ഫിറ്റ്നസിനേക്കുറിച്ച് പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിതിങ് സെഷനിടെ വന്ന ചോദ്യത്തിനു മറുപടി പറയവേയാണ് തന്റെ ഫിറ്റ്നസ് സീക്രട്ടുകൾ രാഹുൽ ഗാന്ധി പങ്കുവെച്ചത്.
എന്താണ് രാഹുലിന്റെ ഫിറ്റ്നസ് റുട്ടീൻ എന്നതായിരുന്നു ചോദ്യം. ഏത് ശീലമാണ് പിന്തുടരുന്നത് എന്നതിനേക്കാൾ അവ സ്ഥായിയായും സ്ഥിരമായും തുടരുക എന്നതാണ് പ്രധാനമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ ആയോധനകലകൾ ചെയ്യാറുണ്ട്. കുറേശ്ശെ നീന്തലും ഓട്ടവും തുടരാറുണ്ട്. അടുത്തിടെയായി യോഗയും ആരംഭിച്ചു.
കരുത്തുനേടാനും മെയ്‌വഴക്കത്തിനുമെല്ലാം വേണ്ടി ഒരു മണിക്കൂർ വ്യായാമത്തിനായി മാറ്റിവെക്കാറുണ്ട്. അത് ഒഴിവുസമയത്ത് ചെയ്യുന്ന കാര്യമല്ല, മറിച്ച് എന്തുതന്നെ സംഭവിച്ചാലും അതിനുള്ള സമയം കണ്ടെത്തും. പതിനൊന്നു മണിക്കാണ് ചെയ്യേണ്ടതെങ്കിൽ അപ്പോൾതന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
എത്രതന്നെ വ്യായാമത്തിനു സമയം കണ്ടെത്തിയാലും ജീവിതശൈലി മോശമായാൽ കാര്യമില്ലെന്നും രാഹുൽ പറയുന്നു. അനാരോഗ്യകരമായ ആഹാരം കഴിക്കുന്നവരോ ധാരാളം മദ്യപിക്കുന്നവരോ എപ്പോഴും സ്നാക്സ് കൊറിച്ചിരിക്കുന്നവരോ ആണെങ്കിൽ ഫിറ്റ്നസിനേക്കുറിച്ചു മറക്കുന്നതാണു നല്ലത്. കാരണം, അതെല്ലാം ഒരുമിച്ചുപോവില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്
- ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
- എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
- ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
- ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
- പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
- നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
വാം അപ് നിർബന്ധം
- വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
- വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
- മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം
Content Highlights: Rahul Gandhi shared his fitness secrets during an Instagram 'Ask Me Anything' session., His routine includes martial arts, swimming, running, and recently added yoga., He dedicates one hour daily to strength and flexibility training regardless of his schedule
Published: 09 Aug 2026, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented