ആലപ്പുഴ: വൃക്കരോഗികളുടെ എണ്ണം സംസ്ഥാനത്ത് വർഷംതോറും കൂടുമ്പോഴും സർക്കാർ മേഖലയിൽ ഡയാലിസിസ് സൗകര്യങ്ങൾ പരിമിതം. ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ആവശ്യമുള്ളവരാണ് രോഗികളിലധികവും. ഇവരുടെ ജീവൻ നിലനിർത്താൻ സർക്കാർ മേഖലയിൽ 1,233 ഡയാലിസിസ് യന്ത്രങ്ങൾ മാത്രം. ഡയാലിസിസ് വേണ്ടവരാകട്ടെ 2.33 ലക്ഷവും.

To advertise here,

ഇത്രയധികം പേരെ ഉൾക്കൊള്ളാനുള്ള ശേഷി സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകൾക്കില്ല. അതിനാൽ, സൗജന്യ ഡയാലിസിസ് പാവപ്പെട്ട രോഗികൾക്കടക്കം നിഷേധിക്കപ്പെടുന്നു. ഇപ്പോൾ ഡയാലിസിസ് നടത്തുന്ന രോഗി മരിച്ചാലോ വൃക്കമാറ്റിവെച്ചാലോ മാത്രമേ പുതിയ രോഗികൾക്ക് അവസരം ലഭിക്കൂ.

ഒന്നരവർഷമായി കുറഞ്ഞ നിരക്കിലുള്ള ഡയാലിസിസിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുണ്ട്. ‍ഡയാലിസിസ് ഒന്നിന് 1,000 മുതൽ 2,000 വരെ രൂപ നൽകി സ്വകാര്യമേഖലയെയാണ് ഇവർ ആശ്രയിക്കുന്നത്.

ചിലയിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും അത് തികയില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ ഡയലാസിസ് വേണ്ട രോഗികളാണ് അധികവും.

സർക്കാർമേഖലയിൽ പ്രധാനമന്ത്രിജനാരോഗ്യ യോജനയിലും കാരുണ്യസുരക്ഷാ പദ്ധതിയിലുമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഡയാലിസിസ് നടത്താം. എന്നാൽ, ആവശ്യത്തിന് യന്ത്രങ്ങളില്ലാത്തതിനാൽ ഇവർക്കും പണം നൽകി പുറത്ത് ഡയാലിസിസ് നടത്തേണ്ട സ്ഥിതിയാണ്.

ദിവസം നാലായിരത്തിൽ താഴെ ഡയാലിസിസ് മാത്രം

: ഒരു യന്ത്രം മൂന്നു ഷിഫ്റ്റിലാണ് ദിവസവും പ്രവർത്തിക്കുന്നത്. ഒരാൾക്ക് ഡയാലിസിസ് നടത്താൻ നാലുമണിക്കൂർ വേണം. അതിന്റെ മുന്നൊരുക്കത്തിനും മറ്റുമുള്ള സമയംകൂടിയാകുമ്പോൾ അത് 5-6 മണിക്കൂറായി ഉയരും. ഇത്തരത്തിൽ സർക്കാർ മേഖലയിലെ യന്ത്രങ്ങളെല്ലാം പ്രവർത്തിപ്പിച്ചാൽ പരമാവധി 3,699 പേർക്കുമാത്രമാണ് ദിവസം ഡയലാസിസ് നടത്താനാകുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി തുടക്കത്തിലേ വെട്ടി

: വൃക്കരോഗികളുടെ എണ്ണം കൂടിയതോടെ തദ്ദേശസ്ഥാപനങ്ങൾ പലതും പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കി. എന്നാൽ, സർക്കാർ അനുമതി നൽകിയില്ല. യൂണിറ്റ് സ്ഥാപിച്ചാൽ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനും ശമ്പളം നൽകാനും പണം വേണം. ഒടുവിൽ, താലൂക്ക് ആശുപത്രിക്കു താഴെയുള്ള ആരോഗ്യസ്ഥാപനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കരുതെന്ന് ഉത്തരവിറക്കി. കഴിഞ്ഞവർഷം ഡിസംബറിൽ ഇറക്കിയ ഈ ഉത്തരവും വൃക്കരോഗികൾക്ക് തിരിച്ചടിയായി.

സംസ്ഥാനത്തെ ഡയാലിസിസ് സൗകര്യം

ഡയാലിസിസ് കേന്ദ്രം 106

പ്രവർത്തനക്ഷമമായ യന്ത്രങ്ങൾ 1,233

ഡയാലിസിസിനായി അഞ്ചുവർഷത്തിനിടെ രജിസ്റ്റർ ചെയ്തവർ 2,33,066

പ്രതിമാസം രജിസ്റ്റർ ചെയ്യുന്നവർ 800-900

പ്രതിമാസം ചെയ്യുന്ന ഡയാലിസിസ് 57,327

അഞ്ചുവർഷം നടത്തിയ ഡയലിസിസ് 25,04,716

(2024 ഡിസംബറിൽ ദേശീയ ആരോഗ്യദൗത്യം പുറത്തുവിട്ട കണക്ക്)