30 മുതൽ 50 വയസ്സുവരെയുള്ള കാലഘട്ടം മിക്കവരുടെയും ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ഘട്ടമാണ്. വ്യക്തി ജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിൽ ആയാലും ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കുന്നതിനൊപ്പം ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാൻ സമയമോ അല്ലെങ്കിൽ അതിനായി മെനക്കേടുകയോ ചെയ്യാറില്ല എന്നതാണ് സത്യം. എന്നാൽ അപ്രതീക്ഷിതമായ ഒരു ആരോഗ്യപ്രശ്നം കുടുംബത്തെ മുഴുവൻ ബാധിക്കാൻ സാധ്യതയുള്ള പ്രായമായതിനാൽ, ഹൃദയസംബന്ധമായ ചെറിയ ലക്ഷണങ്ങൾ പോലും ശ്രദ്ധയോടെ കാണേണ്ടത് അനിവാര്യമാണ്.

To advertise here,

ഹൃദ്രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊറോണറി ആർട്ടറി ഡിസീസ്. ചികിത്സ വൈകിയാൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കാവുന്ന ഈ അസുഖം ഇന്ന് കൂടുതൽ പേരിൽ കണ്ടുവരുന്നു.

ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ

30 മുതൽ 50 വരെ പ്രായമുള്ളവർ താഴെപ്പറയുന്ന ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക:

1.നെഞ്ചുവേദനയോ അസ്വസ്ഥതയോ – ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. നെഞ്ചിൽ അമർത്തുന്നതുപോലെയോ ഞെരുക്കുന്നതുപോലെയോ ഭാരം അനുഭവപ്പെടുന്നതോ ആയ അസ്വസ്ഥത.

2.ശ്വാസതടസ്സം – പ്രത്യേകിച്ച് ശാരീരികാധ്വാനത്തിനിടയിലോ കിടക്കുമ്പോഴോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

3.മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന വേദന – കൈകളിലേക്കോ പുറംഭാഗത്തേക്കോ താടിയെല്ലിലേക്കോ വയറിലേക്കോ വേദന വ്യാപിക്കുക.

4.ക്ഷീണം – പെട്ടെന്ന് അനുഭവപ്പെടുന്ന അസാധാരണമായ ക്ഷീണം, മറ്റു ലക്ഷണങ്ങളോടൊപ്പം ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

5.തലകറക്കമോ ബോധക്ഷയം പോലുള്ള അനുഭവമോ – മറ്റു ലക്ഷണങ്ങളോടൊപ്പം ഇത് ഉണ്ടാകുന്നത് ഹൃദ്രോഗ സൂചനയാകാം.

6.ഓക്കാനമോ ഛർദ്ദിയോ – നെഞ്ചുവേദനയോ ക്ഷീണമോ ഒപ്പം ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.

7.കാരണമില്ലാതെയുള്ള വിയർപ്പ്

8.ഹൃദയമിടിപ്പിലെ വ്യതിയാനം – ഹൃദയം വേഗത്തിൽ മിടിക്കുന്നതോ പിടയുന്നതോ ആയ അനുഭവം.

ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന അപകട ഘടകങ്ങൾ

അമിത രക്തസമ്മർദ്ദം ഒരു പ്രധാന അപകട ഘടകമാണ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്ന ഉയർന്ന കൊളസ്ട്രോളും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. പ്രമേഹം, പുകവലി, അമിതവണ്ണം (പ്രത്യേകിച്ച് വയറ്റിലെ കൊഴുപ്പ്), ശാരീരികാധ്വാനമില്ലായ്മ, കൊഴുപ്പും കൊളസ്ട്രോളും കൂടിയ ഭക്ഷണക്രമം, അമിതമായ മദ്യപാനം എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

കുടുംബത്തിൽ ചെറുപ്പത്തിലേ ഹൃദ്രോഗം വന്നവരുണ്ടെങ്കിൽ അതും ഒരു അപകട ഘടകമാണ്. തുടർച്ചയായ മാനസിക സമ്മർദ്ദം രക്തസമ്മർദ്ദം കൂട്ടുകയും പുകവലി, അമിതഭക്ഷണം പോലുള്ള ദോഷകരമായ ശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ചികിത്സിക്കാതെ വിടുന്ന സ്ലീപ് അപ്നിയയും ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും കാരണമാകാം.

പ്രതിരോധ മാർഗങ്ങൾ

30 മുതൽ 50 വരെ പ്രായമുള്ളവർ കൃത്യമായി രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഇസിജി തുടങ്ങിയ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷണക്രമം, വ്യായാമം, പുകവലി ശീലം, ശരീരഭാരം, രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസ് നില എന്നിവയെല്ലാം ഈ പ്രായത്തിൽ ഹൃദയാരോഗ്യത്തെ നിർണായകമായി സ്വാധീനിക്കുന്നു.

സ്ഥിരമായ വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുകയും അമിതവണ്ണം നിയന്ത്രിക്കുകയും ചെയ്യുക.

ആരോഗ്യകരമായ ഭക്ഷണക്രമം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മാംസ്യം കുറഞ്ഞ ഭക്ഷണങ്ങൾ, നല്ല കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പുകവലി നിർത്തുക: പുകവലി ശീലമുള്ളവർ ആവശ്യമായ സഹായം തേടി അത് ഉപേക്ഷിക്കുക.

മാനസിക സമ്മർദ്ദം നിയന്ത്രിക്കുക: ധ്യാനം, യോഗ, ദീർഘശ്വാസ വ്യായാമങ്ങൾ പോലുള്ള മാർഗങ്ങൾ പരിശീലിക്കുക.

വേണ്ടത്ര ഉറക്കം: ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കം ഉറപ്പാക്കുക.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുകയും ഉടനടി ചികിത്സ തേടുകയും ചെയ്യുന്നത് ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കാനും ചികിത്സ വിജയകരമാക്കാനും വളരെയധികം സഹായിക്കും.

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ അഡ്വാൻസ്ഡ് ഹാർട്ട് വാൽവ് സെന്റർ & ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ.