ഹരിപ്പാട് (ആലപ്പുഴ): ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്തതിലെ വീഴ്ചകാരണം രണ്ടുപേർ മരിച്ചതായി പരാതി. ഒരാൾ അണുബാധയോടെ ചികിത്സയിലാണ്. ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയിൽ മജീദ് (52) എന്നിവരാണ് മരിച്ചത്. കാർത്തികപ്പള്ളി വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാർ (60) വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർ തിങ്കളാഴ്ച ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസിനു വിധേയരായവരാണ്. രാമചന്ദ്രൻ ഗവ. ആശുപത്രിക്കു സമീപം പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു.

To advertise here,

വെള്ളത്തിൽ അണുബാധയുണ്ടായതായാണ് അത്യാഹിതത്തിനു വഴിവെച്ചതെന്നാണ് ആക്ഷേപം. എന്നാൽ, പരാതിക്ക് അടിസ്ഥാനമില്ലെന്നും ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നുമാണ് ഡി.എം.ഒ.യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഹരിപ്പാട്ടെ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഇവിടെ ഡയാലിസിസ് നടത്തിവന്ന 58 പേരെ മറ്റു സർക്കാർ ആശുപത്രികളിലേക്കു മാറ്റി. ഹരിപ്പാട്ടെ ജീവനക്കാരെയും അവിടങ്ങളിലേക്ക് താത്കാലികമായി മാറ്റി നിയമിച്ചു.

രാമചന്ദ്രന്റെ ബന്ധുക്കൾക്കൊപ്പം നഗരസഭാധ്യക്ഷ വൃന്ദ എസ്. കുമാർ ബുധനാഴ്ച രാവിലെ ആശുപത്രിയിലെത്തി സൂപ്രണ്ടുമായി സംസാരിച്ചു. തുടർന്നാണ് ഡി.എം.ഒ.യെ വിവരമറിയിച്ചത്. ഡി.എം.ഒ.,ഡെപ്യൂട്ടി ഡി.എം.ഒ. എന്നിവരുൾപ്പെടുന്ന പതിനൊന്നംഗ വിദഗ്ധസംഘം നാലര മണിക്കൂറോളം ഡയാലിസിസ് യൂണിറ്റിൽ പരിശോധന നടത്തി. വെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു. തിങ്കളാഴ്ചയ്ക്കുശേഷം ഇവിടെ 48 പേർക്ക് ഡയാലിസിസ് നടത്തിയിരുന്നു. ഇവരെയെല്ലാം ഫോണിൽ വിളിച്ച് ആരോഗ്യവിവരം തിരക്കി. ആർക്കും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നു സ്ഥിരീകരിച്ചു.

രാമചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ബന്ധുക്കൾ തയ്യാറായില്ല. രമേശ് ചെന്നിത്തല എം.എൽ.എ. ആരോഗ്യമന്ത്രിയെ വിവരമറിയിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധസംഘം വ്യാഴാഴ്ച ആശുപത്രിയിലെത്തും. ഇവർ വിശദപരിശോധന നടത്തും. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഹരിപ്പാട്ട് ഡയാലിസിസ് നടത്തിയില്ല. പതിവായി വരുന്നവരെ മാവേലിക്കര ഗവ. ആശുപത്രിയിലേക്ക് അയച്ചു.

അന്വേഷിക്കണം- കെസി വേണുഗോപാൽ എം.പി.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതിനായി കത്തയച്ചു. ഉപയോഗിച്ച മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരുടെ വിശദാംശങ്ങളും പ്രോട്ടക്കോൾ പാലനവും സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.