ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യന്ത്രങ്ങൾ കൂടുമ്പോഴും പ്രവർത്തിപ്പിക്കാൻ വേണ്ടത്ര ടെക്നീഷ്യന്മാരില്ല. മാസംതോറും 1.12 ലക്ഷം ഡയാലിസിസ് ചെയ്യാൻ ശേഷിയുള്ള 1,254 യന്ത്രങ്ങൾ സംസ്ഥാനത്തുണ്ട്. എന്നാൽ, ശരാശരി 60,000 ഡയാലിസ് മാത്രമാണ് നടക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ അരലക്ഷത്തിലേറെ ഡയാലിസിസാണ് മാസംതോറും മുടങ്ങുന്നത്.
സംസ്ഥാനത്ത് 122 ഡയാലിസിസ് കേന്ദ്രങ്ങളാണ് സർക്കാർ സംവിധാനത്തിലുള്ളത്. 11 എണ്ണം മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനു കീഴിൽ മെഡിക്കൽ കോളേജ് ആശുപത്രികളിലാണ്. ഇവിടങ്ങളിൽ സ്ഥിരം ടെക്നീഷ്യന്മാരുണ്ട്.
എന്നാൽ, ആരോഗ്യവകുപ്പിനു കീഴിലുള്ള 111 ഡയാലിസിസ് േകന്ദ്രങ്ങളിൽ 28 ഇടത്തായി 68 സ്ഥിരം ടെക്നീഷ്യന്മാരെ മാത്രമാണു നിയമിച്ചിട്ടുള്ളത്. ബാക്കി 83 ഡയാലിസിസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് താത്കാലികക്കാരെ വെച്ചാണ്.
മൂന്നു ഷിഫ്റ്റുകളിൽ ഡയാലിസിസ് യന്ത്രം പ്രവർത്തിപ്പിക്കണമെങ്കിൽ സ്ഥിരം ടെക്നീഷ്യന്മാരോ പരിചയസമ്പന്നരായ താത്കാലികക്കാരോ വേണം. പരിചയസമ്പത്തുള്ള താത്കാലികക്കാർക്ക് സർക്കാർ മേഖലയിൽ ലഭിക്കുന്നത് തുച്ഛവേതനമാണ്. ഇതുകാരണം അവർ സ്വകാര്യ മേഖലയിലേക്കോ വിദേശത്തേക്കോ പോകും. ഇതുമൂലം യന്ത്രങ്ങളുടെ പൂർണശേഷി വിനിയോഗിക്കാൻ പലയിടത്തും കഴിയുന്നില്ല.
ടെക്നീഷ്യന്മാരുടെ പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ട്. അതിൽനിന്നു നിയമനം നടത്തണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിൽനിന്നും ആരോഗ്യവകുപ്പിനു ശുപാർശ നൽകിയിരുന്നു. എന്നാൽ, നിയമനം നീളുകയാണ്. നെഫ്രോളജിസ്റ്റുമാരും മിക്കയിടത്തുമില്ല.
കാത്തിരിക്കുന്നത് 6,500 വൃക്കരോഗികൾ
സംസ്ഥാനത്ത് സർക്കാർ സംവിധാനത്തിൽ ഡയാലിസിസ് നടത്തുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന 6,500 വൃക്കരോഗികളാണ്. യന്ത്രങ്ങൾ മുഴുവനും മൂന്നു ഷിഫ്റ്റുകളിലായി പ്രവർത്തിപ്പിച്ചാൽ ഇതിൽ ആയിരത്തോളം പേർക്കെങ്കിലും അവസരം ലഭിക്കും. 5,410 രോഗികളാണ് സർക്കാർ സംവിധാനത്തിൽ ഡയാലിസിസ് നടത്തുന്നത്. ഇതിൽ പലരും ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസ് വേണ്ടവരാണ്.
Content Highlights: Kerala`s government hospitals face a technician crisis, leaving dialysis machines idle and patients waiting.
Published: 04 Jan 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented