പേവിഷബാധയുടെ തീവ്രതയും പേമരണങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യവും ഓർമ്മപ്പെടുത്തിക്കൊണ്ട് ഇന്ന് ലോക പേവിഷബാധ ദിനം ആചരിക്കുകയാണ്. "ഒരുമിക്കാം, പേവിഷബാധയെ പ്രതിരോധിക്കാൻ കൂടുതൽ ശക്തരാകാം" (Stronger Together) എന്ന പ്രമേയത്തിലൂന്നിയാണ് ലോകാരോഗ്യ സംഘടനയുടെ (WHO) ആഹ്വാനപ്രകാരം ഈ വർഷത്തെ പേവിഷബാധ ദിനം ആചരിക്കുന്നത്. ആഗോളതലത്തിൽ പ്രതിവർഷം ഏകദേശം 59,000 ആളുകൾ പേവിഷബാധ മൂലം മരണപ്പെടുന്നുണ്ടെന്നും, അതിൽ 36 ശതമാനത്തോളം മരണങ്ങളും ഇന്ത്യയിലാണ് നടക്കുന്നത് എന്നുമുള്ള യാഥാർത്ഥ്യം രോഗപ്രതിരോധത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പേവിഷബാധ ഏൽക്കുന്നവരിൽ 40 ശതമാനവും 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

To advertise here,

അരുമമൃഗങ്ങളും പേവിഷബാധയും

പൊതുവേ പേവിഷവൈറസിന്റെ വാഹകരായി പരിഗണിക്കുന്നത് തെരുവുനായ്ക്കളെയാണെങ്കിലും അരുമകളായ വളർത്തുമൃഗങ്ങളിൽ നിന്ന് പേവിഷബാധയേൽക്കുന്ന നിരവധി സംഭവങ്ങളും നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അരുമകളായ പൂച്ചകളെയും നായ്ക്കളെയും കൃത്യമായ പ്രായത്തിൽ പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി റാബീസ് വൈറസിൽ നിന്ന് സുരക്ഷിതമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പേവിഷബാധ പ്രതിരോധകുത്തിവെയ്പ്പുകൾ കൃത്യമായി എടുത്ത തള്ളമൃഗത്തിൽ നിന്നും കന്നിപ്പാൽ വഴി ലഭ്യമാവുന്ന ആന്റിബോഡികൾ ആദ്യ 3 മാസം (90 ദിവസം) എത്തുന്നത് വരെ പൂച്ചക്കുഞ്ഞുങ്ങളെയും നായ്ക്കുഞ്ഞുങ്ങളെയും റാബീസ് രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കും. തുടർന്ന് വളർത്തുമൃഗങ്ങൾക്ക് 3 മാസം (12 ആഴ്ച / 90-100 ദിവസം) പ്രായമെത്തുമ്പോൾ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവെയ്പ് നൽകണം. പിന്നീട് 4 ആഴ്ചകൾക്ക് ശേഷം (16 ആഴ്ച) ബൂസ്റ്റർ കുത്തിവെയ്പ്പും തുടർന്ന് വർഷാവർഷം പ്രതിരോധ കുത്തിവെയ്പ്പും ആവർത്തിക്കേണ്ടതുണ്ട്. പൂർണ്ണസമയം വീട്ടിനകത്ത് തന്നെയിട്ട് വളർത്തുന്ന അരുമകളാണെങ്കിൽ പോലും വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കരുത്. പൂർണ്ണ ആരോഗ്യമുള്ളപ്പോൾ മാത്രമേ അരുമകൾക്ക് പ്രതിരോധ കുത്തിവെയ്പുകൾ നൽകാൻ പാടുള്ളൂ എന്നതും, കുത്തിവെയ്പ്പിന് 7 ദിവസം മുൻപ് ആന്തര പരാദങ്ങൾക്കെതിരായി (വിരമരുന്ന്) മരുന്നുകൾ നൽകണം എന്നതും പ്രധാനമാണ്. പ്രതിരോധ കുത്തിവെയ്പ് നൽകി 3 ആഴ്ചകൾക്കുള്ളിൽ (21 ദിവസത്തിനകം) ശരീരത്തിൽ ആവശ്യമായ പ്രതിരോധശേഷി രൂപപ്പെടും. വാക്സിൻ എടുത്തതിന് ശേഷം വെറ്ററിനറി ഡോക്ടർ നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങി സൂക്ഷിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നായകൾക്ക് ലൈസൻസ് നേടാൻ ഈ രേഖ അത്യാവശ്യമാണ്.

കരുതൽ വേണം കമ്മ്യൂണിറ്റി ഡോഗ്‌സിനും

വീട്ടിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൂടാതെ ചില പ്രദേശങ്ങളിൽ ഹൗസിങ് കോളനികൾ, വ്യാപാരകേന്ദ്രങ്ങൾ, വാഹന സ്റ്റാൻഡുകൾ എന്നിവയോട് ചേർന്ന് ഒട്ടേറെ ആളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങി വളരുന്നതുമായ നായ്ക്കളും പൂച്ചകളും കാണാറുണ്ട്. ഇവയാണ് 'കമ്മ്യൂണിറ്റി ഡോഗ്‌സ് / ക്യാറ്റ്‌സ്' എന്ന് അറിയപ്പെടുന്നത്. ആർക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും ഈ മൃഗങ്ങൾ ആ പ്രദേശത്തുള്ള എല്ലാവരുടെയും കൂടിയാണ്. അതുകൊണ്ടുതന്നെ, ഇത്തരം കമ്മ്യൂണിറ്റി ഡോഗ്‌സ് / ക്യാറ്റ്‌സ് വിഭാഗത്തിൽപ്പെടുന്ന മൃഗങ്ങൾക്ക് രോഗപ്പകർച്ച തടയുന്നതിനായി സമയബന്ധിതമായി പേവിഷബാധ പ്രതിരോധ വാക്സിൻ നൽകാൻ ബന്ധപ്പെട്ട പ്രാദേശിക കൂട്ടായ്മകളും തദ്ദേശവാസികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വാക്സിനെടുത്ത വളർത്തുനായ കടിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ

വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവെയ്പുകൾ പൂർണ്ണമായും എടുത്ത നായയിൽ നിന്നോ പൂച്ചയിൽ നിന്നോ കടിയോ മാന്തോ ഏറ്റാലും നിർബന്ധമായും വാക്സിനേഷൻ എടുക്കണം. പൂച്ചയോ നായയോ വീട് വിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റ് മൃഗങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള വാദങ്ങൾ തെറ്റാണ്. ഇണചേരൽ, കടിപിടി കൂടൽ, മാന്തൽ, സമ്പർക്കത്തിൽ വരൽ അല്ലെങ്കിൽ ശരീരത്തിലോ മുറിവിലോ നക്കൽ തുടങ്ങി പല രീതിയിൽ രോഗബാധിതരായ മൃഗങ്ങളുമായി ഇവയ്ക്ക് സമ്പർക്കമുണ്ടാകാം. പ്രതിരോധ കുത്തിവെയ്പുകൾ എടുത്ത മൃഗങ്ങൾ ആണെങ്കിൽ പോലും അവ പൂർണ്ണമായും പേവിഷബാധയ്ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാനും കഴിയില്ല. കൂടാതെ, പൂച്ചയിൽ നിന്ന് ഏൽക്കുന്ന മാന്ത് പ്രത്യേകം കരുതിയേ മതിയാകൂ; ഉമിനീർ കൈകളിൽ പുരട്ടി ശരീരം വൃത്തിയാക്കുന്ന സ്വഭാവമുള്ള ജീവിയായതിനാൽ രോഗബാധിതമായ പൂച്ചയുടെ നഖങ്ങളിൽ എപ്പോഴും ഉമിനീരിന്റെയും വൈറസിന്റെയും സാന്നിധ്യമുണ്ടാകാം. കടിയോ മാന്തോ ഏറ്റാൽ പേവിഷ പ്രതിരോധവാക്സിൻ എടുക്കുന്നതിനൊപ്പം കടിച്ച നായയേയോ പൂച്ചയേയോ പത്ത് ദിവസം നിരീക്ഷിക്കുകയും വേണം. നായ്ക്കളും പൂച്ചകളും പേവിഷ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിന് 4–5 ദിവസം മുൻപ് മുതൽ തന്നെ അവയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യം ഉണ്ടാകുകയും, ലക്ഷണം കാണിച്ചു തുടങ്ങിയാൽ 4–5 ദിവസത്തിനകം മരണപ്പെടുകയും ചെയ്യും എന്നതാണ് ഈ 10 ദിവസത്തെ നിരീക്ഷണത്തിന് പിന്നിലെ ശാസ്ത്രം. പത്ത് ദിവസം നിരീക്ഷിച്ചിട്ടും നായക്കോ പൂച്ചക്കോ രോഗലക്ഷണങ്ങളോ മരണമോ സംഭവിച്ചിട്ടില്ലെങ്കിൽ അവ പേവിഷബാധ ഏറ്റവയല്ലെന്ന് ഉറപ്പിക്കാം. അങ്ങനെ വന്നാൽ വാക്സിൻ എടുത്തവരെ പേവിഷബാധയ്ക്കെതിരെ മുൻകൂർ പ്രതിരോധ കുത്തിവെയ്പ് (Pre-exposure prophylaxis) സ്വീകരിച്ചവരായി പിന്നീട് പരിഗണിക്കും. എന്നാൽ, കടിച്ച നായയെയോ പൂച്ചയെയോ പത്തുദിവസം നിരീക്ഷിച്ച് രോഗമുണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സിൻ എടുക്കാം എന്ന് കരുതുന്നതും വാക്സിനേഷനിൽ കാലതാമസം വരുത്തുന്നതും അത്യന്തം അപകടകരമാണ്.

കടി പൂച്ചക്കുഞ്ഞിന്റേതാണെങ്കിലും വേണം പേവിഷ പ്രതിരോധ കുത്തിവെയ്പ്പ്

മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള നായ്ക്കുഞ്ഞോ പൂച്ചക്കുഞ്ഞോ മാന്തുകയോ കടിക്കുകയോ ചെയ്താൽ പ്രതിരോധ കുത്തിവെയ്പെടുക്കാതെ അവഗണിക്കുന്നവർ ഏറെയാണ്. എന്നാൽ, പ്രായ വ്യത്യാസമില്ലാതെ ഏതൊരു സസ്തനിജീവിയും റാബീസ് വൈറസിന്റെ വാഹകരാകാം എന്ന വസ്തുത നാം തിരിച്ചറിയണം. വീട്ടിൽ വളർത്തുന്ന മൂന്ന് മാസത്തിൽ താഴെ മാത്രം പ്രായമുള്ള പട്ടിക്കുഞ്ഞുങ്ങളിലും പൂച്ചക്കുഞ്ഞുങ്ങളിലും പേവിഷബാധ സ്ഥിരീകരിച്ച അനേകം സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ, അരുമകൾ എത്ര ചെറിയ കുഞ്ഞാണെങ്കിൽ പോലും അവയിൽ നിന്ന് കടിയോ മാന്തോ ഏറ്റാൽ പേവിഷ പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതിൽ യാതൊരു വീഴ്ചയോ വിമുഖതയോ കാണിക്കരുത്.

വളർത്തുമൃഗങ്ങൾക്ക് കടിയേറ്റാൽ

വീട്ടിൽ വളർത്തുന്ന നായ്ക്കൾക്കോ പൂച്ചകൾക്കോ പേവിഷബാധ സംശയിക്കുന്ന മറ്റ് മൃഗങ്ങളുടെ കടിയേറ്റാൽ അടിയന്തര പ്രാഥമിക ചികിത്സയും പോസ്റ്റ്-എക്സ്പോഷർ വാക്സിനേഷനും നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. കടിയേറ്റ ഉടൻ തന്നെ കൈയുറകൾ ധരിച്ച്, മുറിവേറ്റ ഭാഗം സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ച് തുടർച്ചയായി 15 മിനിറ്റ് നന്നായി കഴുകി വൃത്തിയാക്കണം. റാബീസ് വൈറസ് ഒരു 'എൻവലപ്ഡ്' (Enveloped) വൈറസ് ആയതിനാൽ സോപ്പിലടങ്ങിയിരിക്കുന്ന ലിപ്പിഡ് ലായകങ്ങൾക്ക് അതിന്റെ പുറംചട്ട തകർത്ത് അതിനെ നിർവീര്യമാക്കാനും നാഡീവ്യവസ്ഥയിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനും സാധിക്കും. മുൻകൂട്ടി വാക്സിൻ എടുക്കാത്ത അരുമകൾക്കാണ് കടിയേൽക്കുന്നതെങ്കിൽ, കടിയേറ്റ ദിവസം (0-ാം ദിവസം), തുടർന്ന് 3, 7, 14, 28 എന്നീ ദിവസങ്ങളിലായി ആകെ 5 ഡോസ് പോസ്റ്റ്-എക്സ്പോഷർ വാക്സിനേഷൻ നൽകണം. എന്നാൽ, കൃത്യമായി മുൻകൂട്ടി (Pre-exposure) വാക്സിനേഷൻ എടുത്തിട്ടുള്ള അരുമകളാണെങ്കിൽ കടിയേറ്റ ശേഷം 0, 3 എന്നീ ദിവസങ്ങളിൽ രണ്ട് ബൂസ്റ്റർ (Booster) ഡോസുകൾ മാത്രം നൽകിയാൽ മതിയാകും. കൂടാതെ, സാധ്യമെങ്കിൽ വളർത്തുമൃഗത്തെ കടിച്ച മൃഗത്തെ 10 ദിവസം നിരീക്ഷിക്കുകയും, കടിയേറ്റ അരുമകളിൽ രോഗലക്ഷണങ്ങൾ പ്രകടനമാകാൻ (Incubation Period) മാസങ്ങൾ വരെ എടുത്തേക്കാം എന്നതിനാൽ മുൻകരുതലിന്റെ ഭാഗമായി അവയെ ബാഹ്യസമ്പർക്കം ഒഴിവാക്കി കുറഞ്ഞത് 2 മാസത്തേക്കെങ്കിലും (60 ദിവസം) പ്രത്യേക ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചെയ്യേണ്ടതാണ്.

അരുമകൾ വീടുവിട്ടിറങ്ങി തിരികെവരുമ്പോൾ

ഇരതേടൽ, ഇണചേരൽ, വിരസത, ഭയം, അവഗണന, മാനസിക സമ്മർദ്ദം, ഇടിമിന്നൽ അല്ലെങ്കിൽ പടക്കം പോലെയുള്ള വലിയ ശബ്ദകോലാഹലങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ അരുമമൃഗങ്ങൾ വീട് വിട്ട് ഓടിപ്പോകുന്നതും ദിവസങ്ങൾക്ക് ശേഷം തിരികെ വരുന്നതും സാധാരണയാണ്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞ് കണ്ടുകിട്ടുന്ന ഇത്തരം അരുമകളുടെ ശരീരത്തിൽ കാണുന്ന ചെറിയ പോറലുകളും മുറിവുകളും അവ പുറത്തുണ്ടായിരുന്ന സമയത്ത് പേവിഷബാധയുള്ള മൃഗങ്ങളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അരുമകൾ വീടുവിട്ടു നിന്ന സമയത്ത് മറ്റേതെങ്കിലും മൃഗങ്ങളുമായി ഇണചേരൽ, കടിപിടി, മാന്തൽ, അല്ലെങ്കിൽ സമ്പർക്കം എന്നിവ ഉണ്ടായിട്ടുണ്ടോ എന്ന് കൃത്യമായി അറിയാൻ കഴിയില്ല. അതിനാൽ, വീടുവിട്ട് പോയി ദിവസങ്ങൾ കഴിഞ്ഞ് തിരികെവരുന്ന അരുമകൾക്ക് മുൻകൂട്ടി (Pre-exposure) റാബീസ് വാക്സിൻ നൽകിയിട്ടുള്ളതാണെങ്കിൽ പോലും, ഒട്ടും വൈകാതെ വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടുകയും നിർദ്ദേശാനുസരണം അടിയന്തരമായി പോസ്റ്റ് എക്സ്പോഷർ റാബീസ് വാക്സിനേഷൻ നൽകുകയും ചെയ്യേണ്ടതാണ്.

എടുക്കാം മുൻകൂറായുള്ള പേവിഷ പ്രതിരോധകുത്തിവെയ്പ് (Pre-Exposure Prophylaxis)

പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകൾ, കെന്നലുകൾ, കാറ്ററികൾ എന്നിവിടങ്ങളിലെ ജീവനക്കാർ, മൃഗശാലാ ജീവനക്കാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി സമ്പർക്കമുള്ളവർ, വെറ്ററിനറി ഡോക്ടർമാർ, പാരാവെറ്ററിനറി ജീവനക്കാർ തുടങ്ങിയവർ റാബീസ് വൈറസുമായി നിരന്തരം ഇടപഴകാൻ സാധ്യതയുള്ള ഉയർന്ന അപകടസാധ്യതയുള്ള (High-risk) വിഭാഗത്തിൽപ്പെടുന്നവരാണ്.

ഈ വിഭാഗത്തിൽപ്പെടുന്നവർ മുൻകൂറായി (0, 7, 21 അല്ലെങ്കിൽ 28 എന്നീ ദിവസങ്ങളിൽ) പേവിഷ പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നത് ഉചിതമാണ്. കൂടാതെ, വർഷാവർഷം രക്തപരിശോധനയിലൂടെ ആന്റിബോഡിയുടെ അളവ് നിർണ്ണയിച്ച് (Serum neutralization assay), ആവശ്യാനുസരണം ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവെയ്പുകൾ സ്വീകരിക്കേണ്ടതുമാണ്.

ഇങ്ങനെ മുൻകൂറായി പ്രീ-എക്സ്പോഷർ വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയ വ്യക്തികളെ പിന്നീട് മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ, ശരീരത്തിലെ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി (Anamnestic immune response) 0, 3 എന്നീ ദിവസങ്ങളിൽ രണ്ട് ഡോസ് ബൂസ്റ്റർ കുത്തിവെയ്പുകൾ മാത്രം നൽകിയാൽ മതിയാകും. ഇത്തരം വ്യക്തികൾക്ക് കടിയേറ്റ ശേഷം റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ (Rabies Immunoglobulin - RIG) നൽകേണ്ടതില്ല എന്നത് പ്രധാനപ്പെട്ട ഒരു ആശ്വാസഘടകമാണ്.

പേവിഷബാധ സംശയിച്ചാൽ

വളർത്തുമൃഗങ്ങൾ പ്രകോപനമൊന്നുമില്ലാതെ അക്രമാസക്തമാവുകയോ കടിക്കാൻ വരികയോ ചെയ്യുക, താടിയെല്ലിനും നാവിനും തളർച്ച ബാധിക്കുക, വായിൽ നിന്ന് നുരയും പതയും വരിക, കുരയ്ക്കുമ്പോഴോ ശബ്ദമുണ്ടാക്കുമ്പോഴോ മാറ്റങ്ങൾ അനുഭവപ്പെടുക, പിൻകാലുകൾക്ക് തളർച്ച ബാധിച്ച് നടക്കുമ്പോൾ വീഴാൻ പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുകയോ പേവിഷബാധ സംശയിക്കുകയോ ചെയ്താൽ അടിയന്തരമായി വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കുക. ലക്ഷണം കാണിച്ച മൃഗത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ച് ആഹാരവും വെള്ളവും നൽകി നിരീക്ഷിക്കണം.

ഒരു കാരണവശാലും രോഗം സംശയിക്കുന്ന മൃഗങ്ങളെ ഉടൻ തന്നെ തല്ലിക്കൊല്ലാൻ പാടില്ല എന്നത് പ്രത്യേകം ഓർക്കുക. കാരണം, രോഗം മൂർദ്ധന്യാവസ്ഥയിലെത്തുമ്പോൾ മാത്രമാണ് ശാസ്ത്രീയ പരിശോധനയിലൂടെ രോഗനിർണ്ണയം നടത്താൻ തക്കരീതിയിൽ അവയുടെ തലച്ചോറിൽ റാബീസ് വൈറസ് സാന്നിധ്യം ഉയർന്ന അളവിൽ കാണപ്പെടുന്നത്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽ നിന്ന് കടിയോ മാന്തോ ഏറ്റവരോ അല്ലെങ്കിൽ അവയുടെ ഉമിനീരുമായി സമ്പർക്കത്തിൽ വന്നവരോ ഒട്ടും വൈകാതെ ഡോക്ടറുടെ നിർദ്ദേശാനുസരണം പ്രതിരോധ കുത്തിവെയ്പ്പുകൾ (PEP) ആരംഭിക്കണം. മാറ്റിപ്പാർപ്പിച്ച മൃഗം നിരീക്ഷണത്തിനിടയിൽ മരണപ്പെടുകയാണെങ്കിൽ, രോഗം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെയോ അടുത്തുള്ള വെറ്ററിനറി കോളേജുകളുടെയോ അധീനതയിലുള്ള അംഗീകൃത റാബീസ് രോഗനിർണ്ണയ കേന്ദ്രങ്ങളിൽ (Rabies Diagnostic Laboratories) അവയുടെ മൃതദേഹം അല്ലെങ്കിൽ സാമ്പിളുകൾ എത്രയും വേഗം എത്തിക്കേണ്ടതാണ്.

പ്രയോജനപ്പെടുത്താം മൃഗസംരക്ഷണ വകുപ്പിന്റെ വാക്സിനേഷൻ ക്യാമ്പെയ്ൻ

പേവിഷബാധവിമുക്ത കേരളം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്റ്റ് (ADCP) നടപ്പിലാക്കുന്ന 'പേവിഷബാധ വിമുക്ത കേരളം - പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി'യുടെ (Rabies Free Kerala Vaccination Campaign - RFKVC 2026) നാലാം ഘട്ടം 2026 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 27 വരെ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുകയാണ്. 12 ആഴ്ചയ്ക്ക് (3 മാസം) മുകളിൽ പ്രായമുള്ള ആരോഗ്യമുള്ള എല്ലാ വളർത്തുനായ്ക്കൾക്കും മൃഗാശുപത്രികൾ വഴിയും വാർഡ് തലങ്ങളിൽ ക്രമീകരിക്കുന്ന പ്രത്യേക ക്യാമ്പുകൾ വഴിയും ഈ കാലയളവിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകാവുന്നതാണ്. ക്യാമ്പെയ്ൻ വഴി വാക്സിൻ സ്വീകരിക്കുന്ന നായ്ക്കൾക്ക് ഔദ്യോഗിക 'RFKVC Vaccination Certificate' ലഭിക്കുന്നതാണ്. അരുമകളുടെ വാക്സിനേഷൻ പ്രധാനമായതിനാൽ എല്ലാ വളർത്തുമൃഗ ഉടമസ്ഥർക്കും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോട് കട്ടിപ്പാറ വെറ്ററിനറി ഡിസ്‌പെൻസറിയിലെ വെറ്ററിനറി സർജനാണ് ലേഖകൻ.