അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദിലെ വിമാനദുരന്തത്തിന് പിന്നാലെ പ്രദേശത്തെ ആശുപത്രികളിൽ ഒ നെ​ഗറ്റീവ് രക്തത്തിന് അടിയന്തര ആവശ്യമുള്ളതായി റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട വിമാനത്തിലെ ഒരാളൊഴികെ മുഴുവൻ യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചെങ്കിലും ഒട്ടേറെ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ദുരന്തത്തിൽ പരിക്കേറ്റിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായി ഒ നെ​ഗറ്റീവ് ​ഗ്രൂപ്പിന് ആവശ്യമേറാറുണ്ട്. എന്നാൽ, എന്തുകൊണ്ടാണ് ഈ പ്രത്യേക രക്തഗ്രൂപ്പിന് മാത്രം ഇത്രയധികം ആവശ്യക്കാർ ഉണ്ടാകുന്നത്?. 

To advertise here,

യൂണിവേഴ്സൽ ഡോണർ രക്തഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന രക്ത​ഗ്രൂപ്പാണ് ഒ നെ​ഗറ്റീവ്. അതിനാൽ, ഏത് രക്തഗ്രൂപ്പിലുള്ള രോഗികൾക്കും ഒ നെ​ഗറ്റീവ് ബ്ലഡ് നൽകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വലിയ ദുരന്തമുണ്ടാകുമ്പോൾ സ്വീകർത്താവിന്റെ രക്തഗ്രൂപ്പ് കൃത്യമായി അറിയാതെ ഇരിക്കുന്ന സാഹചര്യത്തിലാണ് ഈ ​ഗ്രൂപ്പ് നിർണായകമായി മാറുന്നത്. 

ദുരന്തങ്ങൾക്ക് പിന്നാലെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിലെത്തുന്ന രോ​ഗികൾക്ക് അടിയന്തര രക്തം നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഇവിടെ രക്ത​ഗ്രൂപ്പ് പരിശോധിക്കാനുള്ള സമയം ഡോക്ടർമാർക്ക് ഉണ്ടാകണമെന്നില്ല. അത്തരം സാഹചര്യത്തിൽ ഒ നെ​ഗറ്റീവ് രക്തം സുരക്ഷിതമായി നൽകാൻ കഴിയും. ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം ഏഴ് ശതമാനം മാത്രമാണ് ഒ നെ​ഗറ്റീവ് രക്തമുള്ളത്. എന്നാൽ, ഈ ​ഗ്രൂപ്പിനായി ആശുപത്രികളിൽ നിന്ന് വലിയ ആവശ്യമാണ് ഉയരാറുള്ളത്. 

വ്യാഴാഴ്ച ഉച്ചയ്ക്കാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനർ 787-8 വിമാനം ജനവാസകേന്ദ്രത്തിൽ തകർന്നുവീണത്. അപകടത്തിൽ 265 പേർ മരിച്ചതായാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ട്. പറന്നുയർന്നയുടൻ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനുമുകളിൽ വിമാനം തകർന്നുവീണ് കത്തുകയായിരുന്നു. മെസ്സിൽ ഭക്ഷണം കഴിക്കാനെത്തിയ ഏതാനും എംബിബിഎസ് വിദ്യാർഥികളും മരിച്ചു. ആറുപതിലധികം പേർക്ക് പരിക്കേറ്റു.