കൊച്ചി: പേറ്റന്റുള്ള ജീവൻരക്ഷാ മരുന്നുകൾ അമിതവില ഈടാക്കി വിൽക്കുന്നതിൽ കേന്ദ്രത്തിന് ഇടപെടാമെന്ന് ഹൈക്കോടതി. പേറ്റന്റിന്റെ അടിസ്ഥാനത്തിൽ നിർമിക്കുന്ന മരുന്ന് അമിതമായ വിലയ്ക്ക് വിൽക്കുന്ന സാഹചര്യങ്ങളിൽ പേറ്റന്റ് നിയമം വകുപ്പ് 100 പ്രകാരം ഇടപെടാനാകുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

To advertise here,

പേറ്റന്റ് പരിധിയിൽ വരുന്ന മരുന്ന് നിർമിക്കാനും അർഹരായ രോഗികൾക്ക് ലാഭേച്ഛയില്ലാതെ വിൽക്കാനും വകുപ്പ് അനുമതി നൽകുന്നുണ്ടെന്ന് ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ നിരീക്ഷിച്ചു. മരുന്ന് ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിലാണോ ലഭ്യമാകുന്നതെന്ന് സർക്കാർ വിലയിരുത്തുകയും ഇടപെടൽ ആവശ്യമാണെന്ന് കണ്ടെത്തുന്ന പക്ഷം സെക്ഷൻ 100 പ്രകാരം തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

പേറ്റന്റ് ഉടമയുടെ സമ്മതമില്ലാതെ തന്നെ പേറ്റന്റുള്ള മരുന്ന് നിർമിക്കുന്നതിനും അത് ആവശ്യക്കാരായ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വാണിജ്യേതര അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിനും അനുമതി നൽകുന്നതാണ് സെക്ഷൻ 100.

അമിതവിലയുള്ള ജീവൻരക്ഷാ മരുന്നുകൾ താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്തനാർബുദ ബാധിതയായ റിട്ട.ബാങ്ക് ജീവനക്കാരി സമർപ്പിച്ച ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പേറ്റന്റ് സംരക്ഷണമുള്ള 'റിബോസിക്ലിബ്' എന്ന മരുന്നിന് അമിത വില ഈടാക്കുന്നതിനെതിരെയാണ് ഹർജി നൽകിയത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ഇവർ മരിച്ചതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിക്കുകയായിരുന്നു.

ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും അനുച്ഛേദം 47 പ്രകാരം പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള സർക്കാരിന്റെ ചുമതലയും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'റിബോസിക്ലിബ്' എന്ന വിലകൂടിയ മരുന്നിന് പകരമായി 'പാല്ബോസിക്ലിബ്' എന്ന മരുന്ന് ഉപയോഗിക്കാന് കഴിയില്ലെന്ന വിദഗ്ധ അഭിപ്രായവും കോടതി രേഖപ്പെടുത്തി