ലളിതമായ ഒരു ശീലത്തിലൂടെ അകാലമരണ സാധ്യത കുറയ്ക്കാമെന്ന് ഗവേഷകർ. പ്രത്യേകിച്ച് ഹൃദ്രോഗം മൂലമുള്ള മരണങ്ങളെ പ്രതിരോധിക്കുന്നതിൽ പ‌ടികൾ കയറുക എന്ന ലളിതമായ ശീലത്തിന് വലിയ പങ്കുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ‌ 'അമേരിക്കൻ ജേണൽ ഓഫ് കാർഡിയോവാസ്കുലർ ഡ്രഗ്സ്' എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

To advertise here,

യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെയും നോർഫോക് ആൻഡ് നോർവിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇതുപ്രകാരം പടികൾ കയറുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത 39 ശതമാനവും മറ്റുകാരണങ്ങൾ കൊണ്ടുള്ള അകാലമരണസാധ്യത 24ശതമാനവും കുറവാണെന്ന് ഗവേഷകർ പറയുന്നു.

പടികൾ കയറുന്നവരിൽ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ പ്രധാനപ്പെട്ട ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു. ഏകദേശം 1,900 പഠനങ്ങൾ പരിശോധിച്ച ശേഷം 480,000-ത്തിലധികം ആളുകളുടെ ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. 14 വർഷം നീണ്ടതായിരുന്ന പഠനകാലയളവ്. ആരോഗ്യവാന്മാരായ ആളുകളും ഹൃദയസംബന്ധമായ പ്രശ്നങ്ങളുളളവരുമായ 35-നും 84-നും ഇടയിൽ പ്രായമുള്ളവരാണ് പഠനത്തിന്റെ ഭാഗമായത്.

ഗുരുത്വാകർഷണത്തിനെതിരെ ശരീരത്തെ ആവർത്തിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതുകൊണ്ട് പടികൾ കയറുന്നത് ലളിതവും എന്നാൽ ശക്തവുമായ ഒരു വ്യായാമരീതിയാണെന്ന് ഗവേഷകർ പറയുന്നു. ഇതിലൂടെ പേശികളുടെ ആരോഗ്യവും ഹൃദയാരോഗ്യവും മെച്ചപ്പെടും. കൂടുതൽ പടികൾ കയറുന്നതിനനുസരിച്ച് ആരോഗ്യഗുണങ്ങളും മെച്ചപ്പെടുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ‌‌

ആഗോളതലത്തിലുള്ള മുതിർന്നവരിൽ നാലിലൊന്ന് ഭാഗത്തിലധികം പേരും കാര്യമായി വ്യായാമം ചെയ്യുന്നില്ലെന്നും ഗവേഷകർ പറയുന്നു. ഉദാസീനമായ ജീവിതരീതി, പുകവലി, മോശമായ ഭക്ഷണശീലങ്ങൾ, അമിതവണ്ണം തുടങ്ങിയവയെല്ലാം ഹൃദ്രോഗസാധ്യത കൂട്ടും. ഇത്തരം സാഹചര്യങ്ങളിലാണ് പടികൾ കയറുന്നതുപോലുള്ള ലളിതമായ വ്യായാമങ്ങൾ ഗുണംചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു.

വീട്ടിലോ ജോലിസ്ഥലത്തോ പൊതുസ്ഥലങ്ങളിലോ ആളുകളുടെ ദിവസേനയുള്ള ജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിലവ് കുറഞ്ഞ ഒരു വ്യായാമരീതിയാണിത്. സമയക്കുറവുള്ളവർക്കും വ്യായാമ സൗകര്യങ്ങൾ ലഭ്യമല്ലാത്തവർക്കും ഇത് നല്ല രീതിയാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.