
മുട്ടുവേദനയുള്ളവർ പലപ്പോഴും നടക്കുന്നതും വ്യായാമം ചെയ്യുന്നതും കുറയ്ക്കാറുണ്ട്. വേദന കുറയ്ക്കാൻ ഇത് സഹായിക്കുമെങ്കിലും ദീർഘകാലം ചലനം കുറയുന്നത് മുട്ടിനു ചുറ്റുമുള്ള പേശികളുടെ ബലം കുറയാൻ കാരണമാകും. പേശികളുടെ ബലക്കുറവ് മുട്ടിന്റെ പ്രവർത്തനത്തെ വീണ്ടും ബാധിക്കുകയും വേദനയും ചലനപരമായ ബുദ്ധിമുട്ടുകളും വർധിപ്പിക്കുകയും ചെയ്യാം. അതിനാൽ മുട്ടുവേദനയുടെ ചികിത്സയിൽ പേശീബലം വർധിപ്പിക്കുന്ന വ്യായാമങ്ങൾക്ക് പ്രധാന സ്ഥാനമാണുള്ളത്.
പേശികൾക്ക് എന്താണ് പ്രാധാന്യം?
തുടയുടെ മുൻവശത്തുള്ള പ്രധാന പേശിയായ ക്വാഡ്രിസെപ്സ് മുട്ട് നിവർത്തുന്നതിലും നടക്കുമ്പോഴും ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കുമ്പോഴും പ്രധാന പങ്കുവഹിക്കുന്നു. തുടയുടെ പിൻവശത്തെയും ഇടുപ്പിനെയും ചുറ്റിപ്പറ്റിയുള്ള പേശികളും മുട്ടിന്റെ ചലനവും നിയന്ത്രണവും നിലനിർത്തുന്നതിൽ സഹായിക്കുന്നു.
മുട്ടിലെ തേയ്മാനം മൂലമുള്ള വേദനയുള്ളവരിൽ പേശികളുടെ ബലം കുറയുന്നത് സാധാരണമാണ്. വേദന കാരണം ചലനം കുറയുകയും അതുവഴി പേശികളുടെ ബലം വീണ്ടും കുറയുകയും ചെയ്യുന്ന ഒരു ചക്രം ഇതോടെ ഉണ്ടാകുന്നു.
മുട്ടുവേദന - ചലനം കുറയുന്നു - പേശികളുടെ ബലം കുറയുന്നു - മുട്ടിന്റെ പ്രവർത്തനം കുറയുന്നു - വീണ്ടും ചലനം കുറയുന്നു
ശരിയായ വ്യായാമത്തിലൂടെ ഈ ചക്രം തകർക്കാൻ സാധിക്കും.
എന്താണ് വ്യായാമത്തിന്റെ പ്രയോജനം?
പേശികളുടെ ബലം വർധിപ്പിക്കുന്ന വ്യായാമം തേയ്മാനം സംഭവിച്ച തരുണാസ്ഥിയെ പഴയപടിയാക്കുന്നില്ല. എന്നാൽ മുട്ടിന്റെ ചലനം നിയന്ത്രിക്കാനും ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പമാക്കാനും ഇത് സഹായിക്കും. മുട്ടുവേദന കുറയ്ക്കുന്നതിനും നടക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനും വ്യായാമം പ്രയോജനകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ശരീരഭാരം കൂടുതലുള്ളവരിൽ ഭാരം കുറയ്ക്കുന്നതിനൊപ്പം വ്യായാമം ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും. മുട്ടിലുള്ള അമിതഭാരം കുറയ്ക്കാനും ശാരീരിക ക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഏതൊക്കെ വ്യായാമങ്ങൾ?
മുട്ടിന്റെ അവസ്ഥ, വേദനയുടെ തീവ്രത, പേശികളുടെ ബലം, പ്രായം, മറ്റ് അസുഖങ്ങൾ എന്നിവ കണക്കിലെടുത്താണ് വ്യായാമം തിരഞ്ഞെടുക്കേണ്ടത്. കിടന്നു കൊണ്ട് മുട്ട് നിവർത്തി കാൽ ഉയർത്തുന്ന വ്യായാമം (Straight Leg Raise) തുടയുടെ മുൻവശത്തെ പേശികളുടെ ബലം കൂട്ടാൻ സഹായിക്കുന്നു. കിടന്നു കൊണ്ട് മുട്ടിനു താഴെ ചെറിയ താങ്ങ് നൽകി തുടയിലെ പേശി മുറുക്കി പിടിക്കുന്ന വ്യായാമം (Static Quadriceps) പ്രാരംഭ ഘട്ടത്തിൽ ചെയ്യാവുന്നതാണ്. കസേരയിൽ ഇരുന്ന് എഴുന്നേൽക്കൽ, ചെറിയ പടിയിൽ കയറിയിറങ്ങൽ തുടങ്ങിയ വ്യായാമങ്ങൾ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പേശീബലം വർധിപ്പിക്കാൻ സഹായിക്കും.
പ്രതിരോധ ബാൻഡ് ഉപയോഗിച്ചുള്ള വ്യായാമങ്ങൾ
പേശികളുടെ ബലം കൂടുതൽ വർധിപ്പിക്കുന്നതിനായി പ്രതിരോധ ബാൻഡ് (Resistance Band) ഉപയോഗിച്ചുള്ള വ്യായാമങ്ങളും ചെയ്യാം. ബാൻഡ് നൽകുന്ന പ്രതിരോധത്തിനെതിരെ കാൽ ചലിപ്പിക്കുന്നതിലൂടെ തുടയിലെയും ഇടുപ്പിലെയും പേശികൾക്ക് കൂടുതൽ പരിശീലനം ലഭിക്കും.
പേശികളുടെ ബലം വർധിക്കുന്നതിനനുസരിച്ച് ബാൻഡിന്റെ പ്രതിരോധം ക്രമേണ കൂട്ടാം. എന്നാൽ മുട്ടിന്റെ അവസ്ഥയ്ക്കനുസരിച്ചായിരിക്കണം ഇവ തിരഞ്ഞെടുക്കേണ്ടത്.
നടത്തം, സൈക്കിൾ ചവിട്ടൽ, നീന്തൽ തുടങ്ങിയ വ്യായാമങ്ങളും രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ഉൾപ്പെടുത്താവുന്നതാണ്.
ഫിസിയോതെറാപ്പിയുടെ പങ്ക്
എല്ലാ രോഗികൾക്കും ഒരേ രീതിയിലുള്ള വ്യായാമം മതിയാകണമെന്നില്ല. മുട്ടിന്റെ ചലനം, പേശികളുടെ ബലം, നടക്കുന്നതിലെ വ്യത്യാസങ്ങൾ, ശരീരത്തിന്റെ സന്തുലിതാവസ്ഥ എന്നിവ പരിശോധിച്ച ശേഷം ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ വ്യായാമരീതി തയ്യാറാക്കുന്നതിൽ ഓർത്തോപീഡിക് ഡോക്ടറുടെയും ഫിസിയോതെറാപിസ്റ്റിന്റെയും ഏകോപിതമായ ഇടപെടൽ നിർണായകമാണ്.
വ്യായാമം ശരിയായ രീതിയിൽ ചെയ്യുന്നതും ക്രമേണ അതിന്റെ അളവ് വർധിപ്പിക്കുന്നതും പ്രധാനമാണ്. തെറ്റായ രീതിയിലുള്ള അമിത വ്യായാമം വേദന വർധിപ്പിക്കാനും കാരണമാകാം.
മുട്ടുവേദനയുടെ കാരണം ആദ്യം കൃത്യമായി കണ്ടെത്തിയ ശേഷം ഓർത്തോപീഡിക് ഡോക്ടറുടെ നിർദ്ദേശത്തോടൊപ്പം ഫിസിയോതെറാപ്പി നടത്തുന്നതാണ് ഉചിതം. പ്രത്യേകിച്ച് പരിക്ക്, മുട്ടിന്റെ അസ്ഥിരത, അമിതമായ വീക്കം എന്നിവയുള്ളവർ സ്വയം വ്യായാമം തുടങ്ങുന്നതിനു മുമ്പ് ഡോക്ടറെ കാണണം.
ശസ്ത്രക്രിയ വേണ്ടിവരുന്നത് എപ്പോൾ?
മുട്ടിലെ തേയ്മാനം ആരംഭിച്ച ഘട്ടങ്ങളിൽ ശരീരഭാരം നിയന്ത്രിക്കൽ, മരുന്നുകൾ, ആവശ്യമായ ചികിത്സകൾ, പേശികളുടെ ബലം വർധിപ്പിക്കുന്ന വ്യായാമങ്ങൾ എന്നിവയിലൂടെ പലർക്കും ആശ്വാസം ലഭിക്കും. എന്നാൽ തരുണാസ്ഥി വളരെയധികം നഷ്ടപ്പെട്ട് എല്ലുകൾ തമ്മിൽ ഉരസുന്ന അവസ്ഥയുണ്ടാകുകയും, വേദന ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്താൽ ശസ്ത്രക്രിയ പരിഗണിക്കേണ്ടതായിവരും.
നടക്കുന്നതിനും പടികൾ കയറുന്നതിനും ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുക, രാത്രിയിലും വിശ്രമിക്കുമ്പോഴും വേദന ഉണ്ടാകുക, മരുന്നുകളും മറ്റ് ചികിത്സകളും കൊണ്ട് മതിയായ ആശ്വാസം ലഭിക്കാതിരിക്കുക എന്നിവ ശസ്ത്രക്രിയ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.
