തലവേദന (Headache) എന്നത് ഒരു സാധാരണ ആരോഗ്യപ്രശ്‌നമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവപ്പെടാത്തവർ ഉണ്ടാകില്ല. എന്നാൽ തലവേദന ഓരോരുത്തർക്കും വ്യത്യസ്തമായ രീതിയിലാണ് അനുഭവപ്പെടാറുള്ളത്. തലയോട്ടിയിൽ, മുഖത്ത്, കഴുത്തിൽ അല്ലെങ്കിൽ തലയുടെ മറ്റുഭാഗങ്ങളിൽ നിശ്ചിത സമയത്ത് വേദന അനുഭവപ്പെടാം. തലവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. 200-ലധികം തലവേദനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയധികം കാരണങ്ങളുള്ള രോഗാവസ്ഥ ഇല്ലെന്നുപറയാം. പലപ്പോഴും തലവേദനയെ ഒരു ലക്ഷണമായാണ് പരിഗണിക്കുന്നത്. നിസ്സാരമായ കാരണങ്ങൾമുതൽ ഗൗരവമുള്ള രോഗാവസ്ഥകൾവരെ തലവേദന ഉണ്ടാക്കാം. അതായത് മാനസികസമ്മർദവും ജീവിതശൈലിയിലെ മാറ്റങ്ങളും തുടങ്ങി പല ഘടകങ്ങളും തലവേദന സൃഷ്ടിക്കാം. അലട്ടുന്ന തലവേദന ഉണ്ടായാൽ അതിന്റെ കാരണം കൃത്യമായി തിരിച്ചറിയേണ്ടത് പ്രധാനമാണ്.
ശരീരത്തിന്റെ ഏത് ഭാഗത്തെയും വേദന തിരിച്ചറിയുന്നത് തലച്ചോറാണ്. എന്നാൽ സ്വന്തം നിലയിൽ തലച്ചോറിൽ വേദന തിരിച്ചറിയാനുള്ള പെയിൻ റിസപ്റ്ററുകൾ ഇല്ല. എന്നാൽ തലച്ചോറിലേക്കുള്ള പ്രധാന രക്തക്കുഴലുകളിലും നാഡികളിലും വേദന തിരിച്ചറിയുന്ന റിസപ്റ്ററുകളുണ്ട്. അതാണ് തലവേദന എന്ന അനുഭവം തിരിച്ചറിയാൻ സഹായിക്കുന്നത്.
രക്തക്കുഴലുകളിലോ നാഡികളിലോ ഉണ്ടാകുന്ന ചുരുങ്ങലും സമ്മർദവുമാണ് മിക്കവാറും തലവേദനകൾക്ക് കാരണം. അതായത് തലയോട്ടിയെ ആവരണം ചെയ്യുന്ന ചർമത്തിലെ രക്തക്കുഴലുകൾക്കുചുറ്റും ഒട്ടേറെ നാഡീതന്തുക്കളുണ്ട്. ഈ നാഡീതന്തുക്കൾക്ക് സമ്മർദമുണ്ടാകുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ട്. കൂടാതെ തലയോട്ടിയുടെ പുറത്തെ പേശികൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതും തലവേദന ഉണ്ടാക്കാം. തലച്ചോറിനെ ആവരണം ചെയ്യുന്ന, നിരവധി നാഡീതന്തുക്കൾ അടങ്ങിയ ഡൂറമേറ്റർ എന്ന സ്തരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും തലവേദനയുണ്ടാക്കും. കണ്ണ്, മൂക്ക്, ചെവി, തുടങ്ങിയ മുഖഭാഗങ്ങളിലും തൊണ്ടയിലുമൊക്കെയുണ്ടാകുന്ന പ്രശ്‌നങ്ങളും തലവേദനയ്ക്ക് ഇടയാക്കാറുണ്ട്.
തലവേദനയുടെ പ്രധാന വിഭാഗങ്ങൾ
പ്രൈമറി തലവേദനകൾ
മറ്റേതെങ്കിലും അസുഖങ്ങൾ അല്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണമല്ലാതെ നേരിട്ടുതന്നെ ഉണ്ടാവുന്നതാണ് പ്രൈമറി തലവേദനകൾ. 90-95 ശതമാനം തലവേദനകളും ഈ വിഭാഗത്തിൽപെട്ടതാണ്. ഇതിലെല്ലാം തലവേദനതന്നെയാണ് പ്രധാന ലക്ഷണം. മൈഗ്രേൻ, ടെൻഷൻ തലവേദന, ക്ലസ്റ്റർ തലവേദന എന്നിവയാണ് ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടത്.
മൈഗ്രേൻ; വിങ്ങുന്ന തലവേദന
18 മുതൽ 45 വരെ വയസ്സുള്ളവരിലാണ് മൈഗ്രേൻ (Migraine)കൂടുതലായി കണ്ടുവരുന്നത്. ശക്തമായ തലവേദനയാണ് ഉണ്ടാവുക. സാധാരണയായി തലയ്ക്ക് ഒരുവശത്ത് മാത്രമായോ ഇരുവശങ്ങളിലുമായോ കഠിന വേദന അനുഭവപ്പെടാം. കൂടാതെ ഛർദി, പ്രകാശം, ശബ്ദം എന്നിവയോടുള്ള അസ്വസ്ഥത, താത്കാലികമായി ചിന്താശേഷി കുറയൽ, കാഴ്ചശക്തി കുറയൽ എന്നിവ ഉണ്ടാവാം. മൈഗ്രേൻ വേദന മണിക്കൂറുകൾമുതൽ ദിവസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. വിശ്രമിക്കുമ്പോൾ ആശ്വസം തോന്നും.
മൈഗ്രേൻ വരുമ്പോൾ തലയ്ക്കകത്തുള്ള രക്തക്കുഴലുകൾ ചുരുങ്ങിപ്പോകുകയും തലയ്ക്ക് പുറംഭാഗത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യും. അതുകൊണ്ടാണ് മൈഗ്രേൻ തലവേദന വിങ്ങുന്നതരത്തിൽ അനുഭവപ്പെടുന്നത്.
മൈഗ്രേനും ഓറയും
മൈഗ്രേനുമുൻപ് ചിലർക്ക് ഓറ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പലരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാറുമില്ല.
വിഷ്വൽ ഓറ: മൈഗ്രേൻ തലവേദന വരുന്നതിന് മുന്നോടിയായി ചിലരിൽ കാഴ്ചസംബന്ധമായ ചില കാര്യങ്ങൾ ഉണ്ടാകാറുണ്ട്. കറുത്തപാടുകൾ, ഗ്രേ നിറത്തിലുള്ള പാടുകൾ, മിന്നൽവെളിച്ചംപോലെ അനുഭവപ്പെടുക തുടങ്ങിയവ.
സെൻസറി ഓറ: സംവേദനക്ഷമതയെയാണ് ഇത് സ്വാധീനിക്കുന്നത്. കൈകാലുകൾക്കും മുഖത്തും മരവിപ്പും സ്പർശനശേഷിക്കുറവും അനുഭവപ്പെടാം.
മോട്ടോർ ഓറ: തലവേദന തുടങ്ങുന്നതിനുമുൻപ് കൈകാലുകൾക്ക് ഭാരം വർധിച്ചതായോ തളർച്ച അനുഭവപ്പെടുന്നതായോ തോന്നാം.
പെർസെപ്ച്വൽ ഓറ: സാധനങ്ങൾ വലുതായോ ചെറുതായോ വളഞ്ഞതായോ ഒക്കെ തോന്നാം.
കൊഗ്‌നിറ്റീവ് ഓറ: ഓർമക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള പ്രയാസം, ആശയക്കുഴപ്പം തുടങ്ങിയവ അനുഭവപ്പെടാം.
വെസ്റ്റിബുലാർ ഓറ: തലകറക്കം, ബാലൻസ് പ്രശ്‌നം ചെവിയിൽ മൂളുന്നതുപോലെ തോന്നുക എന്നിവ അനുഭവപ്പെടാം.
ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ഓറ: ഛർദി, വയറുവേദന, ഗ്യാസ്ട്രബിൾ, വയർവീർക്കൽ തുടങ്ങി ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭവപ്പെടാം.
ഓട്ടോണമിക് ഓറ: വിശപ്പില്ലായ്മയോ അമിതവിശപ്പോ തോന്നുക, ചില പ്രത്യേക ഭക്ഷണങ്ങളോട് താത്പര്യം തോന്നുക, ശരീരത്തിന്
അമിതമായ ചൂട്, വിയർപ്പ്, തണുപ്പ് തുടങ്ങിയവ തോന്നുക.
ചികിത്സകൾ
മൈഗ്രേൻ നിയന്ത്രിക്കാൻ പലതരം മരുന്നുകൾ ലഭ്യമാണ്. ബയോ ഫീഡ് ബാക്ക്, നർവ് സ്റ്റിമുലേഷൻസ്, ബോട്ടുലിനം ഇഞ്ചക്ഷനുകൾ എന്നിവയും പുതിയ ചികിത്സയാണ്. തലയുടെയും കഴുത്തിന്റെ വിവിധ വശങ്ങളിലെയും പേശികളിലാണ് ബോട്ടുലിനം ഇഞ്ചക്ഷൻ നൽകുക. മൂന്നുമാസം കൂടുമ്പോഴോ ആറുമാസം കൂടുമ്പോഴോ ഇഞ്ചക്ഷൻ നൽകും. മൈഗ്രേൻ തലവേദനയുടെ തീവ്രത കുറയ്ക്കാനും അത് വീണ്ടും വരുന്നതിന്റെ കാലയളവ് കൂട്ടാനും ഇത് സഹായിക്കും.
മോണോക്ലോണൽ ആന്റിബോഡികൾ പലതരത്തിലുണ്ട്. ഇവയും മാസത്തിൽ ഒരുതവണ ഇഞ്ചക്ഷനായി നൽകാറുണ്ട്.
മുഖത്തെയും തലയിലെയും സെൻസേഷൻ കൊണ്ടുപോകുന്ന നാഡിയാണ് ട്രൈജമിനൽ നാഡി. ഈ നാഡിയെ വൈദ്യുതതരംഗങ്ങൾകൊണ്ട് ഉത്തേജിപ്പിച്ച് മൈഗ്രേൻ തലവേദനയുടെ തീവ്രത കുറയ്ക്കാറുണ്ട്. ഇതിനെ എക്സ്റ്റേണൽ ട്രൈജമിനൽ നർവ് സ്റ്റിമുലേഷൻ എന്നുപറയും.
മൈഗ്രേന് ഇടയാക്കുന്ന ഉദ്ദീപനഘടകങ്ങൾ ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ ഇത് എല്ലായ്പ്പോഴും പ്രായോഗികമായിക്കൊള്ളണമെന്നുമില്ല. ഉറക്കം കൃത്യമായിരിക്കുക, ടെൻഷൻ കുറയ്ക്കുക, ലഹരി ഉപയോഗം ഉപേക്ഷിക്കുക, മൈഗ്രേനെ ഉദ്ദീപിപ്പിക്കുന്ന ശക്തമായ വെളിച്ചം, ശബ്ദം, പ്രത്യേക മണങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ക്ലസ്റ്റർ തലവേദന
മറ്റ് തലവേദനകളിൽനിന്ന് വേർതിരിച്ച് മനസ്സിലാക്കാൻ കഴിയുന്ന തരമാണ് ക്ലസ്റ്റർ തലവേദന. മിക്കപ്പോഴും തലയുടെ ഏതെങ്കിലും ഒരു വശത്താണ് ഇത് അനുഭവപ്പെടുക. തലയുടെ ഒരുവശത്ത് കഠിനമായ വേദനയുണ്ടാകും. ഈ വേദന ആ വശത്തെ കണ്ണിന്റെ മുകളിൽനിന്ന് തുടങ്ങും. തുടർന്ന് ആ വശത്തെ കണ്ണിൽനിന്ന് വെള്ളംവരിക, കണ്ണ് ചുവക്കുക, മുഖം വിയർക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. വേദനയുണ്ടായ വശത്തെ കണ്ണിന്റെ പോളകൾ തടിക്കുകയും മൂക്ക് അടയുകയും അവിടെ വേദന അനുഭവപ്പെടുകയുംചെയ്യാം.
മൈഗ്രേൻ തലവേദനയുടെ മുന്നോടിയായിക്കാണാറുള്ള സൂചനകളൊന്നും ക്ലസ്റ്റർ തലവേദന തുടങ്ങുന്നതിന് മുൻപ് ഉണ്ടാകാറില്ല. പെട്ടെന്നായിരിക്കും വേദന അനുഭവപ്പെടുക. ഇത് 10-15 മിനിറ്റുമുതൽ രണ്ട് മണിക്കൂർവരെ നീണ്ടുനിൽക്കാം. ഇത് ആവർത്തിച്ച് അനുഭവപ്പെടും. ഒരുദിവസംതന്നെ പലതവണകളായി ഈ തലവേദന ഉണ്ടാകാം. മിക്കവാറും ഒരുദിവസം ഉണ്ടായ അതേ സമയത്തുതന്നെയാണ് അടുത്തദിവസവും ക്ലസ്റ്റർ തലവേദന ഉണ്ടാകാറ്.
ഒരുതവണ തലവേദന ഉണ്ടായി അത് മാറിയാൽ അടുത്തതവണ വരുന്നതിന് ഇടയിൽ പ്രത്യേകിച്ച് ലക്ഷണമൊന്നുമുണ്ടാകാറില്ല. ആ സമയത്ത് നടത്തുന്ന പരിശോധനയിലും പ്രശ്‌നങ്ങളൊന്നും കണ്ടെത്താനുമാകാറില്ല.
ക്ലസ്റ്റർ തലവേദന വരുന്നതിന്റെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും ട്രൈജെമിനൽ നാഡിക്ക് ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിക്കുകയും രക്തയോട്ടം കൂടുകയുംചെയ്യുന്നത് ഈ തലവേദനയുടെ കാരണമായി കണക്കാക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതിനെ ട്രൈജെമിനൽ ഓട്ടോണമസ് സെഫാലാൾജിയ (Trigeminal autonomic cephalalgias) എന്ന് പറയുന്നത്. ഹൈപ്പോതലാമസിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ രക്തക്കുഴലുകൾ വികസിക്കുന്നത് ഇതിന്റെ ഭാഗമായാണെ ന്നാണ് വിലയിരുത്തുന്നത്.
ക്ലസ്റ്റർ തലവേദന മറ്റ് സങ്കീർണതകൾക്ക് ഇടയാക്കുന്നില്ല. എങ്കിലും അത് ദൈനംദിന കാര്യങ്ങളെ കാര്യമായിത്തന്നെ ബാധിക്കാം. എന്നാൽ മറ്റ് കാരണങ്ങൾകൊണ്ട് ക്ലസ്റ്റർ തലവേദനയ്ക്ക് സമാനമായ തലവേദന അനുഭവപ്പെടാം. അതുകൊണ്ട് പരിശോധിച്ച് മറ്റ് കാരണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം.
സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് ക്ലസ്റ്റർ തലവേദനയുടെ സാധ്യത കൂടുതലായിക്കാണുന്നത്. മദ്യപാനവും പുകവലിയും ഇത്തരം തലവേദനയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.
മൈഗ്രേൻ തലവേദന നിയന്ത്രിക്കുന്നതിൽ നിർദേശിക്കുന്നതുപോലെ ജീവിതശൈലിയിലെ മാറ്റങ്ങൾക്ക് ക്ലസ്റ്റർ തലവേദനയുടെ കാര്യത്തിൽ പ്രധാന പങ്കില്ല. മദ്യപാനവും പുകവലിശീലവും ഉണ്ടെങ്കിൽ അത് നിർത്താൻ നിർദേശിക്കും.
അതികഠിനമായ തലവേദനയാണെങ്കിൽ ഓക്സിജൻ നൽകുന്ന ചികിത്സയുണ്ട്. കൂടാതെ ട്രിപ്റ്റാൻ വിഭാഗം മരുന്നുകൾ നിർദേശിക്കാറുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ കഴിക്കാവൂ.
ടെൻഷൻ തലവേദന
പൊതുവേ എറ്റവുംകൂടുതലായി കണ്ടുവരുന്ന തലവേദനയാണ് ടെൻഷൻ തലവേദന (Tension Headache) മാനസിക സമ്മർദം, അമിത ശബ്ദങ്ങൾ എന്നിവയൊക്കെ ടെൻഷൻ തലവേദനയ്ക്ക് കാരണമാണ്. മാനസികസമ്മർദം കൂടുമ്പോൾ തലവേദനകൂടാം. തലയുടെ രണ്ടുവശത്തും തീവ്രത കൂടിയതും തളർത്തുന്നവിധത്തിലുള്ളതുമായ വേദനയാണ് പ്രധാന ലക്ഷണം. പലരിലും ഇത് ദീർഘകാലം നിലനിൽക്കുന്നതായി കാണാറുണ്ട്.
സെക്കൻഡറി തലവേദനകൾ
ലക്ഷണം തലവേദന, കാരണം മറ്റൊന്ന്
എതെങ്കിലും തരത്തിലുള്ള രോഗാവസ്ഥയുടെ ലക്ഷണമായി ഉണ്ടാകുന്ന തലവേദനയെയാണ് സെക്കൻഡറി തലവേദനകളായി കണക്കാക്കുന്നത്. അണുബാധകൾ, പരിക്കുകൾ, രക്തക്കുഴലുമായി ബന്ധപ്പെട്ട തകരാറുകൾ, മരുന്നുകളുടെ അമിതോപയോഗം, തലയിലെ മുഴകൾ, തലച്ചോറിലെ ഫ്‌ളൂയിഡിലെ പ്രശ്‌നങ്ങൾ തുടങ്ങി ഒട്ടേറെ അവസ്ഥകളിൽ തലവേദന ലക്ഷണമായി വരാറുണ്ട്. ഇത്തരം തലവേദനകളെ തിരിച്ചറിയുകയും തലവേദനയ്ക്ക് ഇടയാക്കുന്ന അടിസ്ഥാന കാരണം കണ്ടെത്തുകയും വേണം.
സൈനസൈറ്റിസ്
മൂക്കിന് ചുറ്റുമുള്ള എല്ലുകൾക്കിടയിലെ വായുനിറഞ്ഞ അറകളാണ് സൈനസുകൾ. ഈ അറകളിലെ ഭിത്തിയിൽനിന്ന് ഉണ്ടാകുന്ന കഫം സാധാരണമായി സൈനസിലെ ചെറുദ്വാരത്തിലൂടെ മൂക്കിലേക്ക് വന്നുകൊണ്ടിക്കും. ഈ ദ്വാരം അടഞ്ഞ് അണുബാധയുണ്ടാകുന്ന അവസ്ഥയെയാണ് സൈനസൈറ്റിസ് (Sinusitis)എന്ന് പറയുന്നത്. സാധാരണമായി ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ അലർജിമൂലമാണ് ഇതുണ്ടാകുന്നത്. ഇതുകാരണം തലവേദന അനുഭവപ്പെടും. ഈ ഭാഗത്തെ സൈനസിനാണ് അണുബാധയുണ്ടായത് എന്നതിന് അനുസരിച്ച് തലവേദനയുണ്ടാകുന്ന ഭാഗവും വ്യത്യാസപ്പെട്ടിരിക്കും. സാധാരണമായി മൂക്കിന് ചുറ്റുമാണ് വേദന അനുഭവപ്പെടുന്നത്. രാവിലെ തലവേദന കൂടുതലായിരിക്കും. പിന്നീട് കഫം പോകുന്നതിന് അനുസരിച്ച് തലവേദന കുറഞ്ഞുവരും.
ക്രോണിക് സൈനസൈറ്റിസ്: വിട്ടുമാറാത്തതോ ഇടയ്ക്കിടയ്ക്ക് വരുന്നതോ ആയ സൈനസൈറ്റിസ് കൂടുതൽ ഗൗരവത്തോടെ കാണണം. ഇതിന്റെ പ്രാഥമിക പരിശോധന നാസൽ എൻഡോസ്‌കോപി ആണ്. സൈനസിലെ ദ്വാരങ്ങൾ പരിശോധിക്കാനും തകരാറുകൾ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. ചെറിയ കാരണങ്ങളാണെങ്കിൽ മരുന്നുകൊണ്ടുതന്നെ പരിഹരിക്കാനാകും. അപൂർവമായി സർജറി വേണ്ടിവന്നേക്കാം.
കഴുത്തിലെ പ്രശ്‌നങ്ങൾ
കഴുത്തിന്റെ ഘടന, കഴുത്തിലെ പേശികളുടെയോ കശേരുക്കളുടെയോ പ്രശ്‌നം (vertebrae problems) എന്നിവ കാരണവും തലവേദന ഉണ്ടാകാം. ഇത്തരം കാരണങ്ങൾ ഉണ്ടാകുമ്പോൾ കഴുത്തിൽനിന്ന് തലയുടെ പിൻഭാഗത്തേക്കോ, ചെവിക്ക് മുകളിലേക്കോ വേദന വ്യാപിക്കും. കഴുത്ത് സുഖകരമായി ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ വരാം. കഴുത്തുവേദനയോടൊപ്പം തലവേദനയും ഉണ്ടാകും. ദീർഘനേരം തല താഴ്ത്തിയിരിക്കുമ്പോൾ വേദന കൂടുകയും ചെയ്യും. ഇത്തരം തലവേദനയെ സെർവിക്കോജെനിക് തലവേദന (Cervicogenic headaches) എന്നുപറയും. തലവേദനയ്ക്ക് ഇടയാക്കുന്ന കാരണം കൃത്യമായി മനസ്സിലാക്കി അത് പരിഹരിക്കാനുള്ള ചികിത്സയാണ് നൽകുക.
മസ്തിഷ്‌ക രോഗങ്ങൾ
മസ്തിഷ്‌കത്തിന്റെ ഉൾഭാഗത്തുണ്ടാകുന്ന ചില ട്യൂമറുകൾ, അണുബാധകൾ, മസ്തിഷ്‌കത്തിലെ രക്തക്കുഴലിൽ ഉണ്ടാകുന്ന തകരാറുകൾ, സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡിന്റെ അളവ് കൂടുന്ന അവസ്ഥയായ ഹൈഡ്രോസെഫലസ് (Hydrocephalus), കൂടാതെ മറ്റ് സാരമായ പ്രശ്‌നങ്ങൾ തുടങ്ങിയവയുടെ ലക്ഷണമായി തലവേദന ഉണ്ടാകാം.
തലവേദനയുടെ ചികിത്സ
കാരണങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് തലവേദന ഭേദമാക്കാനുള്ള ചികിത്സ തീരുമാനിക്കുക. തലവേദനയുടെ വിശദമായ ചരിത്രം ചോദിച്ചുമനസ്സിലാക്കുകയാണ് പരിശോധനയിൽ പ്രധാനം. കൂടുതൽ പരിശോധനകൾ ആവശ്യമായി വരുമ്പോൾ, എംആർഐ, സിടി സ്‌കാനിങ് എന്നിവ വേണ്ടിവരാറുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചികിത്സ നിർണയിക്കുക.
ടെൻഷൻ തലവേദനയാണെങ്കിൽ അതിന് കാരണമാകുന്ന സ്ട്രസ്സും ടെൻഷനും ഒഴിവാക്കുകയാണ് പ്രധാനം. മൈഗ്രേൻ, ടെൻഷൻ തലവേദനയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ് പ്രധാനം. തലവേദന ചികിത്സയെ പ്രധാനമായും അബോർട്ടീവ് എന്നും പ്രൊഫൈലാറ്റിക് എന്നും രണ്ടായി തരംതിരിക്കാം. തലവേദന കൂടിവരുന്നത് തടയുന്നതാണ് അബോർട്ടീവ് ചികിത്സകൾ. പ്രൊഫൈലാറ്റിക് അഥവാ പ്രതിരോധ ചികിത്സയിൽ രോഗത്തിന്റെ ഉദ്ഭവത്തെ തടയുകയാണ് ചെയ്യുന്നത്.
മരുന്നുകൾ
- പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവ വേദന കുറയ്ക്കാനായി ഡോക്ടറുടെ നിർദേശാനുസരണം പ്രയോജനപ്പെടുത്താറുണ്ട്.
- മൈഗ്രേൻ മരുന്നുകൾ, ട്രിപ്റ്റാനുകൾ (Triptans) മുതലായ പ്രത്യേക മരുന്നുകൾ ഉപയോഗിക്കാറുണ്ട്.
- തണുത്ത അല്ലെങ്കിൽ ചൂടുള്ള പാക്കുകൾ വേദനയുള്ള ഭാഗത്ത് ഉപയോഗിക്കാറുണ്ട്.
- ഓക്‌സിജൻ തെറാപ്പി, ചിലപ്പോൾ മറ്റ് ന്യൂറോളജിക്കൽ മരുന്നുകൾ എന്നിവ നിർദേശിക്കും.
- അനുയോജ്യമായ ശാരീരികവ്യായാമങ്ങൾ നിർദേശിക്കും. ഇതോടൊപ്പം ശരിയായ ഭക്ഷണശീലം പാലിക്കുകയും വേണം.
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ചീഫുമാണ് ലേഖകൻ
Content Highlights: Understand various types of headaches like Migraine, Tension, Cluster & Sinusitis.
Published: 27 Jan 2026, 11:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented