ഡൽഹിയിലെ യമുനാ നദീതടങ്ങളിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ആശങ്ക പങ്കുവെച്ച് പഠനം.
ഇവിടെ കൃഷിചെയ്യുന്ന പച്ചക്കറികളിൽ ഉയർന്ന അളവിൽ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് ഉപഭോക്താക്കളിൽ അർബുദ സാധ്യത വർധിപ്പിക്കുമെന്നുമാണ് പഠനം കണ്ടെത്തിയത്. ‘എനർജി നെക്സസ്’ (Energy Nexus) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡൽഹി സർവകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസറായ ദീനബന്ധു സാഹുവിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സംസ്കരിക്കാത്ത യമുനാജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന പച്ചക്കറികളാണ് അപകടകാരണമാകുന്നതെന്ന് ഗവേഷകർ പറയുന്നു. യമുനാ നദിയിലെ മലിനീകരണത്തിന്റെ ഏകദേശം 70-80 ശതമാനവും ഡൽഹിയിൽ നിന്നാണെന്നും പല കർഷകരും ജലസേചനത്തിനായി ഈ മലിനജലത്തെയാണ് ആശ്രയിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (FAO) നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പരിധിക്കപ്പുറം നിക്കൽ, ക്രോമിയം, കാഡ്മിയം, ലെഡ് തുടങ്ങിയ വിഷാംശമുള്ള ലോഹങ്ങൾ പച്ചക്കറികളിൽ അടിഞ്ഞുകൂടുന്നതായും പഠനത്തിൽ കണ്ടെത്തി. ചീരയിലും ഉള്ളിയിലും അനുവദനീയമായ അളവിനേക്കാൾ 97 ഉം 65 ഉം മടങ്ങ് അധികം നിക്കലിന്റെ സാന്നിധ്യം കണ്ടെത്തി. കടുകിൽ ക്രോമിയത്തിന്റെ അളവ് 22 മടങ്ങ് കൂടുതലായിരുന്നു. ഉരുളക്കിഴങ്ങിലും സവാളയിലും ലെഡിന്റെ അളവ് 10 മടങ്ങും ചീരയിൽ 7 മടങ്ങും അധികമാണെന്ന് കണ്ടെത്തി.
ഏഴ് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന യമുനയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ പഠനത്തിനായി ഉൾപ്പെടുത്തിയത്. എങ്കിലും മലിനമായ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന രാജ്യത്തെ മറ്റ് ഭാഗങ്ങളിലും സമാനമായ മലിനീകരണത്തിന് സാധ്യതയുണ്ടെന്നാണ് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
ഇത്തരം പച്ചക്കറികൾ സ്ഥിരമായി കഴിക്കുന്നത് വിഷാംശമുള്ള ലോഹങ്ങൾ ശരീരത്തിൽ എത്താൻ ഇടയാക്കുമെന്ന് ദീനബന്ധു സാഹു പറഞ്ഞു.
ചീര, കടുക് തുടങ്ങിയ ഇലക്കറികൾ, റാഡിഷ്, ഉരുളക്കിഴക്ക് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ, കോളിഫ്ലവർ തുടങ്ങി സാധാരണയായി ആളുകൾ കഴിക്കുന്ന പച്ചക്കറികളിലെല്ലാം വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
മണ്ണിന്റെയും വിളകളുടെയും പതിവ് പരിശോധന, കർശനമായ മലിനീകരണ നിയന്ത്രണം, ഘനലോഹങ്ങൾ കുറഞ്ഞ അളവിൽ മാത്രം ആഗിരണം ചെയ്യുന്ന വിളകളുടെ കൃഷി എന്നിവ നടപ്പിലാക്കണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നുണ്ട്.
Content Highlights: Research reveals high heavy metal levels in vegetables grown along Yamuna River, increasing cancer risk for consumers, published in Energy Nexus journal.
Published: 24 Sept 2026, 04:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented