ശാസ്ത്രീയ ചികിത്സകൾക്കെതിരേ തുറന്നടിക്കുന്നതിന്റെ പേരിൽ നിരന്തരം വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് ലിവർ ഡോക്ടർ എന്ന വിളിപ്പേരുള്ള ഡോ.അബി ഫിലിപ്സ്. അടുത്തിടെ നടി സാമന്ത റൂത് പ്രഭു, വിരാട് കോലി തുടങ്ങിയ താരങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച അശാസ്ത്രീയ വിവരങ്ങൾക്കെതിരെ ഡോ.അബി വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഹെൽത്ത് ഇൻഫ്ലുവൻസർമാർ എന്നപേരിൽ സാമൂഹിക മാധ്യമത്തിൽ നിറയുന്ന, അഭിനേതാക്കൾ ഉൾപ്പെടെയുള്ള പലരും പങ്കുവെക്കുന്ന വിഷയങ്ങൾ അപകടകരമാണെന്ന് ഡോ.അബി പറയുന്നു. ശാസ്ത്രീയബോധമുള്ള തലമുറ വളരേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും അവയവദാനത്തിൽ കേരളം പിന്നോട്ടു പോയതിനേക്കുറിച്ചുമൊക്കെ ഡോ. അബി മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുന്നു.

To advertise here,

ഹൈഡ്രജൻ പെറോക്സൈഡ് ഇട്ട് നെബുലൈസ് ചെയ്യുന്നത് വൈറൽ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും എന്നതായിരുന്നു അടുത്തിടെ സാമന്ത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്. എത്രത്തോളം അപകടകരമായ രീതിയാണിത്.

സാമന്ത മാത്രമല്ല, ഹെൽത്ത് ഇൻഫ്ലുവൻസേഴ്സ്, സെലിബ്രിറ്റി ഇൻഫ്ലുവൻസേഴ്സ് എന്നുതുടങ്ങുന്ന ഒരു വലിയ ​വിഭാ​ഗം തന്നെ സാമൂഹികമാധ്യമങ്ങളിലുണ്ട്. തങ്ങൾക്ക് വൈധഗ്ധ്യം ഉള്ള വിഷയങ്ങൾക്ക് അപ്പുറം സംസാരിക്കുന്നത് ഇവരിൽ കാണുന്ന പൊതുസ്വഭാവവുമാണ്. മറ്റു രണ്ടു ഡോക്ടർമാരുടെ വീഡിയോ കണ്ടിട്ടാണ് ഈ രീതിയേക്കുറിച്ച് പങ്കുവെച്ചതെന്നാണ് സാമന്ത പറയുന്നത്. ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷൻ ചെയ്യുന്നതിനേക്കുറിച്ച് മാത്രമല്ല, ഈ രീതി ചെയ്താൽ ആധുനിക ചികിത്സ സ്വീകരിക്കേണ്ട കാര്യമില്ല എന്നും അവർ പറയുന്നുണ്ട്. അവിടെയാണ് പ്രശ്നം. ഒന്നാമത് ഹൈഡ്രജൻ പെറോക്സൈഡ് എന്നത് ഒരു ബ്ലീച്ചിങ് ഏജന്റാണ്. ആശുപത്രികളിലൊക്കെ വലിയ മുറിവുകൾ വൃത്തിയാക്കാനും നിലത്തെ ചോരക്കറ നീക്കംചെയ്യാനുമൊക്കെ ഒഴിക്കുന്ന വസ്തുവാണിത്. അത് നമ്മുടെ ശ്വാസകോശത്തിലേക്ക് വലിച്ചെടുത്താൽ സംഭവിക്കുന്നത് എന്താകുമെന്ന് തിരിച്ചറിയാൻ ഡോക്ടറോ ശാസ്ത്ര വിദ്യാർഥിയോ ആകണമെന്നില്ല.  സാമാന്യബോധം മാത്രം മതി.

ഇതാദ്യമായല്ല നേരത്തേയും സാമന്ത സമാനമായ രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഡാന്റിലിയോൺ എന്ന ചെടിയുടെ വേര് കഴിച്ചാൽ കരളിനെ വിഷവിമുക്തമാക്കുമെന്നു പറഞ്ഞാണ് അന്ന് പോസ്റ്റിട്ടത്. ഇതരവൈദ്യക്കാർ ഡയറ്ററി സപ്ലിമെന്റായി ഉപയോഗിക്കുന്നതാണത്. ഡാന്റിലിയോൺ ഉപയോഗിക്കുന്നതുകൊണ്ട് മെച്ചമുണ്ടോ എന്നതു സംബന്ധിച്ച പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. സത്യത്തിൽ കരളിനെ വിഷവിമുക്തമാക്കുക എന്നൊരു സംഭവമേയില്ല. കരൾ, വൃക്ക എന്നിവയൊക്കെ നമ്മളെയാണ് വിഷവിമുക്തമാക്കുന്നത്. അവയെ തിരിച്ചു ചെയ്യേണ്ട കാര്യമില്ല. ഇത്തരക്കാരെ അപ്പോൾ തന്നെ തിരുത്താനാണ് ഞാൻ ശ്രമിക്കുന്നത്. വിദേശരാജ്യങ്ങളിലൊക്കെ റെഗുലേറ്ററി ബോഡികൾ തന്നെ ഇതിന് തടയിടും. അതുകൊണ്ടാണ് ജയിലിലിടാനുള്ള വകുപ്പ് വരെയുണ്ടെന്ന് അന്ന് സാമന്തയെ കുറ്റപ്പെടുത്തി പറഞ്ഞത്. ഹെൽത്ത് ഇൻഫ്ലുവൻസേഴ്സ് എന്നുപറയുന്ന പലരും ആരോഗ്യ മേഖലയിൽ വൈദഗ്ധ്യം ഉള്ളവരാകണം എന്നില്ല. വക്കീൽ, അഭിനേതാക്കൾ തുടങ്ങി പല മേഖലകളിൽ നിന്നുമുള്ളവരാകാം. സെലിബ്രിറ്റി ഇൻഫ്ലുവൻസേഴ്സ് ആരോഗ്യപരമായ ഉപദേശങ്ങൾ നൽകുന്നത് വളരെയധികം അപകടകരമാണ്.

തന്നെ വിമർശിച്ച രീതി ക്രൂരമായിപ്പോയെന്നും തന്റെ ഡോക്ടർമാരോട് സംസാരിച്ച് സംശയം തീർത്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു എന്നൊക്കെ സാമന്ത പിന്നീട് കുറിക്കുകയുണ്ടായി.

സത്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്നു പറഞ്ഞ് ആ പോസ്റ്റ് പിൻവലിക്കുകയായിരുന്നു സാമന്ത ചെയ്യേണ്ടിയിരുന്നത്. പക്ഷേ,  അതു ചെയ്യാതിരിക്കാൻ ചുറ്റിവളച്ച് പറയുകയാണ് അവർ ചെയ്തത്. അതിലൊന്ന് ഞാൻ കമ്മ്യൂണിക്കേറ്റ് ചെയ്ക രീതി ക്രൂരമാണ് എന്നതായിരുന്നു. ഞാൻ പങ്കുവെച്ചത് വസ്തുതയാണ്. ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസ് ചെയ്യാൻ ഉപയോഗിക്കരുതെന്ന് അമേരിക്കൻ അലർജി & ആസ്ത്മ അസോസിയേഷൻ മൂന്നുകൊല്ലം മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരാളോട് ബഹുമാനത്തോടെയും നയപരമായുമൊക്കെ സംസാരിക്കണമെന്നുണ്ടെങ്കിൽ അത് മതത്തിലും രാഷ്ട്രീയത്തിലും നടക്കും. പക്ഷേ, ശാസ്ത്രത്തിൽ അങ്ങനെയല്ല. ഉള്ളത് ഉള്ളതുപോലെ പറ‍ഞ്ഞ് മനസ്സിലാക്കണം.

കൂടുതൽ പ്രീമിയം ലേഖനങ്ങളും അഭിമുഖങ്ങളും തത്സമയം വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.

വസ്തുതകളെ പാടേ വിസ്മരിച്ചുകൊണ്ടും ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുമുള്ള സമാന്തര ചികിത്സാരീതികൾ ഏതൊക്കെ തരത്തിലാണ് സമൂഹത്തിന് അപകടകരമാകുന്നത്.

സാമൂഹികമാധ്യമത്തിലൂടെ ലഭിക്കുന്ന ആരോഗ്യസംബന്ധമായ വിവരങ്ങളൊന്നും ഫിൽറ്റർ ചെയ്തിട്ടുളളവയല്ല. ഇത്തരം വിവരങ്ങൾ നൽകുന്നത് ആരാണ്, ഉറവിടം ഏതാണ്, ആ ഉറവിടം വിശ്വസനീയമാണോ എന്നെല്ലാം ചിന്തിക്കണം. പക്ഷേ അതിവിടെ നടക്കുന്നില്ല. കോലി ക്രിക്കറ്റിനേക്കുറിച്ച് പറഞ്ഞാൽ മുൻപിൻ നോക്കാതെ വിശ്വസിക്കാം. പക്ഷേ, കോലി ഡിസ്ക് ബൾജിന്റെ ചികിത്സയേക്കുറിച്ച് പറഞ്ഞാൽ അതപ്പാടെ വിഴുങ്ങരുത്. അമേരിക്കയിൽ കോവിഡ് കാലത്ത് ഹൈഡ്രജൻ പെറോക്സൈഡ് ശ്വസിക്കുന്നത് സംബന്ധിച്ച പ്രചരണങ്ങളുണ്ടായിരുന്നു. ഇത് വിശ്വസിച്ച് ചെയ്ത പലരിലും ശ്വാസകോശത്തിന്റെ ലൈനിങ്ങിന്റെ കോശങ്ങളൊക്കെ നശിച്ച് കെമിക്കൽ ന്യുമോണൈറ്റിസ് എന്ന അസുഖങ്ങൾ വന്നിട്ടുണ്ട്. ഇതെല്ലാം ശാസ്ത്രീയ ലേഖനങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയക്കാരും അഭിനേതാക്കളുമൊക്കെ ഇത് വെറുതെ പറഞ്ഞ് വിട്ടുകളയുകയാണ്. പക്ഷേ, ഇതിന്റെ അനന്തരഫലം അനുഭവിക്കുന്നത് താഴേക്കിടയിലുള്ളവരാണ്. സെലിബ്രിറ്റികൾ പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന ശീലം അവസാനിപ്പിക്കേണ്ടതാണ്.

സാമന്ത തന്റെ ഡോക്ടർമാരെന്ന് വിശേഷിപ്പിക്കുന്ന രണ്ടുപേരുണ്ട്. ഡോ.മിത്ര ബസു ഛില്ലർ, ഡോ, ജോക്കേഴ്സ്. ഇതിൽ മിത്ര ബസു മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി വർഷങ്ങളോളം മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്തിട്ടുള്ളയാളുമാണ്. അവർ മാതൃകാപരമെന്നു പറഞ്ഞ്  പങ്കുവെച്ചിട്ടുള്ള അപകടകരമായ ചികിത്സാരീതികളേക്കുറിച്ച് പറയാമോ.

രണ്ടുപേരേക്കുറിച്ചാണ് സാമന്ത പറഞ്ഞിരുന്നത്. അതിലൊരാൾ ജോക്കേഴ്സ് എന്ന് അറിയപ്പെടുന്നയാളാണ്. അയാളൊരു കൈറോപ്രാക്റ്ററാണ്. എല്ലിന്റെയും സന്ധികളുടെയുമൊക്കെ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അസുഖങ്ങൾ ഭേദപ്പെടുത്തുന്ന വിഭാഗമാണ് ഇതെന്നാണ് പറയപ്പെടുന്നത്. കൈറോപ്രാക്റ്ററി കണ്ടുപിടിച്ചെന്ന് അവകാശപ്പെടുന്നയാൾ പറയുന്നത് ഇത് തനിക്ക് സ്വപ്നത്തിലൂടെ ലഭിച്ച ആശയമാണെന്നാണ്. സ്വപ്നത്തിൽ വേറൊരു ഫിസിഷ്യന്റെ ആത്മാവ് വന്നുപറഞ്ഞിട്ടാണ് ഇതേക്കുറിച്ച് മനസ്സില്ലാക്കിയതെന്നാണ് കക്ഷി പറയുന്നത്. ഡോ.മിത്ര ബസു എംബിബിഎസ്, എംഡി ഒക്കെയെടുത്ത ഒരു ഡോക്ടറാണ്. പക്ഷേ, ഇപ്പോൾ അയാൾ ഒരു വെൽനസ് ക്ലിനിക്ക് നടത്തുകയാണ്. അവർ അവിടെ കൊടുക്കുന്ന പല ചികിത്സകളും കപടചികിത്സയാണ്. ആധുനിക ചികിത്സാ വിദഗ്ധർ ചെയ്യരുത് എന്നുപറയുന്ന പല രീതികളും അവിടെ അവർ പിന്തുടർന്നുണ്ട്. പല അസുഖങ്ങൾക്കും നല്ലതാണെന്ന് പറഞ്ഞ് നൽകുന്ന ഓസോൺ തെറാപ്പി, മൾട്ടി വൈറ്റമിൻ ഇഞ്ചക്ഷനുകൾ, ബ്ലഡ് റേഡിയേഷൻ തെറാപ്പി തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. അവിടുന്നുള്ള ഡേറ്റകൾ വച്ചാണ് എന്റെ റോക്ക്സ്റ്റാർ ഡോക്ടർമാർ എന്നുപറഞ്ഞ് സാമന്ത വിവരങ്ങൾ സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്നത് .

നേരത്തേ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെയും സമാനമായ വിമർശനം ഉന്നയിച്ചിരുന്നല്ലോ. തന്റെ ആരോഗ്യപ്രശ്നങ്ങൾ പലതും പരിഹരിച്ചത് പൂർണമായും സസ്യാഹാരി ആയതിലൂടെയാണെന്നാണ് കോലി പറഞ്ഞിരുന്നത്. ആരോഗ്യ-ശാസ്ത്രീയ വിഷയങ്ങളിൽ കോലി നിരക്ഷരനാണെന്നാണ് ഡോക്ടർ അന്ന് പറഞ്ഞത്.

കോലിയുടെ അഭിപ്രായവും അറിവില്ലാതെയാണ്. തനിക്ക് ഡിസ്ക് ബൾജ് ഉണ്ടായിരുന്നുവെന്നും അതിന്റെ ചികിത്സയുടെ ഭാഗമായി സസ്യാഹാരിയായി എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതേക്കുറിച്ചും അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത് ഒരു കൈറോപ്രാക്റ്ററാണ്. മാംസാഹാരം കഴിച്ചുകഴിഞ്ഞാൽ ശരീരത്തിൽ നിന്ന് കാത്സ്യം ഇറങ്ങിപ്പോകുമെന്നും അതുകാരണം എല്ലുകൾക്ക് പ്രശ്നം വരുമെന്നുമൊക്കെയാണ് കോലിയെ പറ‍ഞ്ഞു ധരിപ്പിച്ചിരുന്നത്. പൂർണമായും സസ്യാഹാരം കഴിച്ചാൽ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുമെന്നു പറഞ്ഞാണ് കോലി പോസ്റ്റ് പങ്കുവെച്ചത്. അത്തരത്തിലൊരു ശാസ്ത്രീയമായ ഡേറ്റയും ലഭ്യമല്ല. അടുത്തിടെ കോലിയുടെ തന്നെ പരിശീലകൻ അദ്ദേഹം മാംസാഹാരം കഴിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ബേക്ക്ഡ് ചിക്കനും പച്ചക്കറികളുമാണ് കോലി കഴിക്കുന്നതെന്നാണ് പരിശീലകൻ പറഞ്ഞത്. സത്യത്തിൽ വെജിറ്റേറിയനിസത്തിനോട് എനിക്ക് യാതൊരു എതിർപ്പുമില്ല. മതപരം, സംസ്കാരം, പാരമ്പര്യം എന്നിവയെ ഒക്കെ ആധാരമാക്കിയാവാം പലരും സസ്യാഹാരികളാകുന്നത്. പക്ഷേ ആരോഗ്യകരമായ ശരീരത്തിനായി പച്ചക്കറി മാത്രം കഴിക്കണമെന്നു പറയുന്നതിൽ അർഥമില്ല. മറിച്ച് സമീകൃതാഹാരമാണ് കഴിക്കേണ്ടത്. 550 ഗ്രാം സംസ്കരിക്കാത്ത റെഡ് മീറ്റ് ആഴ്ചയിലൊരിക്കൽ കഴിക്കാമെന്നാണ് ഐ.സി.എം.ആർ നിർദേശിക്കുന്നത്. അല്ലാതെ അതൊഴിവാക്കിയാൽ ഗുണങ്ങളുണ്ട് എന്ന് ആരും പറയുന്നില്ല.

സെലിബ്രിറ്റികൾക്കെതിരെ ശബ്ദം ഉയർത്തുക എന്നത് അൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കാരണം ചോദ്യങ്ങൾ ഉയരും, സൈബറാക്രമണം  നേരിടാം. എന്നിട്ടും എങ്ങനെയാണ് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാമെന്ന് കരുതുന്നത്? കൈവിടുന്ന രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടോ.

സെലിബ്രിറ്റികളെ വിമർശിക്കുന്നതിന്റെ ഭാഗമായി അവരുടെ ഫാൻസ് അസോസിയേഷനുകളും മറ്റും എനിക്കെതിരായി പോസ്റ്റ് ഇടാറുണ്ട്. അത് പ്രതീക്ഷിക്കുന്ന ആക്രമണമാണ്. സാമന്തയെ വിമർശിച്ച് ഒരിക്കൽ പോസ്റ്റിട്ട സമയത്ത് എനിക്കെതിരെ ആദ്യം പ്രതികരിച്ചത് അവരുടെ ഫാൻസ് അസോസിയേഷനാണ്. സാമന്ത പറഞ്ഞത് ശരിയാണെന്ന്  കാണിക്കാൻ എന്തൊക്കെയോ പഠനങ്ങൾ കാണിച്ചു. എലികളിലും പന്നികളിലുമൊക്കെ നടത്തിയ പഠനങ്ങൾ കാണിച്ചാണ് എനിക്കെതിരെ പോസ്റ്റിട്ടത്. അവയൊന്നും മനുഷ്യരിൽ നടന്നിട്ടുള്ളതുമല്ല.

കൂടുതൽ സൈബർ ആക്രമണം നേരിട്ടിട്ടുള്ളത് ഇതരവൈദ്യക്കാരിൽ നിന്നാണ്. ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, നാച്ചുറോപ്പതി തുടങ്ങിയ വിഭാഗത്തിൽ നിന്നുള്ളവരാണ് ഈ വിഭാ​​ഗം. ഇവരാരും ഞാൻ ഉന്നയിച്ച കാര്യം തെറ്റാണെന്ന്  പറഞ്ഞിട്ടില്ല. മറിച്ച് എന്നെ തെറി പറയുക, അധിക്ഷേപിക്കുക തുടങ്ങിയവയൊക്കെയാണ് ചെയ്യുന്നത്. മറ്റൊരു വിഭാഗം ഈ ഇൻഡസ്ട്രിയിൽ നിന്നുള്ളവരാണ്. മരുന്നു കമ്പനികൾക്ക് ഇത് ക്ഷീണം ചെയ്യുമല്ലോ. മൂന്നാമത് ആയുഷ് മന്ത്രാലയം, മെഡിക്കൽ കൗൺസിൽ തുടങ്ങിയ റെഗുലേറ്ററി വിഭാഗങ്ങളാണ്. അവരൊക്കെ നേരിട്ട് നടപടിയെടുക്കുകയാണ് ചെയ്യുന്നത്. വസ്തുതകൾ പറയുമ്പോൾ അവരുടെ ബിസിനസിനെയോ ഇമോഷനെയോ ബാധിക്കുമ്പോൾ വരുന്ന പ്രതികരണങ്ങളാണതൊക്കെ. അല്ലാതെ വസ്തുതാപരമായ ആക്രമണങ്ങൾ ഇതുവരെയുണ്ടായിട്ടില്ല.

അലോപ്പതി മരുന്നുകളെല്ലാം ഗുരുതരമായ പാർശ്വഫലങ്ങൾ ഉള്ളവയാണെന്ന് ചിന്തിക്കുന്നവരുണ്ട്. അക്കാരണം കൊണ്ടുമാകില്ലേ പലരും പെട്ടെന്ന് ലഭ്യമാകുന്ന അശാസ്ത്രീയ ചികിത്സകൾക്ക് പുറകെ പോകുന്നത്.

കീമോഫോബിയ എന്നാണ് അതിനു പറയുന്നത്. അതായത് കെമിക്കലിനോടുള്ള ഭയം. പക്ഷേ, മരുന്നിൽ മാത്രമല്ല അവർ ധരിക്കുന്ന വസ്ത്രം, വാച്ച്, കസേര തുടങ്ങി ചുറ്റുമുള്ള എന്തിലും കെമിക്കലുണ്ട്. മോഡേൺ മെഡിസിൻ കെമിക്കലാണ് നാച്ചുറൽ മെഡിസിനിൽ കെമിക്കലില്ല എന്ന വാദത്തിലൂടെ ഇതരവൈദ്യക്കാരാണ് പ്രധാനമായും ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത്. 1800-കളിലൊക്കെ ശാസ്ത്രം വികസിച്ചിട്ടില്ല. അന്നൊക്കെ പ്രാകൃതമായ രീതിയിലാണ് ആളുകളെ ചികിത്സിച്ചിരുന്നത്. ആ സമയത്താണ് സാമുവൽ ഹാനിമാൻ എന്ന വ്യക്തി ഹോമിയോപ്പതി എന്ന ചികിത്സ തുടങ്ങിയത്. മറ്റു ചികിത്സകളെ അദ്ദേഹം അലോപ്പതി എന്നും വിളിച്ചു. അലോപ്പതി എന്നത് ശരിക്കും മോഡേൺ മെഡിസിനല്ല, അന്നത്തെ പ്രാകൃതമായ ചികിത്സയെ വിളിച്ചിരുന്ന പേരാണത്. പക്ഷേ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും മോഡേൺ മെഡിസിനെ അലോപ്പതി എന്നാണ് വിളിക്കുന്നത്. അന്നത്തെ പ്രാകൃത ചികിത്സയ്ക്കെതിരേ മരുന്നിനെ നേർപ്പിച്ച് വെള്ളംപോലെ കൊടുക്കുന്ന ചികിത്സയാണ് ഹോമിയോപ്പതി. മോഡേൺ മെഡിസിൻ കെമിക്കലാണ് അതു പ്രശ്നമാണ് എന്ന ധാരണയുള്ളവരുണ്ട്.

നാച്ചുറൽ മെഡിസിനകത്തും ധാരാളം കെമിക്കലുകളുണ്ട്. ചിറ്റമൃത് എന്ന ചെടിയിൽ ഏകദേശം ആയിരത്തോളം കെമിക്കലുണ്ട്. ലെവോഫ്ലോക്സിസ് എന്ന ആന്റിബയോട്ടിക് എടുത്താൽ അതിൽ ലെവോഫ്ലോക്സിസ് മാത്രമേയുള്ളു. അത് ബാക്ടീരിയയെ എപ്രകാരം കൊല്ലുന്നു എന്നു നമുക്കറിയാം. മരുന്ന് എന്തൊക്കെ ചെയ്തിട്ടാണ് പുറത്തിറങ്ങിപ്പോകുന്നത് എന്നത് ശാസ്ത്രത്തിലുണ്ട്. ചിറ്റമൃതിലുള്ള ഫ്യുറാനോ ഡൈടെർപിനോയ്ഡ് എന്ന കെമിക്കൽ കരളിലെ കോശങ്ങളിൽ ക്ഷതം വരുത്തുമെന്നതിന് നിരവധി പഠനങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചിറ്റമൃതിലുള്ള ഏത് കെമിക്കലാണ് ഗുണകരം എന്നത് വ്യക്തമല്ല എന്നതാണ് പ്രശ്നം. മോഡേൺ മെഡിസിനിൽ എന്തൊക്കെയാണുള്ളത് അത് കഴിക്കുന്നതിലൂടെയുണ്ടാകുന്ന നേട്ടവും കോട്ടവുമൊക്കെ എന്തെല്ലാമാണ് എന്നതു സംബന്ധിച്ച കാര്യങ്ങൾ അറിയാൻ കൃത്യമായ സംവിധാനങ്ങളുണ്ട്.

ഇൻഫ്ലുവൻസർമാരുടെ ആരോ​ഗ്യ ഉപദേശങ്ങളിൽപെടുന്നത് എത്രത്തോളം അപകടകരമാണ്.

സിനിമാതാരങ്ങളും സെലിബ്രിറ്റികളുമൊക്കെ ഒരു കാര്യത്തിൽ ഇടപെട്ട് മോശമാക്കുന്നതിനേക്കാൾ നല്ലത് ഇടപെടാതിരിക്കുന്നതാണ്. ആരോഗ്യപരമായ വിവരങ്ങൾ നൽകേണ്ടത് അവരല്ല. പക്ഷേ, സെലിബ്രിറ്റികളിൽ പലരും ആധുനിക  ചികിത്സാരീതിയെ വിമർശിക്കുന്നവരാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടൻ ശ്രീനിവാസൻ.  ആധുനികചികിത്സാരീതികളേക്കുറിച്ച് ഭീതി പരത്തിയിട്ടുള്ള നടന്മാരിലൊരാളാണ് അദ്ദേഹം.

അവയവമാറ്റത്തേക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിൽ മാധ്യമങ്ങൾക്കും സിനിമയ്ക്കുമൊക്കെ വലിയ പങ്കാണുള്ളത്. പത്തുപതിനഞ്ച് കൊല്ലം മുമ്പത്തെ കേരളത്തിലെ അവയവദാനം സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾക്കൊപ്പം മുന്നിലായിരുന്നു. ജോസഫ് എന്ന സിനിമ വന്നതോടെ അത് കുത്തനെ ഇടിഞ്ഞു. അവിടെ നിന്ന് ഒരുയർച്ച ഉണ്ടായിട്ടില്ല. അവയവദാനത്തേക്കുറിച്ചൊക്കെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുള്ള കഥകളുണ്ടാക്കുമ്പോൾ  സാധാരണക്കാരായ നിരവധിപേരുടെ ജീവിതമാണ് ദുരിതത്തിലാകുന്നത്. മാസത്തിൽ മുപ്പതോളം രോഗികളെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുന്ന ഡോക്ടറാണ് ഞാൻ. അവരിൽ പന്ത്രണ്ടോ, പതിനാലോ പേരിൽ മാത്രമേ അവയമാറ്റം നടത്താൻ സാധ്യമാവുകയുള്ളൂ. അതിൽ ഭൂരിഭാഗവും ലിവിങ് ഡോണർ ട്രാൻസ്ല്പാന്റേഷനാണ്. അതായത് കുടുംബത്തിലെ ആരെങ്കിലും കരൾ ദാനം ചെയ്യുന്ന രീതി. അല്ലാതെ കെഡാവർ ട്രാൻസ്പ്ലാന്റേഷൻ നടക്കുന്നില്ല. അത് നടന്നിരുന്നുവെങ്കിൽ ബാക്കിയുള്ള പത്തും പതിനഞ്ചും പേർക്ക് അവയവം ലഭിച്ചേനെ. പലരുടെയും പ്രിയപ്പെട്ടവർ മരിച്ചുപോകാതിരുന്നേനെ. സെൻസിറ്റീവായ, തങ്ങൾക്ക് അറിയാത്ത വിഷയങ്ങൾ പറഞ്ഞ് മോശമാക്കാതിരിക്കുക എന്നതാണ് ഇവർ ശ്രദ്ധിക്കേണ്ടത്. മുപ്പതുകളിലൊക്കെയുള്ള എന്റെ നിരവധി രോഗികൾ അവയവം കിട്ടാതെ മരിച്ചുപോയിട്ടുണ്ട്.

ഡോക്ടർമാർ ആളുകളെ കൊന്ന് അവയവമെടുക്കാൻ ഇരിക്കുന്നവരാണോ? അങ്ങനെയൊക്കെ വിശ്വസിക്കാനും ധാരാളം പേരുണ്ട്. ഒരു ഡോക്ടറും ഒരു രോഗിയെ കൊന്ന് അവയവം എടുത്തെന്ന് ഇതുവരെ കേരളത്തിൽ ആർക്കും സ്ഥാപിക്കാനായിട്ടില്ല. വെറുതെ കുറേ ​ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. രോഗികളെ സഹായിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കേണ്ടത്. മാധ്യമങ്ങളായാലും അവയവമാറ്റം നടത്തിയ രോഗി മരിച്ചാൽ അതേക്കുറിച്ച് എഴുതാനാണ് താൽപര്യം. കൃത്യസമയത്ത് ശസ്ത്രക്രിയ ചെയ്ത് നൂറായിരംപേർ രക്ഷപ്പെടുന്നുണ്ട്. അവരേക്കുറിച്ച് എഴുതാൻ താൽപര്യമില്ല. ഇതൊക്കെ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അവയവമാറ്റം നടത്തിയ എത്രയോ പേർ വളർന്നുവലുതായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവരുണ്ട്.

കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിനിടയിൽ കേരളത്തിലെ അവയവദാനം രാജ്യത്തിലെ മികച്ചതായിരുന്നു. പക്ഷേ,  ഇപ്പോഴത് ചെയ്യുന്നത് തമിഴ്നാടാണ്. കുട്ടികളിലൊക്കെ സൗജന്യമായി അവയവദാനം നടത്തുന്നു, അവയവദാനം നടത്തിയവരിൽ തുടർമരുന്നുകൾ സൗജന്യമായി കൊടുക്കുന്നു തുടങ്ങിയവയൊക്കെ തമിഴ്നാട്ടിൽ ചെയ്യുന്നുണ്ട്.

ഇപ്പോഴും വിദ്യാസമ്പന്നരായവർ പോലും സമാന്തര ചികിത്സകളെ പരസ്യമായിത്തന്നെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. സയന്റിഫിക് ടെംപറമെന്റിന്റെ കാര്യത്തിൽ അത്രയൊന്നും താൽപര്യം പ്രകടിപ്പിക്കാത്തവരാണോ ഭൂരിഭാഗം പേരും.

പുരോഗമനം ഉണ്ട്, കേരളത്തിലെയും തമിഴ്നാട്ടിലെയുമൊക്കെ ആരോഗ്യരംഗം എന്നത് രാജ്യത്തുതന്നെ മികച്ചതാണ്. പക്ഷേ, ഇതിൽ പല ഭാഗികങ്ങളുണ്ട്. ആരോഗ്യമന്ത്രാലയം തന്നെ ഈ വിഷയത്തിൽ ഇടക്കിടെ ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് പ്രധാനമാണ്. ഡെങ്കിപ്പനിയുടെ സീസൺ സമയത്ത് കൊച്ചിയിലൊക്കെ ഏറ്റവുമധികം വിറ്റുപോകുന്നത് പപ്പായയും കിവിപ്പഴവുമൊക്കെയാണ്. പപ്പായയുടെ ഇലപിഴിഞ്ഞ് കഴിക്കുന്നതും കിവിപ്പഴം കഴിക്കുന്നതുമൊക്കെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടുമെന്ന പ്രചാരണം മൂലമാണിത്. ഇത് തടയാൻ ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകേണ്ടതാണ്. അതായത് ഡെങ്കിപ്പനി ഉണ്ടാകുമ്പോൾ കൃത്യമായ ടെസ്റ്റ് നടത്തി ശാസ്ത്രീയമായ ചികിത്സ തേടുക എന്നതാണത്. അത്തരം പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ലളിതമായ വിവരങ്ങൾ പോലും ലഭ്യമാക്കുന്നില്ല എന്നതാണ് പ്രശ്നം. പല കാരണങ്ങൾ കൊണ്ട് പ്ലേറ്റ്ലെറ്റ് കുറയാം. കാൻസർ ഉണ്ടാകുമ്പോഴും കരൾരോഗമുണ്ടാകുമ്പോഴുമൊക്കെ പ്ലേറ്റ്ലെറ്റ് കുറയാം. അതും തിരിച്ചറിയപ്പെടാതെ പോവുകയാണ് ചെയ്യുക. അശാസ്ത്രീയ ചികിത്സകളെ തടയിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വളരെ കുറവാണെന്ന് തന്നെ പറയേണ്ടിവരും. അടുത്തിടെ പതഞ്ജലിയുടെ പല ഉത്പന്നങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മോഡേൺ മെഡ‍ിസിൻ കഴിക്കരുതെന്ന് പറഞ്ഞാണ് ഈ പരസ്യങ്ങൾ നൽകിയിരുന്നത്.

അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും നെതർലൻഡ്​സിലുമൊക്കെ റെഗുലേറ്ററി ഏജൻസികളുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ വരുന്ന വിഷയങ്ങളെ അവർ തന്നെ നേരിട്ട തടയിടും. അമേരിക്കയിൽ ഷ്രൂംസ് എന്ന ചോക്ലേറ്റ് ഇറങ്ങിയിരുന്നു. ഷ്രൂംസ് കഴിച്ച വ്യക്തികളിൽ അപസ്മാര രോഗമുണ്ടായതായി റിപ്പോർട്ടുകൾ കൂടിവന്നു. ഉടൻതന്നെ വിഷയം പരിശോധിക്കുകയും ഷ്രൂംസിലുള്ള ഒരുതരം ഫംഗസാണ് രോഗബാധയുണ്ടാക്കുന്നതെന്നും കണ്ടെത്തി. ഒട്ടും വൈകാതെ റെഗുലേറ്ററി ബോർഡ് ഷ്രൂംസിന്റെ ഉത്പാദനം നിർത്തിച്ചു. പക്ഷേ, പതഞ്ജലിയുടെ ഉത്പന്നങ്ങൾ വ്യാജമാണെന്ന് സുപ്രീംകോടതി വരെ പറഞ്ഞിട്ടും ഇപ്പോഴും ഇവിടുത്തെ കടകളിൽ പതഞ്ജലിയുടെ ഉത്പന്നങ്ങൾ ലഭിക്കും. സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന തോന്നൽ വന്നാൽ മാത്രമേ ഇവിടെ ഇടപെടുകയുള്ളൂ. നമ്മുടെ രാജ്യത്ത് പൊതുജനാരോഗ്യം എന്നത് ഒരു തമാശയാണ്. അതിൽ കുറച്ചെങ്കിലും മാറ്റം വന്നിട്ടുള്ളത് കേരളത്തിലാണ്. ഇവിടെ പുതിയ പബ്ലിക് ഹെൽത്ത് ആക്റ്റ് വന്നല്ലോ, അതിൽ ഒരുപാട് ശാസ്ത്രീയമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും അശാസ്ത്രീയമായ പല കാര്യങ്ങളിലും സമൂഹത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ചായ്​വുണ്ട്.

തുടരും...