെ പോരാടുന്നവരും അവരുടെ പ്രിയപ്പെട്ടവരും ഈ യാത്രയിൽ തനിച്ചല്ലെന്നും ഈ ദിനത്തിലൂടെ ഓർമിപ്പിക്കുന്നു.
മെലിൻഡ റോസിന്റെ കാൻസർ പോരാട്ടം
കാനഡയിൽ നിന്നുള്ള മെലിൻഡ റോസ് എന്ന പന്ത്രണ്ടുകാരിയുടെ സ്മരണാർഥമാണ് എല്ലാ വർഷവും ഈ ദിനം റോസ് ഡേ ആയി ആചരിക്കുന്നത്. 1994-ലാണ് മെലിൻഡയ്ക്ക് ആസ്കിൻസ് ട്യൂമർ എന്നയിനം രക്താർബുദം ബാധിച്ചത്. ഏതാനും ആഴ്ചകൾ മാത്രമേ മെലിൻഡ ജീവിച്ചിരിക്കൂയെന്ന് ഡോക്ടർമാരും പറഞ്ഞു. എന്നാൽ കരുതിയതിനേക്കാൾ അപ്പുറം മെലിൻഡ അതിജീവിച്ചു. രോഗനിർണയം നടത്തി ആറുമാസത്തിനുശേഷമാണ് മെലിൻഡ മരിച്ചത്. തന്റെ ചികിത്സാകാലയളവിൽ ഉടനീളം ആശുപത്രിയിൽ സന്തോഷവും പോസിറ്റിവിറ്റിയും നിറച്ചാണ് മെലിൻഡ മടങ്ങിയത്. തനിക്കൊപ്പം കാൻസറിനെതിരെ പോരാടുന്നവർക്ക് അവൾ കവിതകളും കത്തുകളും എഴുതി തന്നാലാവുംവിധം കരുത്തുപകർന്നു. തുടർന്നാണ് മെലിൻഡയുടെ മരണാനന്തരം ഈ ദിനം ആചരിക്കാൻ തീരുമാനമായത്.
ലോക റോസ് ദിനത്തിൽ റോസാപ്പൂക്കൾ പങ്കിടുന്നതിനും കാരണമുണ്ട്. സ്നേഹത്തെയും കരുതലിനെയും ദയയെയും പ്രതിനിധീകരിക്കുന്ന റോസാപ്പൂക്കളാണ് കാൻസർ രോഗികൾക്ക് സ്നേഹവും പിന്തുണയും പ്രതീക്ഷയുമേകാൻ മികച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
1994 സെപ്റ്റംബർ 22-ന് ഇന്ത്യയിലാണ് ആദ്യത്തെ റോസ് ദിനാഘോഷം ഔദ്യോഗികമായി ആരംഭിച്ചത്. ഇന്ത്യയിലെ കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷനാണ് ഇതിനു തുടക്കമിട്ടത്. പിന്നീട് 2000-ൽ ആഗോളതലത്തിലുള്ള കാൻസർ കെയർ സ്ഥാപനങ്ങളും വെൽഫെയർ സംഘടനകളും വേൾഡ് റോസ് ഡേ ലോകവ്യാപകമായി ആചരിച്ചുതുടങ്ങുകയും ചെയ്തു.
കാൻസറിനെ പ്രതിരോധിക്കാനുള്ള വഴികൾ
എല്ലാതരം കാൻസറിനെയും പ്രതിരോധിക്കുക സാധ്യമല്ലെങ്കിലും ജീവിതശൈലിയിലൂടെ അപകടസാധ്യത കൂട്ടുന്ന ചിലയിനം കാൻസറുകളുടെ കാര്യത്തിൽ ഒരുപരിധിവരെയെങ്കിലും പ്രതിരോധം പ്രധാനമാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ:
- പുകയില ഒഴിവാക്കുക.
- സമീകൃതാഹാരം കഴിക്കുക.
- വ്യായാമം ശീലമാക്കുക
- എച്ച്.പി.വി വാക്സിനേഷൻ ഉൾപ്പെടെ കാൻസറിന് കാരണമാകുന്ന രോഗങ്ങൾക്കെതിരെയുള്ള വാക്സിനേഷൻ എടുക്കുക.
- കാൻസർ സ്ക്രീനിങ് മുടക്കാതിരിക്കുക.
- പരിസ്ഥിതിയിലെ വിഷവസ്തുക്കളുമായി കുറഞ്ഞ സമ്പർക്കം പുലർത്തുക.
Content Highlights: World rose day celebrates cancer fighters, inspired by Melinda Rose's journey, spreading hope and support through roses and cards globally.
Published: 22 Sept 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented