ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ഉള്ളവർക്ക് ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് എം.ഡി.എം.എ (MDMA) നിർദ്ദേശിക്കുന്നതിനാണ് രണ്ട് സൈക്യാട്രിസ്റ്റുകൾക്ക് വെള്ളിയാഴ്ച അനുമതി ലഭിച്ചത്. ഇതോ‌ടെ പി.ടി.എസ്.ഡി ചികിത്സയ്ക്കായി എം.ഡി.എം.എ. തെറാപ്പി ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ന്യൂസിലൻഡ്. ‌ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി ബോഡിയായ മെഡ്സേഫ് (Medsafe) ആണ് ഇതിനുള്ള അംഗീകാരം നൽകിയത്.

To advertise here,

2023-ൽ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി നൽകിയത്. ജീവിതങ്ങൾ ഇല്ലാതാക്കുകയും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് പി.ടി.എസ്.ഡി. എന്ന് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡേവിഡ് സീമൂർ പറഞ്ഞു. പി.ടി.എസ്.ഡി.യെ ചികിത്സിക്കുന്നതിൽ എം.ഡി.എം.എ വളരെ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോകുന്നവർക്ക് മാജിക് മഷ്റൂം ഉപയോഗിക്കാനുള്ള അനുമതിയെയും പിന്തുണച്ചിട്ടുള്ളയാളാണ് അദ്ദേഹം.

നൂതനമായ ചികിത്സകളിലേക്കുള്ള പ്രവേശനം തുറന്നുനൽകാൻ ന്യൂസിലൻഡ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എം.ഡി.എം.എ-അസിസ്റ്റഡ് ചികിത്സ സൈക്കോതെറാപ്പിയുമായി സംയോജിപ്പിക്കുമെന്ന് ന്യൂസിലാൻഡിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗികൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ മരുന്നുകൾ നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു നിയന്ത്രിത ക്ലിനിക്കൽ ക്രമീകരണത്തിൽ അംഗീകൃത സൈക്യാട്രിസ്റ്റിന്റെ പരിചരണത്തിലാണ് ചികിത്സ നടക്കുക. ഇത് സമഗ്രമായ ഒരു ചികിത്സാ പദ്ധതിയുടെ ഭാഗമാണെന്നും ചികിത്സയുടെ ഭാഗമാകുന്ന രോഗികൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

എം.ഡി.എം.എ ചികിത്സയിൽ ഉപയോഗിക്കാൻ നിയമവിധേയമാക്കുന്നതിനെ ഫെഡറൽ ഡ്രഗ് അഡ്മിനിസ്ട്രേഷൻ 2024-ൽ തള്ളിക്കളഞ്ഞതിനെത്തുടർന്ന് അമേരിക്കയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നു വരികയാണ്. ഇത് സുരക്ഷിതമോ ഫലപ്രദമോ ആണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്നാണ് ഫെഡറൽ ‍ഡ്രഗ് അഡ‍്മിനിസ്ട്രേഷന്റെ വാദം.

എം.ഡി.എം.എ. തെറാപ്പി‌

കടുത്ത മാനസിക ആഘാതങ്ങളിലൂടെ കടന്നുപോകുന്നവരെ സിന്തറ്റിക് ഡ്രഗായ എം.ഡി.എം.എ.യുടെ സഹായത്തോടെ നൽകുന്ന ചികിത്സാരീതിയാണ് എം.ഡി.എം.എ അസിസ്റ്റഡ് സൈക്കോതെറാപ്പി. എം.ഡി.എം.എ. ചികിത്സയുടെ ഭാഗമായി നൽകുന്നതിലൂടെ ഓക്സിടോസിൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനം വർധിക്കും. കടുത്ത ഭയവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. പരിശീലനം ലഭിച്ച രണ്ട് തെറാപ്പിസ്റ്റുകളുടെ സാന്നിധ്യത്തിൽ സുരക്ഷിതവും നിയന്ത്രിതവുമായാണ് ഡോസ് നൽകുക.

എന്താണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD)?

ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ ആയ സംഭവങ്ങൾ അനുഭവിച്ചവരിൽ കാണുന്ന ഒരു മാനസികാരോഗ്യവസ്ഥയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD). PTSD ഉള്ള ആളുകൾക്ക് അവരുടെ അനുഭവവുമായി ബന്ധപ്പെട്ട തീവ്രവും അസ്വസ്ഥവുമായ ചിന്തകളും വികാരങ്ങളുമുണ്ട്. കടന്നുകയറുന്ന ചിന്തകൾ, ഫ്ലാഷ്ബാക്കുകൾ, പേടിസ്വപ്നങ്ങൾ എന്നിവ PTSD-യുടെ ലക്ഷണങ്ങളാണ്. അവർക്ക് സങ്കടമോ ഭയമോ ദേഷ്യമോ തോന്നിയേക്കാം. ഇത് ആഘാതമുണ്ടായി ഒരു മാസത്തിനുള്ളിലോ വൈകിയോ കണ്ടുതുടങ്ങാം. ചിലരിൽ, ഒരുവർഷം കഴിഞ്ഞുവരെ ഇത്തരം ലക്ഷണങ്ങളുണ്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 3.9% പേർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും PTSD അനുഭവപ്പെട്ടിട്ടുണ്ട്. സംഘർഷ മേഖലകളിലോ അക്രമമുണ്ടായിട്ടുള്ള പ്രദേശങ്ങളിലോ ഇത് വർധിച്ചേക്കാം.

PTSD ചികിത്സ 

ശരിയായ ചികിത്സയോ മാനസികാരോഗ്യ കൗൺസിലിംഗോ നൽകിയില്ലെങ്കിൽ കഠിനമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ചവരിൽ പലരും തങ്ങളുടെ രോഗലക്ഷണങ്ങൾ അടക്കിവെച്ചേക്കാം. ഇതോടെ, മാസങ്ങൾക്ക് ശേഷം ഇവർ സമ്മർദ്ദം, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ കണ്ടുതുടങ്ങുന്നു. അതിനാൽ, ഉടനടി സഹായം തേടണമെന്നതാണ് ചികിത്സയുടെ ആദ്യപടി.

സൈക്യാട്രിക് വിദഗ്ധർ നൽകുന്ന മരുന്നുകളും കൗൺസലിങ്ങുകളും വലിയതോതിൽ ഇവർക്ക് ആശ്വാസമേകും. PTSD യുടെ ലക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള മരുന്നുകൾ ഇവർക്ക് നൽകുന്നതും സഹായകരമാകും. ഉത്കണ്ഠയും ശാരീരിക അസ്വസ്ഥതയും കുറയ്ക്കാനും മരുന്നുകളുണ്ട്. PTSD-യിൽ നിന്ന് കരകയറാൻ ആളുകളെ സഹായിക്കുന്നതിന് സൈക്യാട്രിസ്റ്റുകളും മറ്റ് മാനസികാരോഗ്യ വിദഗ്ധരും ഇന്ന് വിവിധ രീതികൾ ഉപയോഗിക്കുന്നുണ്ട്.