ജീവിതത്തിൽ കൂടുതൽ നിയന്ത്രണവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായി അണ്ഡം ശീതീകരിച്ചുവയ്ക്കാൻ തീരുമാനിച്ചതായുള്ള അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി അംഗം അലക്‌സാണ്ട്രിയ ഒകാസിയോ കോർട്ടെസിന്റെ തുറന്നുപറച്ചിൽ ഇതുസംബന്ധിച്ച വലിയ ചർച്ചകളിലേക്കാണ് വഴി തുറന്നിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഹോർമോൺ കുത്തിവെപ്പ് എടുക്കുന്ന ദൃശ്യങ്ങൾ ഒകാസിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. എബിസി ചാനലിലെ 'ദിസ് വീക്ക്' അഭിമുഖത്തിന് എത്തുന്നതിന് തൊട്ടുമുമ്പ് ഗ്രീൻ റൂമിൽ വെച്ചാണ് അവർ ഈ ഹോർമോൺ ഇൻജക്ഷൻ എടുത്തത്. 

To advertise here,

കരിയറിൽ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ സംബന്ധിച്ചടത്തോളം എല്ലായ്‌പ്പോഴും വില്ലനാകാറുള്ളത് അവരുടെ വ്യക്തി ജീവിതം തന്നെയാണ്. ബയോളജിക്കൽ ക്ലോക്കിനനുസരിച്ച് ജീവിക്കേണ്ടി വരുന്നതിനാൽ ഒന്നുകിൽ കരിയറിനോടോ അല്ലെങ്കിൽ വ്യക്തിജീവിതത്തോടൊ കോംപ്രമൈസ് ചെയ്യേണ്ടി വരും. വ്യക്തിജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ശാരീരികമായ വെല്ലുവിളികളില്ലാതെ മാതൃത്വത്തിലേക്ക് കടക്കാൻ അണ്ഡശീതീകരണം എന്ന മാർഗം സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചിട്ടുണ്ട്. പ്രായം കൂടുംതോറും അണ്ഡത്തിന്റെ ഗുണനിലവാരത്തിലും എണ്ണത്തിലും കുറവുവരുമെന്നതിനാൽ, അനുയോജ്യമായ പ്രായത്തിൽ ഇവ ശേഖരിച്ച് ഭാവിയിലേക്ക് സൂക്ഷിക്കുന്ന രീതിയാണ് അണ്ഡശീതീകരണം. തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് അവരുടെ വ്യക്തിജീവിതവും കരിയറും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് കാണിക്കാനാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതെന്ന് അലക്‌സാണ്ട്രിയയും പറയുന്നത്.

നിരവധി ഘട്ടങ്ങൾ ഇതിനുണ്ട്. രക്തപരിശോധനകളും അൾട്രാസൗണ്ട് സ്‌കാനിംഗും നടത്തി അണ്ഡാശയത്തിന്റെ ആരോഗ്യം, അണ്ഡങ്ങളുടെ ലഭ്യത എന്നിവ വിലയിരുത്തണം. ഒരു ആർത്തവചക്രത്തിൽ ഒരു അണ്ഡമാണ് പാകപ്പെടാറുള്ളത്. എന്നാൽ ഒന്നിലധികം അണ്ഡങ്ങൾ ഒരേസമയം വികസിപ്പിച്ചെടുക്കാൻ 10 മുതൽ 14 ദിവസം വരെ ദിവസേന ഹോർമോൺ കുത്തിവെപ്പുകൾ നൽകും. അണ്ഡങ്ങൾ പാകമായ ശേഷം, ചെറിയൊരു അനസ്‌തെഷ്യ നൽകി അൾട്രാസൗണ്ട് ഗൈഡൻസ് വഴി അണ്ഡാശയത്തിൽ നിന്ന് അണ്ഡങ്ങൾ ശേഖരിക്കും. ഏകദേശം 15-20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള പ്രക്രിയയാണിത്.തുടർന്ന്, ശേഖരിച്ച അണ്ഡങ്ങളിൽ നിന്ന് പൂർണ ആരോഗ്യമുള്ളവ കണ്ടെത്തി ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുക. ഇരുപതുകളുടെ അവസാനത്തിലോ മുപ്പതുകളുടെ തുടക്കത്തിലോ ഇത്തരത്തിൽ അണ്ഡം ശീതീകരിക്കുന്നതാണ് ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ചില്ലറ പാർശ്വഫലങ്ങളും ഈ പ്രക്രിയയ്ക്കുണ്ട്. ഹോർമോൺ ഇൻജക്ഷനുകൾ കാരണം ശരീരഭാരം കൂടുക, മൂഡ് വ്യതിയാനങ്ങൾ, വയറുവീർക്കൽ എന്നിവ അനുഭവപ്പെട്ടേക്കാം.ഒവേറിയൻ ഹൈപ്പർസ്റ്റിമുലേഷൻ സിൻഡ്രോം അതായത് അണ്ഡാശയം അമിതമായി ഉത്തേജിപ്പിക്കപ്പെടുന്ന അവസ്ഥ ചിലരിൽ അപൂർവമായി കണ്ടുവരാറുണ്ട്. ഇതിന് ചികിത്സയുണ്ട്. മറ്റൊരു പ്രധാന സംഗതി അണ്ഡശീതീകരണത്തിനായി വേണ്ടി വരുന്ന ചെലവാണ്. ചികിത്സയ്ക്കും അണ്ഡം സൂക്ഷിക്കുന്നതിനും ഉയർന്ന തുകയാണ് ചെലവ് വരുന്നത്.

അണ്ഡശീതീകരണത്തിനായി വേണ്ടിവന്ന വൻതുക സാമ്പത്തികമായി വലിയ സമ്മർദം സൃഷ്ടിച്ചതായി അലക്‌സാണ്ട്രിയ ഒകാസിയോ കോർട്ടെസും വെളിപ്പെടുത്തുന്നുണ്ട്. 8,000 ഡോളറിലധികം ഏകദേശം 6.7 ലക്ഷത്തിലധികം രൂപ അവർക്ക് ചെലവഴിക്കേണ്ടതായി വന്നു. ആരോഗ്യ ഇൻഷുറൻസിൽനിന്ന് ചികിത്സയ്ക്ക് ഒരു പൈസ പോലും ലഭിച്ചില്ലെന്നും സ്വന്തം കയ്യിൽനിന്നാണ് പണം ചെലവാക്കിയതെന്നും പറഞ്ഞ അലക്‌സാണ്ട്രിയ സാധാരണക്കാരായ സ്ത്രീകൾക്ക് ഈ ചികിത്സ പ്രാപ്യമാകുന്നതിലെ തടസ്സങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. 'പുരുഷന്മാർ ജോലിക്ക് അപേക്ഷിക്കുമ്പോഴോ അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴോ അവർ എപ്പോൾ കുടുംബം തുടങ്ങും അല്ലെങ്കിൽ അവർക്ക് കുട്ടികളുണ്ടാകുമോ എന്ന ചോദ്യം ആരും ഉന്നയിക്കാറില്ല. എന്നാൽ സ്ത്രീകൾ രാഷ്ട്രീയത്തിലും തൊഴിൽ രംഗത്തും സമാനതകളില്ലാത്ത സമ്മർദ്ദമാണ് നേരിടുന്നത്.' അലക്‌സാണ്ട്രിയ പറഞ്ഞു. അമേരിക്കൻ ഭരണകൂടം നിലവിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾക്കും ആരോഗ്യ സംരക്ഷണങ്ങൾക്കും മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ വിമർശിച്ച അവർ, പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും സ്ത്രീകൾ നേരിടുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച് പരസ്യമായ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.

ഇന്ത്യയിൽ പ്രിയങ്ക ചോപ്ര, കൃതി സനൻ, ഏക്ത കപൂർ, മോന സിങ്, തനിഷ മുഖർജി, റിച്ച ഛദ്ദ, ഇഷ ഗുപ്ത തുടങ്ങിയ താരങ്ങൾ എഗ്ഗ് ഫ്രീസിങ് ചെയ്തിട്ടുള്ളവരാണ്. മാതൃത്വം തങ്ങൾക്ക് അനുയോജ്യമായ സമയത്തേക്ക് മാറ്റിവെക്കാനും, ആരോഗ്യപരമായ കാരണങ്ങളാൽ (ഉദാഹരണത്തിന് ക്യാൻസർ ചികിത്സയ്ക്ക് മുൻപ്) ഭാവിയിലെ ഗർഭധാരണ സാധ്യത ഉറപ്പാക്കാനും ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വലിയൊരു ആശ്വാസമാണ് ഈ ആധുനിക വൈദ്യശാസ്ത്ര സാങ്കേതികവിദ്യ.