ആർത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകൾ നേരിടാനിടയുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ അവസാന ആർത്തവത്തോട് അനുബന്ധിച്ച് സ്ത്രീശരീരം കടുത്ത ശാരീരിക പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
അമേരിക്കയിലും ഇസ്രായേലിലുമുള്ള പത്ത് ലക്ഷത്തിലധികം സ്ത്രീകളുടെ 30 കോടിയിലധികം ലബോറട്ടറി പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അവസാന ആർത്തവകാലത്ത് ശരീരത്തിൽ പൊടുന്നനെ നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് ഗവേഷകർ പറയുന്നു. ലൈംഗിക ഹോർമോൺ അളവുകളിലെ വ്യത്യാസം, പ്രത്യുൽപാദന ശേഷി നഷ്ടപ്പെടുക എന്നതിനപ്പുറമാണ് ഇവയെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
നേച്ചർ മെഡിസിൻ ജർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 90 തരം ലബോറട്ടറി പരിശോധനകളിൽ 52 എണ്ണത്തിലും അസ്ഥികളുടെ ആരോഗ്യം, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം, കൊെളസ്ട്രോൾ നില എന്നിവയുൾപ്പെടെയുള്ള നിരവധി ശാരീരികാവസ്ഥകളെ ബാധിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ആർത്തവവിരാമ ഹോർമോൺ തെറാപ്പി സ്വീകരിക്കുന്ന സ്ത്രീകളിൽ ഈ മാറ്റങ്ങൾ കുറവാണെന്നും ഗവേഷകർ കണ്ടെത്തി.
അവസാന ആർത്തവഘട്ടത്തിൽ എൻഡോക്രൈൻ, കരൾ, വൃക്ക, ലിപിഡ് വ്യവസ്ഥകൾ എന്നിവ ഉൾപ്പെടുന്ന ഘടകങ്ങളെ ബാധിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. ആർത്തവവിരാമത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വ്യായാമം ചെയ്യുക, ഭക്ഷണം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ അപകടസാധ്യതകൾ കുറയ്ക്കാൻ കഴിഞ്ഞേക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നുണ്ട്. ആർത്തവവിരാമത്തിന് ഏകദേശം പത്തുവർഷം മുമ്പുതന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് പഠനം നിർദേശിക്കുന്നത്.
ആർത്തവവിരാമം
45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. അണ്ഡാശയങ്ങളുടെ പ്രവർത്തനശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്ളഷസ് (hot flashes) ഉണ്ടാകാറുണ്ട്. ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.
ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണങ്ങൾ
- ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുക, അമിതമായി വിയർക്കുക.
- എല്ലുകളുടെ ബലക്ഷയം, പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ, ഉത്കണ്ഠ,വിഷാദം, ദേഷ്യം, ഉറക്കമില്ലായ്മ. അസ്ഥികളുടെ ബലക്ഷയം മൂലം ചെറിയ വീഴ്ച പോലും എല്ലുകൾ പൊട്ടുന്നതിന് കാരണമാകുന്നു.
- ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുകയും അതുമൂലം തൊലിപ്പുറമേ വരൾച്ചയും ഇരുണ്ട അടയാളങ്ങളും കാണുന്നു.
- ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളിൽ പെട്ടെന്നുണ്ടായ മാറ്റവും മൂലം മാനസിക പിരിമുറുക്കം വർധിക്കുന്നു. പഠനത്തിനും ജോലി ആവശ്യത്തിനുമായുള്ള മക്കളുടെ താത്കാലിക വേർപാട്, പ്രായമായ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ, ലൈംഗികതയോടുള്ള താത്പര്യക്കുറവ്, ജോലി സ്ഥലത്തെ അസ്വസ്ഥതകൾ എന്നിവയെല്ലാം ഒറ്റപ്പെട്ട ഒരു അവസ്ഥ ഉണ്ടാക്കുന്നു.
Content Highlights: Researchers analyze over 30 million lab results, highlighting menopause health risks affecting bones, liver, kidneys, and cholesterol levels in women.
Published: 15 Oct 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented