വണ്ണംകുറയാനിടയുണ്ടായ കാരണം പങ്കുവെച്ച് ബോളിവുഡ് നടൻ ആമിർ ഖാൻ. മൈഗ്രേൻ ഭേദമാക്കാൻ ആഹാരരീതിയിൽ വരുത്തിയ മാറ്റങ്ങളാണ് തന്റെ വണ്ണം കുറയാൻ സഹായിച്ചതെന്നാണ് ആമിർ പറയുന്നത്. പതിനെട്ടുകിലോയോളമാണ് താൻ കുറച്ചതെന്നും ആമിർ വ്യക്തമാക്കി.

To advertise here,

വണ്ണംകുറയ്ക്കുക എന്നതിനേക്കാൾ മൈഗ്രേന് പരിഹാരം തേടുക എന്ന ലക്ഷ്യത്തോടെയാണ് ആഹാരരീതിയിൽ മാറ്റംവരുത്തിയതെന്നാണ് ആമിർ പറയുന്നത്. ശരീരത്തിൽ വീക്കമുണ്ടാകുന്നത് തടയുന്ന ഭക്ഷണങ്ങളാണ് തിരഞ്ഞെടുത്തത്. ആരോഗ്യകാരണത്താൽ തിരഞ്ഞെടുത്ത പുതിയ ഡയറ്റ് മാജിക്ക് പോലെ തന്റെ ശരീരത്തിൽ പ്രവർത്തിച്ച് വണ്ണംകുറയാൻ സഹായിച്ചുവെന്നാണ് ബോളിവു‍ഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആമിർ പറഞ്ഞത്.

മൈഗ്രേൻ കുറയ്ക്കാൻ വേണ്ടിയാണ് ഞാൻ ഡയറ്റിങ് സ്വീകരിച്ചത്. അത് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റായിരുന്നു. പതിനെട്ടു കിലോ കുറയുക മാത്രമല്ല മൈഗ്രേനും കുറഞ്ഞു- ആമിർ പറഞ്ഞു.

ശരീരത്തിസ്‍ നീർ‌വീക്കമുണ്ടാകുന്നതുമൂലം വരാനിടയുള്ള ആരോഗ്യപ്രശ്നങ്ങളാണ് മൈഗ്രേൻ, സന്ധിവേദന, കടുത്ത ക്ഷീണം തുടങ്ങിയവ. ഭക്ഷണരീതിയിൽ പരമാവധി പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും നട്സും സീഡ്സും ആരോഗ്യകരമായ കൊഴുപ്പും ഉൾപ്പെടുത്തുക വഴി ശരീരത്തിൽ വീക്കമുണ്ടാകുന്നത് തടയാനാവും. സംസ്കരിച്ച ഭക്ഷണങ്ങളും മധുരവും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുമൊക്കെ കുറയ്ക്കുകയും വേണം.

ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
  • ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം. 

എന്താണ് മൈഗ്രേൻ?

തലയുടെ ഒരുവശത്തോ, രണ്ടുവശത്തോ, കണ്ണിനു ചുറ്റുമായോ ആരംഭിക്കുന്ന തലവേദനയാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. വേദന ഒരുവശത്തുനിന്ന് തുടങ്ങി തലയിൽ മുഴുവനായി പടരാം. ശബ്ദം, വെളിച്ച എന്നിവ വേദന കൂടുതൽ അസഹ്യമാക്കും. തലവേദനയ്ക്ക് മുമ്പ് താൽക്കാലികമായി കറുത്ത പാടുകൾ, മിന്നൽവെളിച്ചം, വരകൾ എന്നിവ കാണപ്പെടുന്ന വിഷ്വൽ ഓറ എന്ന അവസ്ഥയുണ്ടാകാം. കൈകാലുകളുടെ ഭാരം വർധിക്കുന്നതായി തോന്നുക, തളർച്ച, തലചുറ്റൽ, ചെവിയിൽ മൂളൽ, ഗ്യാസ്ട്രബിൾ, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയവയും മൈഗ്രേൻ തലവേദനയ്ക്ക് മുമ്പ് അനുഭവപ്പെടാം. ഉറക്കം കൃത്യമാക്കുക, മൈഗ്രേന് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക ദിനചര്യ ആരോഗ്യകരമാക്കുക എന്നിവയാണ് പ്രധാന പരിഹാര മാർഗങ്ങൾ.