ഓരോ രോഗങ്ങൾക്കും ശരീരം എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ഇവ നിസ്സാരമാക്കുന്നതോടെ സാഹചര്യം വഷളാവുകയും ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അത്തരത്തിൽ പലപ്പോഴും നിസ്സാരമാക്കി വിടുന്ന, ശ്രദ്ധിച്ചില്ലെങ്കിൽ അന്നനാളത്തിലെ കാൻസറായി മാറിയേക്കാവുന്ന ചില ലക്ഷണങ്ങളേക്കുറിച്ച് പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി.

To advertise here,

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സൗരഭ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ ലക്ഷണമായി അദ്ദേഹം പറയുന്നത് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടാണ്. പലരും അതിനെ ചെറിയ അസ്വസ്ഥതായി തള്ളിക്കളയുകയാണ് ചെയ്യുകയെന്നും ചിലപ്പോൾ അവ അന്നനാളത്തിലെ അസ്വാഭാവികതയുടെ ലക്ഷണമാവാം എന്നും അദ്ദേഹം പറയുന്നു. ഭക്ഷണം ഇറക്കുമ്പോൾ തടസ്സം അനുഭവപ്പെടുന്നതുപോലെ തോന്നുകയും അത് ഇടയ്ക്കിടെ സംഭവിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അന്നനാളത്തിലെ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാവാം എന്നാണ് അദ്ദേഹം പറയുന്നത്.

മറ്റൊന്ന് ആസിഡ് റിഫ്ലക്സ് ആണ്. ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗമാണ് ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (GERD). ആമാശയത്തിലെ ആസിഡ് അഥവാ പിത്തരസം അന്നനാളത്തിലേക്ക് തിരികെ ഒഴുകുന്ന അവസ്ഥയാണിത്. വിട്ടുമാറാത്ത ആസിഡ് റിഫ്ലക്സ് ഒരിക്കലും അവഗണിക്കരുതെന്ന് പറയുകയാണ് ഡോ.സൗരഭ്. കാലങ്ങളോളം ഇതിന് ചികിത്സ തേടാതിരിക്കുന്നത് അന്നനാളത്തിന്റെ ആരോഗ്യം തകരാറിലാക്കുകയും പിന്നീട് കാൻസറിലേക്ക് നയിക്കുകയും ചെയ്യും.

ഏതുതരം അർബുദത്തിലും പറയുന്ന പ്രധാന ലക്ഷണങ്ങളിലൊന്നാണ് അകാരണമായി ഭാരം കുറയൽ. ശരീരത്തിൽ അപ്രതീക്ഷിതമായി ഭാരം കുറയുന്നുണ്ടെങ്കിൽ അതും നിസ്സാരമാക്കി വിടരുത്. സമ്മർദം കൊണ്ടോ, ആരോഗ്യകരമായ ഭക്ഷണരീതി കൊണ്ടോ ഒക്കെയാണ് വണ്ണംകുറയുന്നതെന്ന് പലരും തെറ്റിദ്ധരിക്കും. എന്നാൽ ഭക്ഷണ ഇറക്കാൻ ബുദ്ധിമുട്ട് നേരിടുന്നതുമൂലം കഴിക്കുന്നത് കുറയുകയും ക്രമേണ വണ്ണംകുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതാവാമെന്ന് ഡോക്ടർ പറയുന്നു.

ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും ശ്രദ്ധിക്കണമെന്ന് പറയുകയാണ് ഡോ.സൗരഭ്. തുടർച്ചയായി ശബ്ദത്തിൽ മാറ്റമുണ്ടാവുകയോ ചുമയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതും അന്നനാളത്തിലെ അർബുദത്തിന്റെ ലക്ഷണമാവാം. ട്യൂമർ വളരുന്നതിന് അനുസരിച്ച് അടുത്തുള്ള ഞരമ്പുകളെ അസ്വസ്ഥപ്പെടുത്തുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യും. ഇത് തുടർച്ചയായ ചുമയ്ക്ക് കാരണമാവുമെന്നും അദ്ദേഹം പറയുന്നു.

അർബുദങ്ങളുടെ പ്രധാനലക്ഷണങ്ങളിലൊന്നായ വേദനയും ഇവിടെ പ്രകടമാവും. പലപ്പോഴും രോഗത്തിന്റെ അവസാന ഘട്ടത്തിലാണ് വേദന വരിക. ഭക്ഷണം ഇറക്കുമ്പോഴുള്ള വേദനയായോ, നെഞ്ചിലെ അസ്വസ്ഥതയായോ ഒക്കെയാണ് പ്രകടമാവുക. അപ്പോഴേക്കും രോഗം പടർന്നുതുടങ്ങിയിരിക്കും.

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതുപോലെ അർബുദസാധ്യത കൂട്ടുന്നതിൽ പ്രധാനിയായ പുകവലിയും മദ്യപാനവും അന്നനാളത്തിലെ അർബുദസാധ്യത കൂട്ടുന്നതിലും പ്രധാനികളാണെന്ന് ഡോ.സൗരഭ് പറയുന്നു. പുകവലിയും മദ്യപാനവും ഒരുിമിച്ച് ചെയ്യുമ്പോൾ അന്നനാളത്തിന്റെ പാളി കൂടുതൽ തകരാറിലാവും. എപ്പോഴും അസിഡിറ്റിയുള്ള, അമിതവണ്ണമുള്ള, 50 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ ഇത് അപകടസാധ്യത കൂട്ടുമെന്നും അദ്ദേഹം പറയുന്നു.

ഈസോഫേജിയൽ കാൻസർ

അന്നനാളത്തിൽ കോശങ്ങൾ ക്രമാതീതമായി വളരുന്ന അവസ്ഥയാണിത്. പുരുഷന്മാരിലാണ് കൂടുതലായും കണ്ടുവരുന്നത്. മദ്യപാനം, പുകവലി എന്നിവയാണ് അർബുദസാധ്യത കൂട്ടുന്ന ഘടകങ്ങൾ. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, ചുമ, ഭാരം കുറയൽ, ദഹനക്കേട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചതിനുശേഷം മാത്രമേ തിരിച്ചറിയാനാവൂ എന്നതാണ് പ്രധാന വെല്ലുവിളി. അർബുദം നീക്കംചെയ്യാനുള്ള സർജറി, കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയവയാണ് ചികിത്സാരീതികൾ. ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയും ചെയ്യാറുണ്ട്.