കഠിനമായ വ്യായാമം ചെയ്ത ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. കിഴക്കൻ ചൈനയിലെ ഷെജാങ് പ്രവിശ്യയിൽ നിന്നുള്ള 23-കാരിയുടെ ശരീരത്തിലാണ് അമിതമായ വ്യായാമം കാരണം മാറ്റങ്ങളുണ്ടായത്. യുവതി തന്നെയാണ് ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

To advertise here,

കഴിഞ്ഞ ഏതാനും മാസങ്ങളായി താൻ വ്യായാമത്തിന് അടിപ്പെട്ടിരിക്കുകയാണെന്ന് യുവതി പറഞ്ഞതായി സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആഴ്ചയിൽ ആറുതവണ വ്യായാമം ചെയ്യും. ഓരോ സെഷനും കഠിനമായ വ്യായാമം 70 മിനുറ്റോളം നീണ്ടുനിൽക്കും. പോകെപ്പോകെ തന്റെ ആരോഗ്യത്തിലുണ്ടാകുന്ന ആശങ്കാജനകമായ മാറ്റങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയെന്നും യുവതി കൂട്ടിച്ചേർത്തു.

ആർത്തവത്തിലുണ്ടായ മാറ്റമാണ് ആദ്യം ശ്രദ്ധിച്ചത്. ആർത്തവകാലത്തെ രക്തസ്രാവം ക്രമേണെ കുറഞ്ഞുവരികയായിരുന്നു. പിന്നീട് വെറും രണ്ട് മണിക്കൂർ മാത്രമാണ് ആർത്തവകാലത്ത് രക്തസ്രാവമുണ്ടായതെന്നും യുവതി പറയുന്നു. തുടർന്ന് യുവതി ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു. പരിശോധനയിൽ കണ്ടെത്തിയതായി ഡോക്ടർ പറഞ്ഞ വിവരങ്ങളും യുവതി പങ്കുവെച്ചു.

തന്റെ ശരീരത്തിലെ സ്ത്രീ ഹോർമോണുകളുടെ തോത് 50 വയസുള്ള സ്ത്രീയുടെ ശരീരത്തിലേതിന് സമാനമാണെന്നാണ് ഡോക്ടർ പറഞ്ഞത്. വൃക്കകൾക്ക് തകരാറുണ്ടെന്നും ഡോക്ടർ യുവതിയോട് പറഞ്ഞു. ഉടൻ തന്നെ വ്യായാമം ചെയ്യുന്നത് അവസാനിപ്പിക്കാനാണ് യുവതിയോട് ഡോക്ടർ നിർദേശിച്ചത്. വലിയ അളവിൽ ചൈനീസ് പാരമ്പര്യ മരുന്നുകളാണ് യുവതിക്ക് ഡോക്ടർ കുറിച്ചുനൽകിയത്. ഇതുവഴി ശരീരത്തെ സാധാരണ അവസ്ഥയിലെത്തിക്കാമെന്നാണ് ഡോക്ടർ പറഞ്ഞത്.

വ്യായാമം കാരണമുള്ള അമെനോറിയയാണ് യുവതിക്ക് ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശരീരത്തിന്റെ ഊർജഉപഭോഗം വളരെ കൂടുതലും എന്നാൽ ശരീരത്തിലെത്തുന്ന ഊർജത്തിന്റെ അളവ് വളരെ കുറവുമാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുക. ഊർജക്ഷാമം നേരിടുമ്പോൾ ശരീരം അതിജീവനത്തിനായി പ്രത്യുതപാദനവ്യവസ്ഥയെ 'സ്വിച്ച് ഓഫ്' ചെയ്യും. ഇതോടെ ഹോർമോൺ ഉത്പാദനം കുറയുകയും അണ്ഡോത്പാദനം നിലയ്ക്കുകയും ചെയ്യും. എന്നാൽ വ്യായാമം നിയന്ത്രിച്ച് ഊർജസന്തുലിതാവസ്ഥ കൈവരിച്ചാൽ ഈ അവസ്ഥയിൽനിന്ന് തിരികെ സാധാരണ അവസ്ഥയിലേക്കെത്താൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.