ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്തവർ ഉണ്ടാവില്ല. സൈനസ്, മൈഗ്രേൻ, ടെൻഷൻ എന്നുതുടങ്ങി തലവേദനയ്ക്ക് പലകാരണങ്ങൾ ഉണ്ടാകാറുണ്ട്. നിസ്സാരമാക്കിവിടുന്ന തലവേദന അർബുദത്തിന്റെ തുടക്കമാകുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. എല്ലാ തലവേദനയേയും സാധാരണമാണെന്ന് കരുതരുതെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. സാധാരണ തലവേദന എന്നൊന്നില്ലെന്നും തലവേദനിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണവുമുണ്ടെന്നും പറയുകയാണ് അദ്ദേഹം.
എക്സിൽ പങ്കുവെച്ച നീണ്ടകുറിപ്പിലൂടെയാണ് തലവേദനയെ എന്തുകൊണ്ട് സാധാരണമായി കാണരുതെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. എപ്പോഴും സാധാരണ തലവേദന വരാറുണ്ട്, പക്ഷേ ഇതൽപം വ്യത്യസ്തമാണെന്നുപറഞ്ഞ് വരുന്നവരെ താൻ ദിവസവും കാണാറുണ്ടെന്നും പക്ഷേ അത്തരത്തിൽ സാധാരണമായൊരു തലവേദനയില്ലെന്നും അദ്ദേഹം കുറിച്ചു. തലവേദനിക്കുന്നുണ്ടെങ്കിൽ അസാധാരണമാണെന്ന് തിരിച്ചറിയണം.
രോഗികൾ സാധാരണയായി വരുന്നത് എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് സ്ഥിരമായി വരുന്നതാണെന്നാണ്. വർഷങ്ങളോളം, അല്ലെങ്കിൽ കുട്ടിക്കാലംമുതൽ ഇത്തരം വേദന അനുഭവിക്കുന്നുണ്ടാവും. ഈ വേദനയ്ക്കൊപ്പം ജോലിചെയ്യാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊക്കെ ശീലിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ചികിത്സവേണ്ടുന്ന വിഷയമായി കണക്കാക്കില്ല. അതിനർഥം അത് സാധാരണ തലവേദനയാണെന്നല്ല മറിച്ച് രോഗനിർണയം നടത്തിയിട്ടില്ലെന്നാണ്.
ഇത്തരത്തിലുള്ള പല തലവേദനകളും മൈഗ്രേൻ ആയിരിക്കാമെന്നും അദ്ദേഹം പറയുന്നു. പലരും കരുതുന്നത് മൈഗ്രേൻ തലവേദനയ്ക്കൊപ്പം ഛർദിയും മറ്റും ഉണ്ടാകുമെന്നാണ്. പക്ഷേ അതല്ല സത്യം, പല മൈഗ്രേനും മിതമായി വന്നുപോവുന്നവയാണ്, അതല്ലെങ്കിൽ സൈനസിന്റെയും ടെൻഷൻ ഹെഡ്എയ്ക്കുപോലെയും വരുന്നവയാണ്.
പലപ്പോഴും അത് വെറും സൈനസ് തലവേദനയാണെന്ന് നിസ്സാരമാക്കുന്നവർ ഏറെയുണ്ടെന്നും ഡോക്ടർ സുധീർ കുമാർ കുറിക്കുന്നു. എന്നാൽ സ്വയം സൈനസ് തലവേദനയാകുമെന്ന് കരുതുന്ന 90 ശതമാനത്തിനും പിന്നിൽ മൈഗ്രേൻ ആണ് കാരണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. മൂക്കടപ്പ്, കണ്ണിൽ വെള്ളം നിറയുക തുടങ്ങിയ ലക്ഷണങ്ങൾ സൈനസിന്റേത് മാത്രമല്ല മൈഗ്രേൻ തലവേദനയിലും ഉണ്ടാകുമെന്നും പക്ഷേ കാലങ്ങളോളം ആളുകൾ ലക്ഷണങ്ങളെ തെറ്റിദ്ധരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ചെറിയ തലവേദനയല്ലേ എന്നുപറഞ്ഞ് നിസ്സാരമാക്കുമ്പോൾ വല്ലപ്പോഴും വന്നിരുന്ന തലവേദന ക്രമേണ സ്ഥിരമാവുകയും തീവ്രമാവുകയും ചെയ്യുന്ന സാഹചര്യത്തിലെത്തും. ഡോക്ടറെ കാണാതെ ഓവർ ദി കൗണ്ടർ മെഡിസിൻ വാങ്ങിക്കഴിക്കുന്നത് ശീലമാക്കുന്നതിലൂടെ മരുന്നിന്റെ ഉപയോഗം കൂടും. ഇതുപിന്നീട് മരുന്ന് ഉപയോഗിക്കുന്നത് കൂടുന്നതുമൂലമുള്ള തലവേദനയ്ക്ക് കാരണമാകും.
ആഴ്ചയിൽ ഒരിക്കൽപ്പോലും തലവേദന കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവരാണെങ്കിൽ അത് സാധാരണമല്ലെന്നും ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണെന്നും അദ്ദേഹം കുറിക്കുന്നു. രോഗലക്ഷണം തീവ്രമാകുന്നതുവരെ കാത്തിരിക്കരുതെന്നും അദ്ദേഹം കുറിച്ചു.
Content Highlights: Don`t ignore persistent headaches! Discover why what you think is a common headache could be something more serious.
Published: 18 Feb 2026, 08:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented