ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉള്ള സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് രോഗസ്ഥിരീകരണവും ചികിത്സയും വൈകുന്നുവെന്ന് പഠനം. സ്ത്രീകളിലെ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ പലപ്പോഴും സൈക്യാട്രിക്, സൈക്കോസൊമാറ്റിക് പ്രശ്നങ്ങളായി തെറ്റിദ്ധരിക്കുന്നതാണ് ചികിത്സ വൈകിക്കുന്നതിനു പിന്നിലെന്നും പഠനം പറയുന്നു.
ദി ലാൻസെറ്റിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ചു വ്യക്തമാക്കിയിരിക്കുന്നത്. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുള്ള 6,600-ലധികം രോഗികളുടെ രോഗനിർണയ അനുഭവങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. കേംബ്രിജ് സർവകലാശാലയിലെയും ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായാണ് പഠനം നടത്തിയത്. സൈക്യാട്രിക് പ്രശ്നങ്ങളാണെന്നു തെറ്റിദ്ധരിക്കുന്നതുകൊണ്ടുതന്നെ സ്ത്രീകളിൽ രോഗനിർണയവും ചികിത്സയും വൈകുന്നുവെന്നാണ് കണ്ടെത്തൽ.
പഠനത്തിന്റെ ഭാഗമായ സ്ത്രീകളിൽ 43ശതമാനംപേരും തങ്ങളുടെ ഓട്ടോഇമ്മ്യൂൺ രോഗലക്ഷണങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങളാണെന്നു തെറ്റിദ്ധരിച്ചുവെന്ന് പറഞ്ഞു. മാനസികസംബന്ധമായ പ്രശ്നങ്ങളാൽ ശാരീരിക ലക്ഷണങ്ങൾ പ്രകടമാകുന്ന 'സൈക്കോസോമാറ്റിക്' ആണെന്ന് 34 ശതമാനം സ്ത്രീകളും തെറ്റിദ്ധരിച്ചുവെന്ന് പഠനം പറയുന്നു. പുരുഷന്മാരിൽ ഇത് 22 ശതമാനമായിരുന്നു.
പല ഓട്ടോഇമ്മ്യൂൺ രോഗങ്ങളും സ്ത്രീകളിലാണ് കൂടുതൽ സാധാരണമായി കാണപ്പെടുന്നത്. ക്ഷീണം, വേദന, ഉറക്കത്തിലെ തകരാറുകൾ, മാനസിനിലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പലപ്പോഴും പ്രാരംഭലക്ഷണങ്ങളായി പ്രകടമാവുക. ഇവ മാനസികാരോഗ്യം തകരാറിലാകുന്നതിന്റേത് ആകുമെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിക്കുന്നതാണ് വെല്ലുവിളിയാകുന്നതെന്ന് ഗവേഷകർ പറയുന്നു.
ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് മുതൽ രോഗനിർണ്ണയം ലഭിക്കുന്നത് വരെയുള്ള കാലതാമസം സ്ത്രികളിൽ കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. പുരുഷന്മാരിൽ രോഗനിർണ്ണയത്തിനായി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമയം മൂന്ന് മാസത്തിൽ താഴെയായിരുന്നു, അതേസമയം സ്ത്രീകളിൽ ഇത് ഒന്നോ രണ്ടോ വർഷമായിരുന്നു.
സ്വയം മാനസികാരോഗ്യ പ്രശ്നമാണെന്ന് നിർണയിക്കും മുമ്പ് ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടേതാണോ എന്ന് പരിശോധിക്കണമെന്നും ഗവേഷകർ പറയുന്നു. ആളുകളിൽ ഓട്ടോഇമ്മ്യൂൺ രോഗങ്ങളും മാനസിക പ്രശ്നങ്ങളും ഒരുപോലെ ഉണ്ടാകാം. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ ഭാഗമായും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. മസ്തിഷ്കത്തെ നേരിട്ട് ബാധിക്കാൻ കഴിയുന്ന ലുപ്പസ് പോലുള്ള രോഗങ്ങളിൽ ഇത് കൂടുതൽ പ്രകടവുമാണ്. ലക്ഷണങ്ങൾ നീണ്ടുനിൽക്കുമ്പോഴോ, ഒന്നിലധികം ശരീരഭാഗങ്ങളെ ബാധിക്കുമ്പോഴോ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടേതാണോ എന്ന് പരിശോധിക്കാൻ ഡോക്ടർമാരും തയ്യാറാവണമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
എന്താണ് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ?
ശരീരത്തെ സംരക്ഷിക്കേണ്ട രോഗപ്രതിരോധ സംവിധാനം തന്നെ തെറ്റായി ശരീരത്തിനെതിരെ പ്രവർത്തിക്കുന്ന അവസ്ഥയാണിത്. ഇത്തരം രോഗങ്ങളെ “ഓട്ടോഇമ്യൂൺ ഡിസോർഡേഴ്സ്” എന്നും വിളിക്കും. നൂറിലേറെ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുണ്ട്. സന്ധികൾ, പേശികൾ, ചർമം, രക്തക്കുഴൽ, ദഹനവ്യനസ്ഥ, നാഡീവ്യവസ്ഥ എന്നിവയെയെല്ലാം ബാധിക്കാം. റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപസ്, മയോസൈറ്റിസ് തുടങ്ങിയവ സന്ധികളെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂൺ രോഗങ്ങളാണ്. സോറിയാസിസ്, ഡെർമറ്റോമയോസൈറ്റിസ്, സ്ക്ലിറോഡെർമ, വിറ്റിലിഗോ തുടങ്ങിയവ ചർമത്തെയും ക്രോൺസ് ഡിസീസ്, സീലിയാക് ഡിസീസ്, ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയവ ദഹനവ്യവസ്ഥയെയും ബാധിക്കുന്നതാണ്. ടൈപ്പ് 1 ഡയബറ്റിസും ഓട്ടോഇമ്മ്യൂൺ രോഗമാണ്.
പേശികളെ ബാധിക്കുന്ന രോഗങ്ങൾ പേശികളുടെ ബലഹീനതയ്ക്ക് കാരണമാകാം. റ്യൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിൽ സന്ധിവേദന, വീക്കം, കാഠിന്യം എന്നിവ ഉണ്ടാകാം. ടൈപ്പ് 1 ഡയബറ്റിസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ (ഹൈപ്പർഗ്ലൈസീമിയ) കാരണമാകുന്നു. ചില ഓട്ടോഇമ്യൂൺ രോഗങ്ങൾ കാഴ്ചയെയും ബാധിക്കാം. പല ഓട്ടോഇമ്യൂൺ രോഗങ്ങൾക്കും പ്രധാനമായൊരു ലക്ഷണം വീക്കം ആണ്.
ഇത്തരം രോഗങ്ങൾ ദീർഘകാലം നിലനിൽക്കുന്ന അവസ്ഥകളാണ്. അതിനാൽ ഓട്ടോഇമ്യൂൺ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ അതിനെ നിയന്ത്രിക്കാനുള്ള ചികിത്സയും തുടരേണ്ടിവരും.
Content Highlights: Autoimmune diseases more common in women, often mistaken for mental health problems, delaying diagnosis
Published: 15 Oct 2026, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented