കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സെലിബ്രിറ്റി ഷെഫായ പങ്കജ് ഭദൗരിയ. സ്തനാർബുദം സ്ഥിരീകരിച്ചുവെന്നും ധീരതയോടെ ചികിത്സയെ നേരിടുകയാണെന്നും മാസ്റ്റർഷെഫ് വിജയി കൂടിയായ പങ്കജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും പാർശ്വഫലമായി മുടികൊഴിച്ചിൽ നേരിടുന്നതിനേക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് പങ്കജ്. 

To advertise here,

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പങ്കജ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. രണ്ടാമത്തെ കീമോതെറാപ്പിക്കു പിന്നാലെ തന്റെ ആരോഗ്യം ക്ഷയിക്കുകയും മുടികൊഴിച്ചിൽ ആരംഭിക്കുകയും ചെയ്തുവെന്ന് പങ്കജ് പറയുന്നു. ഇതിനിടയിൽ അണുബാധയുമുണ്ടായി. പക്ഷേ മുടികൊഴിച്ചിലാണ് തന്നെ ഏറെ തളർത്തിയതെന്ന് പങ്കജ് പറയുന്നു. സമയമെടുത്താണ് ഇത് ഉൾക്കൊണ്ടതെന്നും പങ്കജ് പറയുന്നുണ്ട്.

മുടികൊഴിച്ചിൽ കാണുമ്പോൾ തനിക്ക് ശ്വാസം നിലയ്ക്കുന്ന അവസ്ഥയായിരുന്നു. കട്ടിയുള്ള കരുത്താർന്ന മുടിയിഴകളോർത്ത് അഭിമാനിച്ചിരുന്നയാളാണ്. അതുപോകുന്നത് കാണുന്നത് ട്രോമയാണ്. അതു തിരിച്ചുവരുമെന്ന് എനിക്കറിയാം. ഇതിലേറെ നന്നായിത്തന്നെ. പക്ഷേ ഏറ്റവുമധികം വേദനിപ്പിക്കുന്ന കാര്യം മുടി പോവുന്നുവെന്നതാണ്- പങ്കജ് പറഞ്ഞു.

‌‌കാൻസർ എന്ന ഒരൊറ്റ വാക്ക് നിങ്ങളു‌ടെ മുഴുവൻ ജീവിതത്തെയും ചുറ്റുമുള്ളവരെയും മാറ്റിമറിക്കുമെന്നും പക്ഷേ കഴിയുന്നതുപോലെ നന്നായി അതിനൊപ്പം ജീവിക്കാൻ പഠിക്കുമെന്നും പങ്കജ് കൂട്ടിച്ചേർത്തു.

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പങ്കജ് രോഗവിവരം തുറന്നുപറഞ്ഞത്. ലക്നൗവിൽനിന്നുള്ള ഇംഗ്ലീഷ് അധ്യാപികയായ പങ്കജ് പതിനാറു വർഷത്തെ അധ്യാപന ജീവിതം ഉപേക്ഷിച്ചാണ് പാചക റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയത്. പാചകം പാഷനായിരുന്ന പങ്കജ് മാസ്റ്റർ ഷെഫ് ഇന്ത്യ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും വിജയി ആവുകയും ചെയ്തു.. പിന്നാലെ പാചക പരിപാടികളിലും പങ്കജ് പങ്കെടുത്തിരുന്നു.

സ്ത്രീകളിൽ സാധാരണമായി കാണപ്പെടുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2022-ൽ ലോകമെമ്പാടും ഏകദേശം 23 ലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം സ്ഥിരീകരിക്കുകയും 670,000 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

സ്തനാർബുദം-സ്വയം പരിശോധന എപ്പോൾ?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ പരിശോധിക്കണം?

കണ്ണാടിയുടെ മുന്നിൽനിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണകാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.

തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ

സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.

റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.

കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.

മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.

രോഗനിർണയം സങ്കീർണമല്ല

ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.

മുഴയിൽ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി (FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.

ചികിത്സ

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.