എക്സ്റേയിൽ തേയ്മാനം കാണുന്നു എന്നത് മാത്രം ശസ്ത്രക്രിയയ്ക്ക് കാരണമാകണമെന്നില്ല. രോഗിയുടെ വേദനയും ദൈനംദിന ജീവിതത്തെ അത് എത്രത്തോളം ബാധിക്കുന്നു എന്നതും കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കുന്നത്.
ശസ്ത്രക്രിയയിൽ എന്താണ് ചെയ്യുന്നത്?
തേയ്മാനം വളരെ കൂടുതലായാൽ സാധാരണയായി ചെയ്യുന്ന ശസ്ത്രക്രിയയാണ് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. തുടയെല്ലിന്റെയും കാലിലെ പ്രധാന എല്ലിന്റെയും അഗ്രഭാഗത്ത് തേയ്മാനം സംഭവിച്ച ഭാഗങ്ങൾ ആവശ്യമായ അളവിൽ നീക്കം ചെയ്യുന്നു. പകരം ലോഹനിർമിതമായ ഘടകങ്ങൾ സ്ഥാപിക്കുന്നു. അവയ്ക്കിടയിൽ സുഗമമായ ചലനത്തിനായി കട്ടി കൂടിയ പോളി എത്തിലീൻ പ്ലാസ്റ്റിക് ഘടകം സ്ഥാപിക്കുന്നു.
മുട്ടിന്റെ വളവ് നിവർത്താനും സന്ധിയുടെ ശരിയായ ചലനം ഉറപ്പാക്കാനും പേശികളുടെയും ബന്ധനപേശികളുടെയും മുറുക്കത്തിൽ ആവശ്യമായ മാറ്റങ്ങളും വരുത്തുന്നു. ശസ്ത്രക്രിയയുടെ പ്രധാന ലക്ഷ്യം വേദന കുറയ്ക്കുക, മുട്ടിന്റെ വളവ് ശരിയാക്കുക, ചലനശേഷി മെച്ചപ്പെടുത്തുക എന്നിവയാണ്.
ശസ്ത്രക്രിയ കഴിഞ്ഞാൽ വ്യായാമം
മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞാലും വ്യായാമത്തിന് വലിയ പ്രാധാന്യമുണ്ട്. ശസ്ത്രക്രിയയുടെ ഫലം പൂർണമാകുന്നതിൽ വ്യായാമവും പുനരധിവാസവും പ്രധാന പങ്കുവഹിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളിൽ തന്നെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള കാൽവിരൽ, കണങ്കാൽ ചലനങ്ങളും തുടയിലെ പേശികൾ മുറുക്കുന്ന വ്യായാമങ്ങളും ആരംഭിക്കാം. തുടർന്ന് മുട്ട് നിവർത്താനും വളയ്ക്കാനുമുള്ള വ്യായാമങ്ങൾ ചെയ്യുന്നു.
രോഗിയുടെ പുരോഗതിക്കനുസരിച്ച് നടക്കൽ പരിശീലനം, കസേരയിൽ നിന്ന് എഴുന്നേൽക്കൽ, പടികൾ കയറൽ, സന്തുലിതാവസ്ഥ മെച്ചപ്പെടുത്തൽ, പേശികളുടെ ബലം വർധിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുക എന്നത് മാത്രമല്ല ലക്ഷ്യം. ശരിയായ രീതിയിൽ മുട്ട് ഉപയോഗിക്കാനും പേശികളുടെ ശക്തി വീണ്ടെടുക്കാനും കഴിയുന്നതാണ് നല്ല പുനരധിവാസത്തിന്റെ ലക്ഷ്യം. മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുന്ന ഇംപ്ലാന്റിന്റെ പ്രവർത്തനക്ഷമതയും ദീർഘകാല ആയുസ്സും നിലനിർത്തുന്നതിലും ഫിസിയോതെറാപ്പിക്ക് നിർണായക പങ്കുണ്ട്.
മുട്ടുവേദന വന്നാൽ പൂർണമായി വിശ്രമിക്കുന്നതിനേക്കാൾ വേദനയുടെ കാരണം കണ്ടെത്തി ആവശ്യമായ ചികിത്സയ്ക്കൊപ്പം ശരിയായ രീതിയിൽ ചലിക്കുകയും പേശികളുടെ ബലം നിലനിർത്തുകയും ചെയ്യുന്നതാണ് പ്രധാനം. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയവും ചികിത്സയും ആരംഭിച്ചാൽ പലരിലും ശസ്ത്രക്രിയ ഒഴിവാക്കാനും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ നിയന്ത്രിക്കാനും സാധിക്കും.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജനാണ് ലേഖകൻ.
Content Highlights: Exercise strengthens muscles around the knee and breaks the pain-inactivity cycle., Tailored physiotherapy and resistance band exercises improve daily mobility., Knee replacement surgery is considered when cartilage is severely worn and daily life is impacted.
Published: 02 Sept 2026, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented