ഒരു രോഗത്തിനു പിന്നാലെ പല രോഗങ്ങൾ വരുന്ന സാഹചര്യമാണ് പ്രമേഹം സൃഷ്ടിക്കുന്നത്. പ്രമേഹവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രത്യാഘാതങ്ങൾ നിരന്തരം ചർച്ചയാവാറുമുണ്ട്. ഇപ്പോഴിതാ ഇതിന് ആക്കംകൂട്ടുന്നൊരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടൈപ്പ് 2 ഡയബറ്റിസ് സ്ഥിരീകരിച്ചതിനുശേഷം വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം, മരണം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർധിക്കുന്നുവെന്നാണ് പഠനം പറയുന്നത്.

To advertise here,

ഇറ്റലിയിലെ മിലാനിൽ നടക്കുന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ (ഇ.എ.എസ്.ഡി) വാർഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച ഗവേഷണം അവതരിപ്പിക്കുന്നത്. ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

അമേരിക്കയിലുടനീളമുള്ള 1.6 ദശലക്ഷത്തിലധികം രോഗികളുടെ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. അമേരിക്കയിൽ 2010 ജനുവരി ഒന്നിനും 2024 മാർച്ച് 31-നും ഇടയിൽ ടൈപ്പ് 2 പ്രമേഹം പുതുതായി നിർണ്ണയിക്കപ്പെട്ട 1,617,508 രോഗികളെയാണ് ഉൾപ്പെടുത്തിയത്. പഠനത്തിന്റെ ഭാഗമായവരുടെ ശരാശരി പ്രായം 59 ആയിരുന്നു, ഇതിൽ 51% പേർ സ്ത്രീകളായിരുന്നു. ഇതിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും (72%) ഡിസ്ലിപിഡേമിയ (രക്തത്തിൽ കൊളസ്ട്രോളും മറ്റ് കൊഴുപ്പുകളും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നത്) ഉള്ളവരായിരുന്നു, കൂടാതെ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേർക്കും (68%) ഉയർന്ന രക്തസമ്മർദവും ഉണ്ടായിരുന്നു.

തുടർന്നാണ് ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ച് ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം, മരണം എന്നിവയ്ക്കുള്ള സംയുക്ത സാധ്യത ശരാശരി 33% ആണെന്നും 10 വർഷത്തിനുള്ളിൽ ഇത് 55% ആയി ഉയരുന്നുവെന്നും കണ്ടെത്തിയത്. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്ന ടൈപ്പ് 2 പ്രമേഹത്തെ കരുതലോടെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കുകയാണ് ഗവേഷകർ. 2050ഓടെ ആഗോളതലത്തിൽ നൂറുകോടി ജനങ്ങളെ ബാധിക്കുന്ന ഏറ്റവും വ്യാപകമായ രോഗമായി ടൈപ്പ്2 ഡയബറ്റിസ് മാറുമെന്നും ഗവേഷകർ പറയുന്നു.

ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ഗുരുതരമായ സങ്കീർണ്ണതകൾ രക്തക്കുഴലുകളെയും സുപ്രധാന അവയവങ്ങളെയും തകരാറിലാക്കുന്നതിനെ കുറിച്ചാണ് തങ്ങളുടെ പഠനം പറയുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ടൈപ്പ് 2 ഡയബറ്റിസ് നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കലാണ് സങ്കീർണതകൾ തടയാൻ പ്രധാനമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

ടൈപ് 2 ഡയബറ്റിസ്

ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്‌. ഇത് ഇൻസുലിൻ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങൾ, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.