ഒരു സ്ത്രീക്ക് എത്ര കുട്ടികളുണ്ട് എന്നതും അവർ എപ്പോഴാണ് ഗർഭം ധരിക്കുന്നത് എന്നതും അവരുടെ ആയുസുമായി ബന്ധപ്പെട്ടിരിക്കാം എന്ന സൂചനയുമായി പുതിയ പഠനം. ഹെൽസിങ്കി യൂണിവേഴ്‌സിറ്റിയിലെയും മിനർവ ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിന്റെയും ഗവേഷകർ ഇരട്ടകളായ ഏകദേശം 15,000 സ്ത്രീകളുടെ ജീവിതം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. പ്രത്യുത്പാദനം വാർധക്യവും ആയുസുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഗവേഷകർ പരിശോധിച്ചു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ അവർ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

To advertise here,

1975-ലാണ് പഠനത്തിന് തുടക്കം കുറിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പഠനത്തിന്റെ ഭാഗമായവർ അന്ന് ആദ്യം ഒരു ചോദ്യാവലി പൂരിപ്പിച്ച് നൽകിയിരുന്നു. അന്നു മുതൽ ഗവേഷകർ അവരുടെ ജീവിതത്തെ ട്രാക്ക് ചെയ്തു. രണ്ടോ മൂന്നോ കുട്ടികളുള്ള സ്ത്രീകൾ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പ്രവണത ഗവേഷകർ കണ്ടെത്തി. ഗർഭധാരണത്തിന്റെ സമയവും ദീർഘായുസിൽ ഒരു പങ്കുവഹിച്ചതായി കണ്ടെത്തി.

24-നും 38-നും ഇടയിലുള്ള ഗർഭധാരണങ്ങൾ ആരോഗ്യകരമായ ഏജിങ് പാറ്റേണുമായും ദീർഘായുസുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ നാലിലധികം കുട്ടികളുള്ള സ്ത്രീകൾക്ക് ശരാശരി ആയുസ് കുറവായിരുന്നു. അവർ വേഗത്തിലുള്ള ജൈവ വാർധക്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതായും പഠനത്തിൽ കണ്ടെത്തി. ശരീരത്തിന് പരിമിതമായ ഊർജ്ജ സ്രോതസ്സുകൾ മാത്രമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്ന പരിണാമ സിദ്ധാന്തങ്ങൾ ഇതിന് പിന്നിലുണ്ടാകാം എന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്രത്യുത്പാദനം വർധിക്കുന്നതോടെ ശരീരത്തിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും ആവശ്യമായ വിഭവങ്ങളുടെ ലഭ്യത കുറഞ്ഞേക്കാം.

അതിനിടെ കുട്ടികളില്ലാത്ത സ്ത്രീകളിൽ കുട്ടികളുടെ എണ്ണം കുറവുള്ള സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ അൽപം വേഗത്തിലുള്ള വാർധക്യം കാണപ്പെട്ടു എന്നും പഠനം കണ്ടെത്തി. ഇത് പഠനത്തിൽ പൂർണ്ണമായി അളക്കാത്ത ജീവിതശൈലി അല്ലെങ്കിൽ ആരോഗ്യ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കാം എന്ന് ഗവേഷകർ പറയുന്നു. കണ്ടെത്തലുകൾ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള വ്യക്തിഗതമായ തീരുമാനങ്ങളെ സ്വാധീനിക്കരുതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.