ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് കുട്ടികൾ ലെഡ് സമ്പർക്കത്തിന് വിധേയരാകുന്നുവെന്നും തടയാൻ ഇടപെടൽ അനിവാര്യമെന്നും ലോകാരോഗ്യസംഘടന. ലോകത്തിലെ മൂന്നിലൊന്ന് കുട്ടികൾ ലെഡ് വിഷബാധയ്ക്ക് വിധേയരാകുന്നുണ്ട്. ഏറ്റവും ഗൗരവമേറിയതും എന്നാൽ അവഗണിക്കപ്പെട്ടതുമായ പാരിസ്ഥിതിക ആരോഗ്യ ഭീഷണികളിലൊന്നാണ് ലെഡ് പോയ്സണിങ് എന്നും ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി വകുപ്പ് മേധാവി ബ്രൂസ് ഗോർഡൻ വ്യാഴാഴ്ച്ച പറഞ്ഞു.

To advertise here,

ആഗോളതലത്തിൽ പ്രതിവർഷം ഉണ്ടാകുന്ന 35 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്ന ആരോഗ്യ ഭീഷണിയാണ് ലെഡ് സമ്പർക്കമെന്ന് ലോകാരോഗ്യസംഘടന വിലിരുത്തുന്നു. പൊതുജനാരോഗ്യത്തിന് വലിയ ആരോഗ്യഭീഷണിയാകുന്ന 10 രാസവസ്തുക്കളിൽ ഒന്നായാണ് ലോകാരോഗ്യ സംഘടന ലെഡിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർസെനിക്, ആസ്ബറ്റോസ്, മെർക്കുറി, അപകടകരമായ കീടനാശിനികൾ എന്നിവയ്ക്കൊപ്പമാണ് ലെഡിനെയും കണക്കാക്കുന്നത്.

ലോകമെമ്പാടുമുള്ള 81 കോടിയിലേറെ കുട്ടികളുടെ രക്തത്തിൽ ഡെസിലിറ്ററിന് കുറഞ്ഞത് അഞ്ച് മൈക്രോഗ്രാം ലെഡ് അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുട്ടികളിൽ ലെഡ് സമ്പർക്കം കൂടിയാലും പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

കുട്ടികളുടെ വളർച്ചാകാലങ്ങളിൽ ലെഡ് സമ്പർക്കം കൂടുന്നത് മസ്തിഷ്ക വളർച്ചയെയും നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കും.

3.5 മൈക്രോഗ്രാം ലെഡുമായുള്ള സമ്പർക്കംപോലും കുട്ടികളിൽ ബുദ്ധിശക്തി കുറയുക, പെരുമാറ്റ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് സംഘടന ചൂണ്ടിക്കാണിച്ചു. ലെഡ് ശരീരത്തിൽ പ്രവേശിച്ചാൽ വൃക്കകൾ, മസ്തിഷ്കം, കരൾ തുടങ്ങിയ അവയവങ്ങളിലേക്കും അസ്ഥികളിലേക്കും വ്യാപിക്കും.

പെയിന്റ്, പാത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, വ്യാവസായിക മലിനീകരണം തുടങ്ങിയ വിവിധ സ്രോതസ്സുകളിലൂടെയാണ് ലെഡ് സമ്പർക്കം ഉണ്ടാകുന്നത്. ലെഡ് സമ്പർക്കത്തിന് സുരക്ഷിതമായ അളവുകൾ ഒന്നുമില്ലെന്നും താരതമ്യേന കുറഞ്ഞ സമ്പർക്കം പോലും ദോഷകരമാവുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകുന്നു.

ബ്രസീൽ, ഇന്ത്യ, നേപ്പാൾ, എത്യോപ്യ, ഘാന, മലാവി, റുവാണ്ട, ദക്ഷിണാഫ്രിക്ക, ടാൻസാനിയ എന്നിവിടങ്ങളിൽ രക്തത്തിലെ ലെഡിന്റെ അളവ് പരിശോധിക്കുന്നതിനുള്ള ലബോറട്ടറി സൗകര്യങ്ങൾ വർധിപ്പിച്ച് വരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പകുതിയിൽ താഴെ രാജ്യങ്ങൾ മാത്രമാണ് പെയിന്റിലെ ലെഡിന്റെ ഉപയോഗത്തിന്മേൽ നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ പറയുന്നു.

എന്താണ് ലെഡ് വിഷബാധ?

ശരീരത്തിൽ ലെഡ് അടിഞ്ഞുകൂടുമ്പോൾ സംഭവിക്കുന്നതാണ് ലെഡ് വിഷബാധ അഥവാ ലെഡ് പോയിസണിങ്. ലെഡ് അടങ്ങിയതെന്തെങ്കിലും ശരീരത്തിലേക്കെത്തുന്നതാണ് ഇതിന് കാരണം. ഈ ലോഹത്തിൽ സ്പർശിക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നതും ലെഡ് വിഷബാധയ്ക്ക് കാരണമാകും. നമ്മുടെ തലച്ചോറ്, വൃക്കകൾ, പ്രത്യുത്പാദന വ്യവസ്ഥ എന്നിവയുൾപ്പെടെ പല അവയവങ്ങളേയും ഇത് ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.

ലക്ഷണങ്ങൾ

വയറുവേദന, അമിതമായ ഉത്കണ്ഠ, തലവേദന, ഛർദ്ദി, ക്ഷീണം, വിളർച്ച, കാലുകളിലും പാദങ്ങളിലും മരവിപ്പ്, വന്ധ്യത, വൃക്കയിലെ പ്രശ്നം എന്നിവ ലെഡ് വിഷബാധയുടെ ലക്ഷണങ്ങളാണ്.

ചികിത്സ

ലെഡ് വിഷബാധയാലുണ്ടാകുന്ന വന്ധ്യത, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പൂർണമായി മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്. വിഷയത്തിൽ ചെയ്യാനാകുന്നത് രക്തത്തിലെ ലെഡിന്റെ അളവ് കുറയ്ക്കാനും കൂടുതൽ വിഷബാധ ഏൽക്കുന്നത് തടയാനുമുള്ള ചികിത്സയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

രക്തത്തിൽ ലെഡിന്റെ അളവ് കൂടുതലാണെങ്കിൽ ഡോക്ടർമാർ രോഗിക്ക് കീലേറ്റിങ് ഏജന്റ്(chelating agent) നൽകും. ഇത് രക്തത്തിലെ ലെഡുമായി ബന്ധിച്ച് അതിനെ പുറന്തള്ളുന്നത് എളുപ്പമാക്കുന്നു.