ഡി.ആർ.കോംഗോയിലെ എബോള ബാധിതരുടെ എണ്ണം 6100 കടന്നു. മരണനിരക്ക് മൂവായിരവും കടന്നു. രോഗികളെ കണ്ടെത്താനുമുള്ള ശ്രമങ്ങളേക്കാൾ വേഗത്തിലാണ് രോഗം പടരുന്നതെന്ന് കോംഗോ ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിലവിൽ 6,186 പേർക്ക് എബോളബാധ സ്ഥിരീകരിച്ചുവെന്നും മരണനിരക്ക് 3,007 കടന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

To advertise here,

എക്കാലത്തെയും ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണിത്. മരണനിരക്ക് വളരെ കൂടുതലുള്ള വടക്കേ കിവുവിൽ കഴിഞ്ഞ ആഴ്ച രണ്ട് പുതിയ ആരോഗ്യ മേഖലകളെക്കൂടി രോഗവ്യാപനം ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.

വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നും രോഗവ്യാപനം അതിവേഗത്തിലാകുന്നത് വൈറസിന്റെ അനിയന്ത്രിതമായ വളർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥിരീകരിച്ച പുതിയ കേസുകളിൽ 15 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ വരുന്നവ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ള സമ്പർക്കങ്ങളിൽ നിന്നെത്തുന്നതെന്നും മിക്ക കേസുകളും ഈ ശൃംഖലയ്ക്ക് പുറത്താണ് ഉണ്ടാകുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ആരോഗ്യവകുപ്പിന് തിരിച്ചറിയാൻ കഴിയാത്ത ചില സമ്പർക്ക ശൃംഖലകൾ നിലവിലുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ബുധനാഴ്ച പറഞ്ഞു. ഓരോ ശൃംഖലയും കണ്ടെത്തി ഇല്ലാതാക്കുന്നതുവരെ ഈ മഹാമാരിയുടെ വ്യാപനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനത്തിനിടയിൽ സ്കൂളുകൾ വീണ്ടും തുറന്നത് ക്ലാസ് മുറികളിലെ രോഗവ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. നിരീക്ഷണവും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ഇപ്പോഴും ദുർബലമായതിനാൽ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണത്തേക്കാൾ മൂന്നിരട്ടി വലുതായിരിക്കാം രോഗവ്യാപനം എന്ന് ആഫ്രിക്കൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോളും പ്രിവൻഷനും അറിയിച്ചു.]

2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തിൽ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിൽ 2,500 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നുവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.