പതിനഞ്ചാം വയസ്സിൽ ലുക്കീമിയ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള താരമാണ് എമിലി ഇൻ പാരീസ് എന്ന സീരീസിലൂടെ പ്രശസ്തയായ നടി ആഷ്ലി പാർക്ക്. കൗമാരകാലത്ത് മാസങ്ങളോളം പുറംലോകവുമായി ബന്ധമില്ലാതെ ആശുപത്രിക്കിടക്കയിൽ കഴിയുമ്പോഴും താൻ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നില്ലെന്ന് പറയുകയാണ് എമിലി ഇപ്പോൾ. അതിനുകാരണം തനിക്ക് തീർത്തും അപരിചിതരായിരുന്നവർ പോലും രക്തദാനത്തിന് തയ്യാറായതാണെന്നും നടി പറഞ്ഞു.
രക്തത്തെയും മജ്ജയെയും ബാധിക്കുന്ന മ്യുലോയ്ഡ് ലുക്കീമിയ എന്ന കാൻസറാണ് എമിലിയെ ബാധിച്ചത്. മിഷിഗണിലെ ആൻ ആർബറിലുള്ള സി.എസ്. മോട്ട് ചിൽഡ്രൻസ് ഹോസ്പിറ്റലിലായിരുന്നു ചികിത്സ നടത്തിയത്. കീമോതെറാപ്പിയും ഇടയ്ക്കിടെയുള്ള രക്തവും പ്ലേറ്റ്‌ലറ്റും മാറ്റിവെക്കലും ഉൾപ്പെട്ട ചികിത്സയ്ക്കൊടുവിൽ രോഗത്തെ അതിജീവിച്ച താരം രക്തദാനത്തിന്റെ മഹത്വത്തേക്കുറിച്ചും പങ്കുവെക്കുന്നുണ്ട്. തന്റെ അതിജീവനത്തിൽ വലിയ പങ്കുവഹിച്ചത് രക്തദാനം ചെയ്ത ആ അപരിചിതരാണെന്നും മുപ്പത്തിയഞ്ചുകാരിയായ എമിലി പറയുന്നു.
ഇന്നും താൻ ജീവനോടെ ഇരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളത് അവരാണ്. കാൻസർ കോശങ്ങൾ ഉൾപ്പെടെ എല്ലാ കോശങ്ങളെയും നശിപ്പിക്കുന്നതായിരുന്നു ചികിത്സാരീതി. രക്തദാനത്തിലൂടെ മാത്രമായിരുന്നു ശരീരത്തെ തിരിച്ചുപിടിക്കാനാവുക. പുറംലോകവുമായി ബന്ധമില്ലാതെ എട്ടുമാസം ഒറ്റപ്പെട്ടു കഴിഞ്ഞപ്പോഴും ഒറ്റപ്പെടൽ അനുഭവിക്കാതിരുന്നതിനു പിന്നിൽ താൻ അന്നുവരെ കണ്ടിട്ടില്ലാത്ത നൂറുകണക്കിനാളുകൾ രക്തദാനം ചെയ്തതായിരുന്നു. അവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിൽ ഒരാൾക്ക് നിർണായക പങ്കാളിയാകാനും വഴിയാണിത്. അജ്ഞാതരായ രക്തദാതാക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല-എമിലി പറഞ്ഞു.
ഒരാൾ തനിക്ക് രക്തം നൽകുമ്പോൾ ആരോ ഒപ്പമുണ്ടെന്ന തോന്നലായിരുന്നുവെന്നും എമിലി പറഞ്ഞു. ഇന്ന് രക്തദാനത്തേക്കുറിച്ച് അവബോധം പകരുന്ന സംരംഭങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയും എമിലി നൽകുന്നുണ്ട്. നിലവിലുള്ള രക്തദാതാക്കളിൽ വലിയൊരു പങ്കും മുതിർന്നവരാണെന്നും യുവാക്കളിൽ നിന്നുള്ള രക്തദാനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും എമിലി ചൂണ്ടിക്കാണിച്ചു.
നിങ്ങൾ രക്തദാനം ചെയ്യാൻ യോഗ്യരാണോ? പരിശോധിക്കാം
അടിയന്തര ഘട്ടങ്ങൾ, പ്രസവം, ശസ്ത്രക്രിയ, കാൻസർ ചികിത്സ എന്നുതുടങ്ങി പല ഗുരുതരമായ ഘട്ടങ്ങളിൽവരെ രോഗികളുടെ ജീവൻരക്ഷിക്കുന്നതിൽ രക്തദാനത്തിന് വലിയ പങ്കാണുള്ളത്. രക്തദാനം ചെയ്യാൻ യോഗ്യരാണോ എന്ന് തിരിച്ചറിയാം:
- പൂർണ ആരോഗ്യവാനായിരിക്കണം
- പകർച്ചവ്യാധികളോ മറ്റ് അസുഖങ്ങളോ പാടില്ല
- 18നും 60നും ഇടയിൽ പ്രായമുണ്ടായിരിക്കണം
- ശരീരഭാരം 50 കിലോയിൽ കുറയരുത്
- രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തിൽ കുറയരുത്
- നാഡിമിടിപ്പ് മിനിറ്റിൽ 50നും 100 ഇടയിലായിരിക്കണം
- രക്തസമ്മർദം 50നും 100നും ഇടയിൽ
- ശരീരതാപനില സാധാരണ നിലയിലായിരിക്കണം
രക്തദാനം ചെയ്യരുതാത്തവർ
- ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവർ, വൃക്കമാറ്റിവെച്ചവർ, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവർ.
- ഗർഭച്ഛിദ്രം സംഭവിച്ച സ്ത്രീകൾ (അടുത്ത ആറുമാസത്തേക്ക് രക്തദാനം ചെയ്യാൻ പാടില്ല).
- മലേറിയ ചികിത്സകഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാകാത്തവർ.
- ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവർ (അടുത്ത ഒരുമാസത്തേക്ക്).
- മദ്യം കഴിച്ചവർ (അടുത്ത 24 മണിക്കൂർ).
- എച്ച്.ഐ.വി. പോസിറ്റീവായവർ.
എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
പുരുഷന്മാർക്ക് 12 ആഴ്ചയിലൊരിക്കലും സ്ത്രീകൾക്ക് 16 ആഴ്ചയിലൊരിക്കലും
രക്തദാനത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ആവശ്യത്തിന് ഭക്ഷണം കഴിച്ചിരിക്കണം.
- നന്നായി വെള്ളം കുടിക്കണം. പഴച്ചാറുമാകാം.
- വെറും വയറ്റിൽ രക്തദാനം ചെയ്യുന്നത് ഒഴിവാക്കാം.
- രക്തദാനത്തിന് മൂന്നുമണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണം. മുട്ട, ബീഫ് തുടങ്ങിയ അധികം കൊഴുപ്പുള്ള ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം
- രക്തദാനത്തിന് മുമ്പ് മദ്യമോ കഫീൻ അടങ്ങിയ പാനീയങ്ങൾ(കാപ്പി) ഒഴിവാക്കണം.
- ശസ്തക്രിയ കഴിഞ്ഞവർ അടുത്ത ആറുമാസത്തേക്ക് രക്തദാനം ഒഴിവാക്കുന്നതാകും നല്ലത്.
രക്തദാനത്തിനുശേഷം
- അഞ്ച് മുതൽ 20 മിനിറ്റ് വരെ വിശ്രമിക്കുക
- രക്തദാനം ചെയ്തയുടൻ ഡ്രൈവിങ് വേണ്ട
- പഴച്ചാറോ മധുരമിട്ട പാനീയങ്ങളോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും
- നന്നായി ഭക്ഷണം കഴിക്കുക രക്തദാനത്തിനുശേഷം കോഴിയിറച്ചിയും ബീഫുമൊക്കെയാകാം
- എട്ടുമണിക്കൂറിന് മുമ്പ് മദ്യം കഴിക്കരുത്
ശ്രദ്ധിക്കാൻ
സ്ത്രീകൾ പ്രസവശേഷം ഒരു വർഷത്തിനുള്ളിലും ഗർഭച്ഛിദ്രത്തിനുശേഷം ആറുമാസത്തിനകവും രക്തദാനം ചെയ്യാൻ പാടില്ല. മുലയൂട്ടുന്ന അമ്മമാരും ആർത്തവമുള്ള സ്ത്രീകളും രക്തദാനം ചെയ്യരുത്.
Content Highlights: Ashley Park shares her leukemia battle and how blood donation from strangers played a crucial role in her recovery and survival.
Published: 27 Sept 2026, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented