ഹരിപ്പാട്: ‘രക്തം ഛർദിച്ച് അവശനായി 11 മണിക്കൂർ കിടന്നിട്ടും ഹരിപ്പാട് ആശുപത്രിയിലെ ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല. രാത്രി എട്ടുമണിയോടെ നിർബന്ധപൂർവം വിടുതൽ വാങ്ങി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. അവിടെ നാലുമണിക്കൂർ കാത്തിരുന്നു. എന്നാൽ, ഐ.സി.യു.വിൽ ഒഴിവില്ലെന്നറിയിച്ച് മടക്കിവിട്ടു. രാത്രി 12-ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയശേഷമാണ് ചികിത്സ കിട്ടിയത്. അടുത്തദിവസം രാവിലെ മരിച്ചു’ -ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡയാലിസിസ് പിഴവിനെത്തുടർന്നു മരിച്ചെന്ന് ബന്ധുക്കളാരോപിക്കുന്ന വെട്ടുവേനി ചക്കനാട്ട് രാമചന്ദ്ര (60)ന്റെ ഭാര്യ ടി. അംബിക പറഞ്ഞു.

To advertise here,

2016-ലാണ് രാമചന്ദ്രന് വൃക്കരോഗം കലശലായത്. വൃക്ക മാറ്റിവെച്ചെങ്കിലും ഒരുവർഷം കഴിഞ്ഞപ്പോൾ ഡയാലിസിസ് തുടങ്ങേണ്ടിവന്നു. ആദ്യം തട്ടാരമ്പലത്തെ ആശുപത്രിയിലായിരുന്നു. മൂന്നുവർഷം മുൻപ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസ് തുടങ്ങിയപ്പോൾ അവിടേക്കുമാറി. ആഴ്ചയിൽ മൂന്നു ഡയാലിസിസുണ്ട്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ഡയാലിസിസ് തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടതോടെ അസ്വസ്ഥതയനുഭവപ്പെട്ടു. ആ സമയം ഒപ്പം ഡയാലിസിസിനു വിധേയരായ നാലുപേർക്കും വിറയലും ഛർദിയുമുണ്ടായി. രാമചന്ദ്രനെയും മറ്റുള്ളവരെയും പെട്ടെന്ന് വാർഡിലേക്കു മാറ്റിയെങ്കിലും നിരീക്ഷണത്തിലാണെന്നു പറഞ്ഞ് ഡോക്ടർമാർ പരിശോധനയ്ക്കെത്തിയില്ലെന്നാണ് അംബിക പറയുന്നത്. ഇടയ്ക്ക്‌ രക്തം ഛർദിച്ചു. വൈകീട്ട് ആറുമണിയായപ്പോഴാണ് പരിശോധിച്ചത്. ഒടുവിൽ ബന്ധുക്കളുടെ നിർബന്ധത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

എട്ടുമണിയോടെ അവിടെയെത്തി ഓക്സിജൻ നൽകി. എന്നാൽ, കരഞ്ഞുപറഞ്ഞിട്ടും ഐ.സി.യു.വിൽ ഒഴിവില്ലെന്നറിയിച്ച് നാലുമണിക്കൂറിനുശേഷം മടക്കിയയച്ചെന്നും അംബിക പറഞ്ഞു. ഹരിപ്പാട്ടുനിന്ന് വണ്ടാനം ആശുപത്രിയിലേക്കും തിരികെ തട്ടാരമ്പലത്തെ സ്വകാര്യാശുപത്രിയിലേക്കുമായി 80 കിലോമീറ്ററിലധികം അവശനിലയിലായ രാമചന്ദ്രനുമായി യാത്രചെയ്യേണ്ടിവന്നതായും അംബിക പറഞ്ഞു. തട്ടാരമ്പലത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെയാണ് രാമചന്ദ്രൻ മരിച്ചത്.

അണുബാധയാണ് മരണത്തിനിടയാക്കിയതെന്ന് സ്വകാര്യ ആശുപത്രിയിലെ ചികിത്സാരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.എം.ഒ., ആശുപത്രി സൂപ്രണ്ട് എന്നിവർക്കും പോലീസിനും പരാതി നൽകുമെന്ന് അംബിക പറഞ്ഞു.

രാമചന്ദ്രനൊപ്പം ഡയാലിസിസിനു വിധേയനായ കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയിൽ മജീദ് (52) തിങ്കളാഴ്ച രാത്രി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. അന്നുതന്നെ ചികിത്സതേടിയ കാർത്തികപ്പള്ളി വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാർ (60) സുഖംപ്രാപിച്ചു വരുന്നു.