എച്ച്.ഐ.വി. ചികിത്സ ലളിതമാക്കാൻ ആഴ്ചയിലൊരിക്കൽ കഴിക്കാനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകർ. ദിവസവുമെടുക്കുന്ന ആന്റിറെട്രോവൈറൽ ചികിത്സയോളം ഫലപ്രദമാണ് പുതിയ മരുന്നെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മെർക്ക്&കോയും ഗിലിയാഡ് സയൻസസും ചേർന്നാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.

To advertise here,

ഇസ്ലത്രാവിർ (islatravir), ലെനാകപാവിർ (lenacapavir) എന്നീ രണ്ട് മരുന്നുകൾ സംയോജിപ്പിച്ചാണ് ഈ പരീക്ഷണ ഗുളിക തയ്യാറാക്കിയിരിക്കുന്നത്. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയിലൊനൊടുവിലാണ് മരുന്നിന്റെ ഫലപ്രാപ്തി കണ്ടെത്തിയത്. അനുമതി ലഭിച്ചാൽ ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കുന്ന ആദ്യത്തെ എച്ച്.ഐ.വി. ഗുളികയാവും ഇത്. റിയോ ഡി ജനീറോയിൽ നടന്ന അന്താരാഷ്ട്ര എയ്ഡ്സ് കോൺഫറൻസിൽ അവതരിപ്പിച്ച ISLEND 2 ഫേസ് 3 ട്രയലിന്റെ കണ്ടെത്തലുകൾ 'ദ ലാൻസെറ്റ്' (The Lancet) ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

14 രാജ്യങ്ങളിൽ നിന്നുള്ള 626 മുതിർന്നവരെ കേന്ദ്രീകരിച്ചാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇവരിൽ 314 പേർ ആഴ്ചയിലൊരിക്കൽ കഴിക്കുന്ന ഇസ്ലത്രാവിർ, ലെനാകപാവീർ ഗുളികയിലേക്ക് മാറിയപ്പോൾ 312 പേർ തങ്ങളുടെ പഴയ പ്രതിദിന എച്ച്.ഐ.വി. ചികിത്സ തുടർന്നു. 48 ആഴ്ചകൾക്ക് ശേഷം നിരീക്ഷിച്ചപ്പോഴാണ് ആഴ്ചയിലൊരിക്കൽ മരുന്ന് കഴിച്ചവരിൽ ഭൂരിഭാഗം പേരിലും എച്ച്.ഐ.വി. വൈറസിന്റെ അളവ് നിയന്ത്രണവിധേയമായതായി കണ്ടെത്തിയത്. പ്രതിദിനം നൽകുന്ന സാധാരണ ചികിത്സയെ അപേക്ഷിച്ച് വലിയ മാറ്റങ്ങളൊന്നും ആഴ്ചയിലൊരിക്കൽ നൽകുന്ന ചികിത്സയിലില്ലെന്ന് ഗവേഷകർ പറയുന്നു.‌

പ്രതിദിനം മരുന്ന് കഴിക്കേണ്ടെന്നത് ആശ്വാസകരമാണെന്ന് പഠനത്തിൽ പങ്കാളികളായവർ അഭിപ്രായപ്പെട്ടു. അതേസമയം എച്ച്.ഐ.വി. ചികിത്സയിലൂടെ ഇതിനകം തന്നെ ആരോഗ്യം മെച്ചപ്പെട്ടവരെയാണ് ഈ പഠനം പ്രധാനമായും പരിശോധിച്ചതെന്നത് പഠനത്തിന്റെ പരിമിതിയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ആദ്യമായി എച്ച്.ഐ.വി. ചികിത്സ ആരംഭിക്കുന്നവർ, മരുന്നുകൾ പതിവായി മുടക്കുന്നവർ, മരുന്നുകളെ പ്രതിരോധിക്കുന്ന വൈറസുള്ളവർ എന്നിവരുടെ കാര്യത്തിൽ ഈ മരുന്ന് എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നും വിമർശനമുണ്ട്.

എന്താണ് എച്ച്.ഐ.വി. എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ചും ഡോ. മേരി ജോസഫ് പങ്കുവെക്കുന്നു

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).

മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.

എച്ച്.ഐ.വി. ബാധിതൻ എയ്‌ഡ്സ് രോഗിയാണോ?

അല്ല. എച്ച്.ഐ.വി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്.ഐ.വി. ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.

എയ്‌ഡ്സ് പകരുന്ന വിധം

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്.ഐ.വി. പ്രധാനമായും പകരുന്നത്. എച്ച്.ഐ.വി. ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു. ശുക്ലത്തിൽ എച്ച്.ഐ.വി. 50 മടങ്ങ് അധികമായിക്കാണുന്നു. എച്ച്.ഐ.വി. ബാധിച്ച സ്ത്രീകളിൽനിന്ന് പുരുഷന്മാരിലേക്ക് വൈറസ് പകരുന്നതിനേക്കാൾ വേഗത്തിൽ, പുരുഷന്മാരിൽനിന്ന് സ്ത്രീകളിലേക്ക് എച്ച്.ഐ.വി. പകരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്.ഐ.വി. ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. എച്ച്.ഐ.വി. ബാധിതയായ അമ്മ മുലയൂട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

എയ്‌ഡ്സിന്റെ ലക്ഷണങ്ങൾ

എയ്‌ഡ്സ് കണ്ടുപിടിക്കേണ്ടത് ഡോക്ടറാണ്. രോഗിയല്ല. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.

കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.

ടെസ്റ്റുകൾ

ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.