നമ്മൾ പൊതുവേ പുറത്തുപറയാൻ മടിക്കുന്നതും എണ്ണത്തിൽ കുറവാണെന്ന് കരുതി ആശ്വസിച്ചിരുന്നതുമായ ഒരു രോഗത്തിന്റെ നിശബ്ദമായ വ്യാപനമാണ് കേരളത്തിലെ യുവാക്കൾക്കിടയിൽ വർധിച്ചു കൊണ്ടിരിക്കുന്നത്. എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചാണ് നമ്മൾ പറയുന്നത്. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 15 മുതൽ 24 വയസ് വരെ പ്രായമുള്ളവരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച്‌ഐവി കേസുകളിലെ വർധന അത്യന്തം ആശങ്കാജനകമാണ്.
പുതുതായി റിപ്പോർട്ട് ചെയ്യുന്ന എച്ച്‌ഐവി കേസുകളുടെ കണക്കുകൾ വെറും ഒരു വിവരശേഖരമായി കാണാനാകില്ല. അത് സമൂഹത്തിന്റെ ഭാവിയെ നിർണയിക്കുന്ന സാമൂഹിക സ്വഭാവത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിലുപരി, ആരോഗ്യമേഖലയിൽ ലോകത്തിന് തന്നെ മാതൃകയായിരിക്കുന്ന കേരളത്തിൽ യുവാക്കളിൽ ഈ രോഗവ്യാപനം സംഭവിക്കുന്നത് സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്കു നേരെ ചോദ്യചിഹ്നം ഉയർത്തുകയാണ്.
ഇക്കാലത്ത് എയ്ഡ്സ് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ മാത്രമല്ല. മറിച്ച് വർധിച്ചു വരുന്ന മയക്കുമരുന്ന് കുത്തിവയ്പുകളിലൂടെയുമാണ്. ലഹരി ഉപയോഗത്തിനായി ഒത്തുചേരുന്നവർ ഒരേ സിറിഞ്ച് കൈമാറി ഉപയോഗിക്കുന്ന പ്രവണത കാണപ്പെടുന്നു. ലഹരിയുടെ ഉത്തേജനത്തിൽ അവർ പങ്കിടുന്നത് മാരകമായ ഒരു വൈറസിനെ കൂടിയാണെന്ന തിരിച്ചറിവ് ഇവർക്കില്ല. സ്വവർഗരതിയിലൂടെയും ഏച്ച്‌ഐവി ബാധിതർ വർധിക്കുന്നതായി കണക്കുകൾ.
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നടക്കുന്ന ടാറ്റൂയും ബോഡി പിയേഴ്സിങും ഇപ്പോൾ എല്ലാ പ്രായക്കാർക്കിടയിലും വ്യാപകമായി കാണപ്പെടുന്നു. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നു.
സമൂഹത്തിൽ തുറന്ന് പറയാൻ പറ്റാത്ത അസുഖമായാണ് പലരും എയ്ഡ്സിനെ കണക്കാക്കുന്നത്. അസുഖത്തേക്കാൾ കൂടുതലായി, സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടുമോയെന്ന ഭയമാണ് ഇതിന് കാരണം. വൈറസ് ബാധിതർ ചികിത്സ സ്വീകരിക്കാതെ, രോഗവ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നവിധത്തിൽ ഇടപഴകുമ്പോഴാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. കൂടാതെ, പലരും തങ്ങൾക്ക് രോഗബാധ ഉണ്ടായിരിക്കുന്നു എന്നതുതന്നെ തിരിച്ചറിയാതെ പോകുന്നത് രോഗവ്യാപനത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. രോഗം തുറന്നു പറയുന്നവരെ ചേർത്തുപിടിക്കുന്നുവഴി മാത്രമേ ഒരു സമൂഹമായി എച്ച്‌ഐവി ബാധയെ പൂർണമായും നേരിടാൻ കഴിയൂ.
എച്ച്‌ഐവി വായുവിലൂടെയോ സ്പർശനത്തിലൂടെയോ പകരുന്ന ഒന്നല്ല. രോഗബാധിതരായ ആളുകളുടെ അടുത്തുകൂടി ഇരിക്കുന്നതുകൊണ്ടോ അവരെ സ്പർശിക്കുന്നതുകൊണ്ടോ ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരില്ല.
എച്ച്‌ഐവി ബാധിതനുമായി രോഗവ്യാപന സാധ്യതയുള്ള രീതിയിൽ സമ്പർക്കം ഉണ്ടായതായി സംശയിക്കുന്നവർക്ക്, പ്രാരംഭ ഘട്ടത്തിൽ തന്നെ അണുബാധയെ ചെറുക്കാനുള്ള ചികിത്സയാണ് പോസ്റ്റ് എക്‌സ്‌പോഷർ പ്രൊഫൈലാക്സിസ് (PEP). എത്ര നേരത്തെ ചികിത്സ തേടുന്നുവോ അത്ര ഫലപ്രദമായിരിക്കും. 72 മണിക്കൂറിന് ശേഷം ഈ ചികിത്സയ്ക്ക് പ്രയോജനം ലഭ്യമല്ല.
എയ്ഡ്സ് രോഗികൾക്ക് നൽകുന്ന ചികിത്സയായ ആന്റിറെട്രോവൈറൽ തെറാപ്പി വഴി, ജന്മനാ എയ്ഡ്സ് ബാധിതരായി കുഞ്ഞുങ്ങൾ ജനിക്കുന്ന സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാക്കാൻ സാധ്യമാണ്. വൈകാതെ രോഗനിർണ്ണയം നടത്തി, ചികിത്സയിലൂടെ ശരീരത്തിലെ വൈറസ് ലോഡ് കൃത്യമായി നിയന്ത്രിക്കുന്ന ഒരാൾക്ക്, ദീർഘകാലം മരുന്ന് കഴിച്ച് പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതുപോലെ തന്നെ, ഇന്ന് എയ്ഡ്സ് നിയന്ത്രിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് എയ്ഡ്സ് ജീവിതത്തിന്റെ അവസാനമല്ല. അശ്രദ്ധയും അജ്ഞതയും മൂലം ക്ഷണികമായ സുഖത്തിനായി സ്വന്തം ആരോഗ്യത്തെ ബലികഴിക്കാതിരിക്കുക എന്നതാണ് യുവതലമുറ ശ്രദ്ധിക്കേണ്ടത്. എച്ച്.ഐ.വി സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള ജ്യോതിസ് കേന്ദ്രങ്ങളെ സമീപിക്കാം. കേരളത്തിലെ ജ്യോതിസ് കേന്ദ്രങ്ങളിൽ രോഗപരിശോധന, ചികിത്സ, കൗൺസിലിംഗ് എന്നിവ സൗജന്യമായി ലഭ്യമാണ്.
(കൊച്ചി അമൃത ആശുപത്രിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം കൺസൾട്ടന്റ് ആണ് ലേഖകൻ)
Content Highlights: Concerned by rising HIV cases among Kerala`s youth? Understand the risks from unsafe sex, drug use, & tattoos. Get tested, seek help. Your health matters.
Published: 01 Dec 2025, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented