ഹൃദയാരോഗ്യത്തെക്കുറിച്ചും ഹൃദയാഘാത ലക്ഷണങ്ങളെക്കുറിച്ചും ഇന്ന് ഭൂരിഭാഗം വ്യക്തികൾക്കും ധാരണയുണ്ട്. എന്നാൽ, ഈ അറിവ് യഥാർത്ഥത്തിൽ ഒരു അത്യാഹിത ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം നിരാശാജനകമാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞിട്ടും രോഗാവസ്ഥയുടെ തീവ്രത മനസ്സിലാക്കാതെ ചികിത്സ വൈകിപ്പിക്കുന്നതാണ് പലപ്പോഴും രോഗിയെ മരണത്തിലേക്ക് തള്ളിയിടുന്നത്. "ഓരോ നിമിഷവും വിലപ്പെട്ടതാണ്" എന്ന സന്ദേശം കേവലം ഒരു വാചകമല്ല മറിച്ച് ജീവനും മരണത്തിനും ഇടയിലുള്ള നേർത്ത വരയാണെന്ന സത്യം പലരും തിരിച്ചറിയുന്നത് വൈകിയാണ്.
കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവുമായി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പരിശോധനയിൽ ഹൃദയത്തിലേക്കുള്ള പ്രധാന രക്തധമനി പൂർണ്ണമായി അടഞ്ഞതായി കണ്ടെത്തി. ഉടൻ തന്നെ പ്രൈമറി ആൻജിയോപ്ലാസ്റ്റി വഴി ബ്ലോക്ക് നീക്കി രക്തയോട്ടം പുനഃസ്ഥാപിച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കളോട് വ്യക്തമാക്കി. എന്നാൽ ബന്ധുക്കളുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു: "വിദേശത്തുള്ള മൂത്ത സഹോദരനെ വിളിച്ച് ചോദിക്കട്ടെ", "നാട്ടിലുള്ള അടുത്ത ബന്ധു വഴിയിലാണ്, അദ്ദേഹം എത്തിയിട്ട് തീരുമാനിക്കാം".
അടിയന്തര ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടും സമ്മതപത്രത്തിൽ ഒപ്പിടാൻ അവർ മടിച്ചുനിൽക്കുകയും സമയം വൈകിപ്പിക്കുകയും ചെയ്തു. ഒടുവിൽ സമ്മതപത്രത്തിനായി കാത്തുനിൽക്കുന്നതിനിടയിൽ ആ രോഗിയുടെ ഹൃദയമിടിപ്പ് എന്നേക്കുമായി നിലച്ചു. ജീവൻ വേർപിരിഞ്ഞതിന് തൊട്ടുപിന്നാലെ, അതേ ബന്ധുക്കൾ ഡോക്ടർമാർക്ക് നേരെ തട്ടിക്കയറി: "ഞങ്ങൾ ഒപ്പിട്ടു തന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്തുകൂടായിരുന്നോ? എന്തിനാണ് ഒന്നും ചെയ്യാതെ കാത്തുനിന്നത്?". വൈകാരികമായ ഈ ഏറ്റുമുട്ടൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഹൃദയാഘാതത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, തീരുമാനമെടുക്കാൻ വൈകുന്ന ഓരോ നിമിഷവും എത്രത്തോളം അപകടകരമാണെന്ന് കാണിക്കുന്ന ദാരുണമായ ഒരു തെളിവാണ് ഇത്.
എന്താണ് ഹൃദയാഘാതം? ഇത് എങ്ങനെ സംഭവിക്കുന്നു?
ഹൃദയപേശികൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും എത്തിച്ചുനൽകുന്നത് കൊറോണറി ധമനികൾ ആണ്. വർഷങ്ങളെടുത്ത് മാറുന്ന അശാസ്ത്രീയമായ ജീവിതശൈലി, അമിതസമ്മർദ്ദം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പുകവലി എന്നിവ കാരണം ഈ ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പ് പ്ലാക്കുകൾ അടിയുന്നു. ഈ അവസ്ഥയ്ക്കാണ് അതെറോസ്ക്ലിറോസിസ് എന്ന് പറയുന്നത്.
ഈ കൊഴുപ്പടിഞ്ഞ ഭാഗം (പ്ലാക്) പെട്ടെന്ന് പൊട്ടുകയോ വിണ്ടുകീറുകയോ ചെയ്യുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ശരീരം അവിടെ ഒരു രക്തക്കട്ട (ബ്ലഡ് ക്ലോട്ട്) രൂപീകരിക്കുന്നു. ഈ രക്തക്കട്ട ധമനിയിലൂടെയുള്ള രക്തയോട്ടം പൂർണ്ണമായോ ഭാഗികമായോ പെട്ടെന്ന് തടസ്സപ്പെടുത്തുന്നു. രക്തയോട്ടം നിലയ്ക്കുന്നതോടെ ഹൃദയപേശികൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും, മിനിറ്റുകൾക്കുള്ളിൽ ആ ഭാഗത്തെ പേശികൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.
ലക്ഷണങ്ങളും അവഗണനയും നൽകുന്ന തിരിച്ചടി
നെഞ്ചിന് നടുവിലുണ്ടാകുന്ന കടുത്ത ഭാരമോ വിങ്ങലോ, കഴുത്തിലേക്കോ താഴത്തെ താടിയെല്ലിലേക്കോ ഇടതുകൈയിലേക്കോ പടരുന്ന വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ അതിനെ സ്വയം നിസ്സാരവൽക്കരിക്കുന്ന പ്രവണതയാണ് ഏറ്റവും അപകടകരം. "ഇത് ഗ്യാസിന്റെ പ്രശ്നമാണ്", "ഇന്ന് കഴിച്ച ആഹാരം ശരിയാകാത്തതുകൊണ്ടാണ്" എന്നിങ്ങനെ സ്വയം രോഗനിർണ്ണയം നടത്തി പ്രകൃത ഔഷധങ്ങളോ അന്റാസിഡോ കഴിച്ച് സമയം കളയുന്നവർ നിരവധിയാണ്.
നെഞ്ചിൽ കടുത്ത വേദനയോടൊപ്പം കൈവേദനയോ അമിതമായ വിയർപ്പോ ഉണ്ടാകുന്നത് ഹൃദയാഘാത സൂചനയാണെന്ന് കൃത്യമായി അറിയാവുന്നവർ പോലും 'എനിക്ക് ഇതൊന്നും വരില്ല' എന്ന അമിത ആത്മവിശ്വാസത്തിലോ ഭയത്തിലോ ആശുപത്രിയിൽ പോകാൻ മടിക്കുന്നു. രോഗം സ്ഥിരീകരിക്കാൻ മടിച്ച് അടിയന്തര വൈദ്യസഹായം തേടാൻ വൈകുന്ന ഈ ഓരോ മിനിറ്റിലും ഹൃദയപേശികൾ തിരിച്ചെടുക്കാനാവാത്തവിധം നശിച്ചുകൊണ്ടിരിക്കുകയാണ്.
ഹൃദയാഘാതത്തിന്റെ 4 പ്രധാന ലക്ഷണങ്ങൾ
- ഹൃദയാഘാതം എല്ലാവരിലും ഒരേ രീതിയിലല്ല പ്രകടമാകുന്നത്. ലക്ഷണങ്ങളിലെ ഈ വ്യതിയാനങ്ങൾ പലപ്പോഴും തെറ്റിദ്ധാരണകൾക്ക് വഴിവെക്കുന്നു:
- അമിതമായ വിയർപ്പ് (പ്രൊഫ്യൂസ് സ്‌വെറ്റിങ്): ഹൃദയാഘാത സാധ്യതയുള്ള രോഗികളിൽ ഏകദേശം 30 ശതമാനം ആളുകളിൽ മാത്രമാണ് പെട്ടെന്നുള്ള കടുത്ത വിയർപ്പ് ഒരു ലക്ഷണമായി കാണപ്പെടുന്നത്. അതിനാൽ ശ്രദ്ധിക്കുക വിയർപ്പില്ല എന്നത് ഹൃദയാഘാതം അല്ലെന്നതിൻ്റെ ഉറപ്പല്ല.
- കൈവേദന: ഹൃദയാഘാതത്തിന് മുന്നോടിയായി ഇടതുകൈയിലോ ഇരു കൈകളിലോ വേദനയോ തരിപ്പോ അനുഭവപ്പെടുന്നത് രോഗികളിൽ ഏകദേശം 14 ശതമാനം പേരിൽ മാത്രമാണ് കാണപ്പെടുന്നത്.
- ഹൃദയമിടിപ്പ് പെട്ടെന്ന് ഉയരുക (പാൽപിറ്റേഷൻസ്): ഒരു നിശ്ചിത ശതമാനം രോഗികളിൽ രക്തസമ്മർദ്ദം പെട്ടെന്ന് താഴുന്നതിന്റെയോ ഹൃദയത്തിന്റെ പമ്പിംഗ് തകരാറിന്റെയോ ഫലമായി നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരുന്നതായി കാണാം.
- അമിതമായ തളർച്ചയും ക്ഷീണവും: യാതൊരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന കടുത്ത തളർച്ച പലപ്പോഴും ഒരു പ്രധാന സൂചനയാണ്. പ്രത്യേകിച്ച് സ്ത്രീകളിലും പ്രമേഹരോഗികളിലും സാധാരണ നെഞ്ചുവേദനയ്ക്ക് പകരം ഇത്തരം അസാധാരണ ക്ഷീണമാണ് കണ്ടുവരാറുള്ളത്.
ഹൃദയാഘാതം: തെറ്റിദ്ധാരണകളും വിവിധ തരങ്ങളും
ഹൃദയാഘാതത്തെക്കുറിച്ച് സമൂഹം പുലർത്തുന്ന പ്രധാന തെറ്റിദ്ധാരണ ഇത് കാർഡിയാക് അറസ്റ്റ് ആണെന്ന ചിന്തയാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഹൃദയത്തിലേക്കുള്ള പമ്പിങ് പ്രശ്നം. എന്നാൽ ഹൃദയത്തിന്റെ വൈദ്യുത സംവിധാനത്തിലെ തകരാറുമൂലം ഹൃദയമിടിപ്പ് പൂർണ്ണമായി നിലയ്ക്കുന്നതാണ് കാർഡിയാക് അറസ്റ്റ്.
ഹൃദയാഘാതവും വിവിധ തരങ്ങളും
വൈദ്യശാസ്ത്രപരമായി ഹൃദയാഘാതത്തെ അഞ്ചായി തരം തിരിക്കാം. അതിൽ പ്രധാനമായും രണ്ട് തരം ഹൃദയാഘാതങ്ങളാണ്:
ടൈപ്പ്-1 ഹൃദയാഘാതം (ടൈപ്പ്-1 എം.ഐ): ധമനികളിലെ കൊഴുപ്പ് അടങ്ങിയ പാളി (പ്ലാക്) പൊട്ടി അടിയന്തരമായി രക്തക്കട്ട രൂപപ്പെട്ട് രക്തയോട്ടം തടസ്സപ്പെടുന്നത്. (എസ്.ടി.ഇ.എം.ഐ, എൻ.എസ്.ടി.ഇ.എം.ഐ എന്നിവ ഇതിൽ ഉൾപ്പെടുന്നു).
ടൈപ്പ്-2 ഹൃദയാഘാതം (ടൈപ്പ്-2 എം.ഐ): ധമനികളിൽ രക്തക്കട്ട ഉണ്ടാകുന്നതിന് പകരമായി, ശരീരത്തിൽ രക്തസമ്മർദ്ദം കഠിനമായി താഴുക, കടുത്ത വിളർച്ച (അനീമിയ), ശ്വാസകോശ തകരാറുകൾ എന്നിവ കാരണം ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്നതാണ്.
അത്യാധുനിക ചികിത്സാരീതികൾ
പഴയകാലത്ത് രക്തക്കട്ട അലിയിക്കാനുള്ള മരുന്നുകൾ (ത്രോംബോളിസിസ്) നൽകുന്നതിൽ മാത്രമായിരുന്നു ചികിത്സ ഒതുങ്ങിയിരുന്നത്. എന്നാൽ ഇന്ന് സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഹൃദയചികിത്സയിൽ വൻ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്.
ആൻജിയോഗ്രാം, പ്രൈമറി ആൻജിയോപ്ലാസ്റ്റി: ഹൃദയധമനിയിലെ ബ്ലോക്ക് കൃത്യമായി കണ്ടെത്തുന്ന പരിശോധനയാണ് ആൻജിയോഗ്രാം. ബ്ലോക്ക് കണ്ടെത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രൈമറി ആഞ്ചിയോപ്ലാസ്റ്റി വഴി അത് നീക്കം ചെയ്ത് മരുന്നുകളടങ്ങിയ സ്റ്റെന്റ് നിക്ഷേപിച്ച് രക്തയോട്ടം പുനഃസ്ഥാപിക്കുന്നു.
ഇൻട്രാവാസ്കുലാർ ഇമേജിംഗ് (ഐ.വി.യു.എസ് / ഒ.സി.ടി): അൾട്രാസൗണ്ട്, ഒപ്റ്റിക്കൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ധമനിയുടെ ഉള്ളിലെ ബ്ലോക്കിന്റെ കൃത്യമായ ഘടന മനസ്സിലാക്കി കൂടുതൽ കൃത്യതയോടെ സ്റ്റെന്റുകൾ ഇടാൻ ഇന്ന് സാധിക്കുന്നു.
റോട്ടബ്ലേഷൻ: അമിതമായി കാൽസ്യം അടിഞ്ഞുകൂടി കഠിനമായ ബ്ലോക്കുകൾ ഡയമണ്ട് ടിപ്പ് ഉള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് പൊടിച്ച് മാറ്റുന്ന രീതി.
സി.എ.ബി.ജി (ബൈപാസ്സ് സർജറി): ഒന്നിലധികം ധമനികളിൽ ഗുരുതരമായ തടസ്സങ്ങളുള്ളവർക്ക് വച്ചുപുലർത്തുന്ന ശാസ്ത്രീയമായ ശസ്ത്രക്രിയ.
എക്മോ (ഇ.സി.എം.ഒ), ഇംപെല്ല (Impella): കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ഹൃദയത്തിന്റെ പമ്പിംഗ് തീർത്തും ദുർബലമാകുന്ന ഘട്ടത്തിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന അത്യാധുനിക ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ബന്ധുക്കളുടെയോ മറ്റ് അഭിപ്രായങ്ങളുടെയോ കാത്തുനിൽപ്പില്ലാതെ, രോഗിയെ എത്രയും വേഗം പ്രൈമറി ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ഒരു ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ലക്ഷണങ്ങളെ ഭയപ്പെടുകയല്ല, മറിച്ച് കൃത്യസമയത്ത് ധൈര്യത്തോടെയും വേഗത്തിലും പ്രവർത്തിക്കുകയാണ് വേണ്ടത്. ഓർക്കുക, ഹൃദയാഘാത ചികിത്സയിൽ വൈകുന്ന ഓരോ നിമിഷവും ഒരാളുടെ ആയുസ്സിന്റെ ദൈർഘ്യമാണ് കുറയ്ക്കുന്നത്.
കണ്ണൂർ ആസ്റ്റർ മിംസിൽ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ആണ് ലേഖകൻ.
Content Highlights: Learn about heart attack symptoms and the importance of timely treatment on World Heart Day to prevent life-threatening situations.
Published: 28 Sept 2026, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented