മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് ഓരോരുത്തരിലും ഓരോ തരം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. അഞ്ചോ അതിൽക്കൂടുതലോ മണിക്കൂർ നീണ്ടുനിൽക്കുന്ന തലവേദന, നാലുമണിക്കൂർ മുതൽ മൂന്നുദിവസം വരെ നീണ്ടുനിൽക്കുന്ന തലവേദന, തലയുടെ ഒരുവശത്തെ വേദന, മിടിക്കുന്ന വേദന, സാധാരണയിൽക്കവിഞ്ഞ അനിയന്ത്രിതമായ വേദന, ചിട്ട മാറിയാലുണ്ടാകുന്ന വേദന, ഛർദി അല്ലെങ്കിൽ ശബ്ദത്തോടോ വെളിച്ചത്തോടോ ഉള്ള അസഹിഷ്ണുത തുടങ്ങിയവ മൈഗ്രേനിന്റെ ലക്ഷണങ്ങളാണ്. പ്രധാനമായും തലയുടെ ഒരുവശത്തുള്ള ചെന്നിയിൽ അതികലശലായ കുത്തിനോവായി പ്രകടമാകുന്നതിനാൽ ചെന്നിക്കുത്തെന്ന പേരിലാണ് പ്രാദേശികമായി മൈഗ്രേൻ അറിയപ്പെടുന്നത്. ഇപ്പോഴിതാ ഉറക്കം ശരിയാകാത്തതും മൈഗ്രേനും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ഗവേഷകർ.
രാത്രി മതിയായി ഉറക്കം ലഭിക്കാത്തവരിൽ തൊട്ടടുത്ത ദിവസം രാവിലെ മൈഗ്രേൻ അറ്റാക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ന്യൂറോളജി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഏഴുവയസ്സുമുതൽ 84 വയസ്സുവരെ പ്രായമുള്ളവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എത്ര സമയം ഉറങ്ങിയെന്നും ഉറക്കത്തിനിടെ എത്രപ്രാവശ്യം എഴുന്നേറ്റുവെന്നും ഉറക്കത്തിനിടയ്ക്ക് തടസ്സം നേരിട്ടുവോ എന്നുമെല്ലാം പരിശോധിച്ചിരുന്നു. ഒപ്പം മൈഗ്രേൻ അറ്റാക്കുകൾ ഉണ്ടായ സമയവും രേഖപ്പെടുത്തുകയുണ്ടായി. തുടർന്നാണ് ഉറക്കം സുഖകരമല്ലാത്തവരിൽ അടുത്തദിവസം മൈഗ്രേനിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയത്.
ഉറക്കം കുറഞ്ഞത് ഊർജക്കുറവിലേക്ക് നയിക്കുകയും മൈഗ്രേൻ അറ്റാക്കുകൾ വർധിപ്പിക്കുകയും ചെയ്തുവെന്ന് ഗവേഷകർ പറയുന്നു. ഇതേക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകുന്നതിലൂടെ ഉറക്കത്തിൽ ചിട്ടപാലിക്കുകയും മൈഗ്രേൻ അറ്റാക്കുകൾക്കുള്ള സാധ്യത കുറയുകയും ചെയ്തേക്കാമെന്നാണ് ഗവേഷകർ കരുതുന്നത്. മൈഗ്രേൻ, ക്ലസ്റ്റർ ഹെഡ്എയ്ക്കുകൾ തുടങ്ങി സ്ഥിരമായി തലവേദനകൾ ഉള്ളവരിൽ മതിയായി ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു.
മൈഗ്രേൻ തലവേദന പൂർണമായി മാറ്റാൻ കഴിയുമോ ?
മൈഗ്രേൻ വളരെ സാധാരണയായി കാണുന്ന തലവേദനയാണ്. മൈഗ്രേൻ പൂർണമായി മാറ്റാൻ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. ന്യൂറോവാസ്കുലാർ തലവേദനയുടെ വിഭാഗത്തിൽപ്പെടുന്ന തലവേദനയാണിത്. അത് പൂർണമായും മാറ്റാൻ കഴിയില്ല. ചികിത്സയുടെ ഉദ്ദേശം അത് നിയന്ത്രിച്ചുപോവുക എന്നതാണ്. എപ്പോഴും ട്രിഗർ ചെയ്യാനുള്ള കാരണമുണ്ടാകും. ഉറക്കമില്ലായ്മ, സമ്മർദം, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, വെയിൽ കൊള്ളുക, കഠിനമായ ജോലി, വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക, ഫ്ലാഷ് കണ്ണിലേക്കടിക്കുക തുടങ്ങിയവയൊക്കെ കാരണമാകാം. അവ തടയുകയാണ് രോഗനിയന്ത്രണത്തിൽ പ്രധാനം.
മറ്റൊന്ന് രോഗം എത്ര ഇടവേളയിലാണ് വരുന്നതെന്ന് പരിശോധിക്കലാണ്. അതികഠിനമായ വേദനയായിരിക്കും മൈഗ്രേന്റേത്. അത് എപ്പോഴൊക്കെയാണ് വരുന്നതെന്ന് പരിശോധിക്കണം. ആഴ്ച്ചയിൽ എത്രതവണ വരുന്നുവെന്ന് പരിശോധിച്ചാൽ മൈഗ്രേൻ വരാതിരിക്കാനുള്ള മരുന്ന് മൂന്നുമുതൽ ആറുമാസത്തോളം തുടർച്ചയായി കഴിക്കേണ്ടിവരും. ചിലരിൽ മാസത്തിൽ ഒന്നോരണ്ടോ തവണയായിരിക്കും വരിക. സ്ത്രീകളിലാണ് മൈഗ്രേൻ വേദന കൂടുതലായി കാണപ്പെടുന്നത്. മാസത്തിൽ ഒന്നോരണ്ടോതവണ മാത്രം വരുന്നതാണെങ്കിൽ ആ സമയത്തുമാത്രം കഴിക്കുന്ന മറ്റൊരു വിഭാഗം മരുന്നുണ്ട്. ഈ മൂന്നുരീതിയിലൂടെയാണ് രോഗം നിയന്ത്രിക്കുന്നത്.
ഏതാണ് ട്രിഗർ ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കാൻ എന്തുചെയ്യണം?
മൈഗ്രേൻ അനുഭവിക്കുന്നയാൾ തന്നെ അതു കണ്ടുപിടിച്ചിരിക്കണം. വെയിലത്തു നിന്ന് ജോലി ചെയ്യുന്നവരിലും ഉറങ്ങിയില്ലെങ്കിലും വിശപ്പ് അനുഭവിക്കുമ്പോഴുമൊക്കെ വരാം. ചിലരിൽ കാപ്പികുടിച്ചാൽ മൈഗ്രേൻ വരുമെങ്കിൽ ചിലർക്ക് അത് കഴിച്ചാൽ കുറയും. അതുപോലെ തന്നെയാണ് ചോക്ലേറ്റ് കഴിക്കുമ്പോഴും.
തലവേദനകളിൽ ഏറ്റവും സാധാരണം മൈഗ്രേയ്നാണോ?
തലവേദനകളിൽ ഏറ്റവും സാധാരണമായിട്ടുള്ളത് ടെൻഷൻ ഹെഡ്എയ്ക്കാണ്. എന്തെങ്കിലും സമ്മർദം പെട്ടെന്നുണ്ടാകുമ്പോൾ വരുന്നതാണിത്. തലയിൽ ഇറുകിപ്പിടിക്കുന്നതു പോലെ തോന്നുന്ന അവസ്ഥയാണിത്. എന്നാൽ മൈഗ്രേയ്ന്റേത് ഒരുവശത്തുമാത്രം വിങ്ങുന്നതുപോലെയുള്ള കഠിനമായ വേദനയാണ്. പതുക്കെതുടങ്ങി കൂടിവരുന്ന വേദനയാണിത്. ഉറങ്ങിയാലും വേദനാസംഹാരി കഴിച്ചാലുമൊക്കെ പോകുന്നവയാണ് ടെൻഷൻ തലവേദന. എന്നാൽ മൈഗ്രേൻ തലവേദന അതിനുള്ള മരുന്നുകൾ കഴിച്ചാൽ മാത്രമേ പോകൂ. തലവേദനകളിൽ എൺപതു ശതമാനവും ടെൻഷൻ തലവേദനയും ബാക്കി പതിനഞ്ചു ശതമാനം മൈഗ്രേൻ തലവേദനയുമായിരിക്കും.
Content Highlights: how a poor nights sleep may trigger migraine headaches
Published: 31 Jan 2024, 11:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented